ട്വൻറ്റി-20 സാരഥി സാബു എം. ജേക്കബിന് 23 ശനിയാഴ്ച അമേരിക്കൻ മലയാളികൾ ന്യൂയോർക്കിൽ വമ്പിച്ച സ്വീകരണം നൽകുന്നു : മാത്യുക്കുട്ടി ഈശോ

Spread the love

ന്യൂയോർക്ക്: പാർലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഈ അവസരത്തിൽ കേരളത്തിൽ തരംഗമായി മാറിയ ട്വൻറ്റി-20 പാർട്ടിയുടെ സാരഥി സാബു എം. ജേക്കബ് ലോകവ്യാപകമായി മലയാളികളുടെ പ്രതീക്ഷയായും കണ്ണിലുണ്ണിയായും മാറുന്ന ദിനങ്ങളാണ് നമുക്ക് മുന്നിൽ കാണുന്നത്. അതേസമയം മുഖ്യധാരാ രാഷ്ട്രീയ നേതാക്കളുടെ കണ്ണിൽ കരടായും പേടിസ്വപ്നമായും മാറിയിരിക്കുകയാണ് ഇപ്പോൾ സാബു എം. ജേക്കബ്. അമേരിക്കൻ മാർക്കറ്റിൽ ലഭ്യമായ ചെറിയ കുട്ടികളുടെ ബ്രാൻഡഡ് വസ്ത്രങ്ങളായ കാർട്ടെർസ് (Carter’s), ഗെർബെർ (Gerber), മദർ കെയർ (Mothercare), ജോക്കി (Jockey), കോൾസ് (Kohl’s), ടോയ്‌സ്-ആർ (Toys-R) തുടങ്ങിയ ലോകോത്തര നിലവാരമുള്ള വസ്ത്രങ്ങളുടെ നിർമ്മാതാവാണ് കിറ്റക്സ് സാബു എന്നറിയപ്പെടുന്ന സാബു എം. ജേക്കബ്. എന്നാൽ വസ്ത്രനിർമ്മാതാവ് എന്നതിലുപരി കേരള സംസ്ഥാനത്തിന്റെ രക്ഷകനായി മാറുവാൻ പ്രാപ്തിയുള്ള ജനനായകനായും ട്വൻറ്റി-20 പാർട്ടിയുടെ സാരഥിയായുമാണ് സാബു ഇപ്പോൾ മലയാളികളുടെ ഇടയിൽ കൂടുതൽ അറിയപ്പെടുന്നത്.

ചുരുങ്ങിയ കാലം കൊണ്ട് എറണാകുളം ജില്ലയിലെ കിഴക്കമ്പലം എന്ന പഞ്ചായത്ത് സ്വർഗ്ഗതുല്യമായ ഒരു പഞ്ചായത്താക്കി മാറ്റുവാൻ സാധിച്ച ട്വന്റി-20 എന്ന പ്രസ്ഥാനത്തിന് അതുപോലുള്ള മഹത്തായ കാര്യങ്ങൾ കേരളം മുഴുവൻ നാടപ്പിലാക്കാമെന്നും കേരളത്തിന് “ദൈവത്തിൻറെ സ്വന്തം നാട്” എന്ന പേര് അന്വർഥമാക്കുവാനും സാധിക്കും എന്ന് പ്രവർത്തനത്തിലൂടെ തെളിയിച്ചു കാണിച്ച പാർട്ടിയുടെ നായകനാണ് സാബു. അമേരിക്കൻ മലയാളികൾക്കും തങ്ങളുടെ സ്വന്തം മാതൃ സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ പോക്കും അവസ്ഥയും മനോവിഷമം ഉണ്ടാക്കുന്നവയാണ്. നമ്മുടെ സ്വന്തം നാടിനെ എങ്ങനെ കരകയറ്റാമെന്നും നന്നാക്കിയെടുക്കാമെന്നും പ്രവാസി മലയാളികൾ ആശങ്കപ്പെടാറുണ്ട്. അതിന് അത്താണിയായി തീരാവുന്ന ഒരു പ്രസ്ഥാനമാണ് ട്വന്റി-20 എന്ന് ഭൂരിപക്ഷം പേരും ചിന്തിക്കുന്നു.

ഈ അവസരത്തിലാണ് ന്യൂയോർക്ക് ലോങ്ങ് ഐലൻഡിലുള്ള അമേരിക്കൻ മലയാളികൾ സാബു എം. ജേക്കബിന് മാർച്ച് 23 ശനിയാഴ്ച വൈകിട്ട് 5:30-ന് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ (Kerala Center, 1824 Fairfax Street, Elmont, NY 11003) സ്വീകരണം നൽകുന്നത്. പ്രസ്തുത സ്വീകരണ യോഗത്തിലേക്ക് കേരളത്തെ സ്നേഹിക്കുന്ന നല്ലവരായ എല്ലാ മലയാളികളും എത്തിച്ചേരണമെന്ന് സംഘാടകർ അറിയിക്കുന്നു. സ്വീകരണ യോഗം സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ അറിയിക്കുന്നതാണ്.

 

Author

Leave a Reply

Your email address will not be published. Required fields are marked *