ഏപ്രില്‍ 26 വെള്ളിയാഴ്ച കേരളത്തില്‍ നടത്താനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മാറ്റണം എന്നാവശ്യപ്പെട്ട് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന് ചീഫ് ഇലക്ഷന് കമ്മീഷണര്‍ക്ക് കത്തുനല്‍കി. റംസാന്, ഈസ്റ്റര്‍ ദിവസങ്ങളില്‍ വോട്ടെടുപ്പ് നടത്താതിരുന്നത് വളരെ നന്നായി. കേരളം പോലൊരു സംസ്ഥാനത്ത് വെള്ളിയാഴ്ചയോ ഞായറാഴ്ചയോ വോട്ടെടുപ്പ് നടത്തുന്നത് ആളുകള്‍ക്ക് വളരെ അസൗകര്യം ഉണ്ടാക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, ബൂത്ത് ഏജന്റുമാര്‍ തുടങ്ങിയവര്‍ക്കും വോട്ടര്‍മാര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട് കേരളത്തിലെ വോട്ടെടുപ്പിന്റെ തീയതി മാറ്റണമെന്ന് ഹസന് ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇതു സംബന്ധിച്ച് ചീഫ് ഇലക്ഷന് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.
പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാര്‍ എടുത്തിരിക്കുന്ന മുഴുവന്‍ കേസുകളും പിന്‍വലിക്കണം. 835 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 502 കേസുകള്‍ ഇനിയും പിന്‍വലിക്കാനുണ്ട്. ഗൗരവതരമായ കേസുകളൊഴികെ മറ്റെല്ലാ കേസുകളും പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കോലം കത്തിച്ച കേസുകളാണ് ഇനിയും പിന്‍വലിക്കാനുള്ളത്. ഇത് അതീവ ഗുരുതരമായ കേസാണെന്ന് പിണറായി വിജയനു മാത്രമേ കരുതാന്‍ കഴിയൂ. മോദിയെ സുഖിപ്പിക്കാനാണ് ഈ കേസുകള്‍ പിന്‍വലിക്കാത്തതെന്നും ഹസന് പറഞ്ഞു.
വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും പിന്‍വലിക്കണം. ആര്‍ച്ച് ബിഷപ്പ് തോമസ് നെറ്റോയുടെ പേരിലുള്ള കേസുള്‍പ്പെടെ ഇനിയും 42 കേസുകള്‍ പിന്‍വലിക്കാനുണ്ട്. ബിഷപ്പിനെതിരേ ഗുരുതരമായ കേസെടുക്കുന്നതൊക്കെ കേരളത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത കാര്യമാണ്. ഇതില്‍ കോണ്‍ഗ്രസിന് ശക്തമായ പ്രതിഷേധമുണ്ടെന്നും ഹസന് പറഞ്ഞു.
സിപി ജോണിന് ചുമതല
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ യുഡിഎഫ് സെക്രട്ടറി സിപി ജോണിനെ ചുമതലപ്പെടുത്തിയതായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് അറിയിച്ചു.