അമ്മയെ കാണാന്‍ മകള്‍ക്കും മകളെ കാണാന്‍ അമ്മയ്ക്കും അവകാശമുണ്ടെന്ന് വനിതാകമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.
തന്നെ കാണാന്‍ മകള്‍ തയാറാവുന്നില്ലെന്ന് ആരോപിച്ചാണ് അമ്മ കമ്മിഷന് മുന്‍പാകെ പരാതി നല്‍കിയത്.
മകളുടെ ഭര്‍ത്താവിന്റെ വീട്ടുകാരുടെ ഭീഷണിയെ തുടര്‍ന്നാണ് തന്നെ കാണാന്‍ തയാറാവാത്തതെന്നും നിരവധി തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ലെന്നും അമ്മ പരാതിപ്പെട്ടു. മകളെ കൂടി കേള്‍ക്കുന്നതിനായി അടുത്ത അദാലത്തിലേക്ക് കേസ് മാറ്റി. മകളുടെ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും മാത്രമാണ് ഹാജരായിരുന്നത്.
ജില്ലാതല അദാലത്തില്‍ ആറു പരാതികള്‍ തീര്‍പ്പാക്കി. എട്ടു പരാതികളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. അടുത്ത അദാലത്തിലേക്ക് 26 പരാതികള്‍ മാറ്റി. ആകെ 40 പരാതികളാണ് പരിഗണിച്ചത്. ഗാര്‍ഹിക പീഡന പരാതി, സ്ത്രീധനം സംബന്ധിച്ച പരാതി തുടങ്ങിയവയാണ് പരിഗണനയ്ക്ക് എത്തിയവയില്‍ പ്രധാനപ്പെട്ടവ. അഭിഭാഷകരായ സുകൃത രജീഷ്, ഷീന തിരുവാലി തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.