ചികിത്സ പിഴവ് : മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി ന്യൂനപക്ഷ കമ്മീഷന്‍

Spread the love

ആലപ്പുഴ : മെഡിക്കല്‍ കോളജില്‍ ചികിത്സ പിഴവ് സംഭവിച്ചു എന്ന പരാതിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മീഷന്‍. തിരുവമ്പാടി സ്വദേശയാണ് പരാതി നല്‍കിയത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് പരാതികള്‍ പരിഗണിച്ചു.

പോലീസ് പീഡനം ആരോപിച്ച് കലവൂര്‍ സ്വദേശി സമര്‍പ്പിച്ച പരാതിയില്‍ പോലീസ് അധികാരികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചതിന്റെയും ഹര്‍ജിക്കാരന്‍ തുടര്‍ച്ചയായി സിറ്റിംഗുകളില്‍ ഹാജരാകാത്തത്തിന്റെയും അടിസ്ഥാനത്തില്‍ ഹര്‍ജി നടപടികള്‍ അവസാനിപ്പിച്ചു. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ചെലവായ പണം ഭര്‍ത്യവീട്ടില്‍ നിന്ന് തിരികെ ലഭിക്കാന്‍ കളപ്പുര സ്വദേശി നല്‍കിയ പരാതി കുടുംബ കോടതിയെ സമീപിക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

കടല്‍ക്ഷോഭത്തില്‍ മത്സ്യബന്ധന യാനങ്ങളും അനുബന്ധ ഉപകരണങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായതില്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നും നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന കലവൂര്‍ സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ ആവശ്യം കമ്മീഷന്‍ ഇടപെടലില്‍ പരിഹരമായി.

താമസിക്കുന്ന ഭൂമിക്ക് കൈവശാവകാശ രേഖകള്‍ക്കായി ആറാട്ടുവഴി സ്വദേശി നല്‍കിയ പരാതിയില്‍ ജില്ല കളക്ടറോടും തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരോടും കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

10 പരാതികളാണ് കമ്മീഷന്‍ പരിഗണിച്ചത്. ആറ് പരാതികള്‍ തീര്‍പ്പാക്കി. പുതിയതായി നാല് പരാതികള്‍ ലഭിച്ചു. ന്യൂനപക്ഷ കമ്മീഷനെ പ്രതിനിധീകരിച്ച് പി. അനില്‍കുമാര്‍, എസ്. ശിവപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *