പ്രതിപക്ഷ നേതാവ് കണ്ണൂര്‍ ഡി.സി.സിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അറസ്റ്റു ചെയ്യുന്ന കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലെത്തുമ്പോള്‍ നിശബ്ദമാകുന്നു; കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ബി.ജെ.പി കേരളത്തില്‍ പിണറായിയെ പിന്തുണയ്ക്കുന്നു; എസ്. രാജേന്ദ്രന്‍ പ്രകാശ് ജാവദേദ്ക്കറുടെ വീട്ടില്‍ പോയപ്പോള്‍ എന്‍.കെ പ്രേമചന്ദ്രനെ സംഘിയാക്കാന്‍ പരിശ്രമിച്ച സി.പി.എം നേതാക്കളുടെ നാവ് ഉപ്പിലിട്ട് വച്ചിരിക്കുകയാണോ? എന്‍.ഡി.എ അംഗമായ ജെ.ഡി.എസിനെ എല്‍.ഡി.എഫില്‍ നിന്നും പുറത്താക്കാന്‍ പിണറായി വിജയന് ധൈര്യമുണ്ടോ? കുഴല്‍പ്പണ കേസില്‍ സുരേന്ദ്രനെ രക്ഷിച്ചത് പിണറായി വിജയന്‍.
————————————————————————————————————————————————————————————————————————————–
കണ്ണൂര്‍ : നാനൂറ് സീറ്റുകളിലും വിജയിക്കുമെന്ന് പ്രഖ്യാപിച്ച മോദിയും ബി.ജെ.പിയും എത്രത്തോളം വെപ്രാളത്തിലാണെന്ന് വ്യക്തമാക്കുന്നതാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിന്റെ അറസ്റ്റ്. വെപ്രാളവും അനിശ്ചിതത്വവുമാണ് ഇന്ത്യ മുന്നണിയുടെ മുന്നേറ്റം സംഘപരിവാര്‍ ക്യാമ്പില്‍ ഉണ്ടാക്കിയിരിക്കുന്നത്. എങ്ങനെയും ഇന്ത്യ മുന്നണിയെ തകര്‍ക്കണമെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തത്. പ്രവര്‍ത്തിക്കാന്‍ കഴിയാത്ത തരത്തില്‍ കോണ്‍ഗ്രസിന്റെ ഫണ്ട് മരവിപ്പിച്ച് കയ്യും
കാലും കെട്ടിയിടാന്‍ ശ്രമിക്കുകയാണ്. മറുവശത്ത് കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് ബോണ്ട് വഴി കോടികളാണ് അഴിമതിയിലൂടെ ബി.ജെ.പി പിരിച്ചെടുത്തത്. ജനാധിപത്യ രാജ്യത്ത് ഏകാധിപത്യ ഫാഷിസ്റ്റ് ഭരണകൂടം അവസാനഘട്ടത്തില്‍ എന്നതു പോലെ അഴിഞ്ഞാടുകയാണ്. അരവിന്ദ് കെജരിവാളിനെ ജയിലിലാക്കാനുള്ള ശ്രമത്തിനെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് യു.ഡി.എഫിന്റെ പ്രതിഷേധ സംഗമം 27 ന് കോഴിക്കോട് നടക്കും.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അറസ്റ്റു ചെയ്യുന്ന കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ വരുമ്പോള്‍ നിശബ്ദമാകുന്നു. സ്വര്‍ണക്കള്ളക്കടത്തും ലൈഫ് മിഷനും കരുവന്നൂരും മാസപ്പടിയുമൊക്കെ എവിടെ പോയി? കേരളത്തിലെ സി.പി.എം നേതൃത്വവും പിണറായി വിജയനും സംഘപരിവാര്‍ നേതൃത്വവും തമ്മിലുള്ള അവിഹിത ബാന്ധവത്തിന്റെ ഫലമായാണ് ഈ മൃദുസമീപനം കാട്ടുന്നത്. കോണ്‍ഗ്രസ്മുക്ത ഭാരതത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ബി.ജെ.പി കേരളത്തില്‍ പിണറായി വിജയനെ പിന്തുണയ്ക്കുകയാണ്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ബി.ജെ.പി കേന്ദ്ര മന്ത്രിയും തമ്മിലുള്ള ബിസിനസ് പാര്‍ട്ണര്‍ഷിപ്പ്
ചോദ്യം ചെയ്യാത്തതിന് കാരണവും ഇതുതന്നെയാണ്. ബി.ജെ.പിയെ ഭയന്നും പേടിച്ചുമാണ് കേരളത്തിലെ ഭരണകൂടം നിലകൊള്ളുന്നത്. സി.പി.എം മുന്‍ എം.എല്‍.എ ഡല്‍ഹിയില്‍ ബി.ജെ.പി നേതാവിനെ സന്ദര്‍ശിച്ച്, വാര്‍ത്ത കൊടുത്തിട്ടും സൗഹൃദ സന്ദര്‍ശനമെന്ന് വിശദീകരിക്കുന്ന അവസ്ഥയില്‍ സി.പി.എം എത്തിയിരിക്കുകയാണ്. സീതാറാം യെച്ചൂരിയെയോ പ്രകാശ് കാരാട്ടിനെയോ ബൃന്ദാ കാരാട്ടിനെയോ കാണാനല്ല രാജേന്ദ്രന്‍ ഡല്‍ഹിയില്‍ പോയത്. എ.കെ.ജി ഭവനിലേക്കും പോകാതെ കേരളത്തിലെ ബി.ജെ.പി ചുമതലയുള്ള പ്രകാശ് ജാവദേദ്ക്കറുടെ വീട്ടിലേക്കാണ് രാജേന്ദ്രന്‍ പോയത്. അതിലൊന്നും സി.പി.എമ്മിന് ഒരു കുഴപ്പവുമില്ല. പാര്‍ലമെന്റിലെ ക്യാന്റീനില്‍ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് കാപ്പി കുടിക്കാന്‍ പോയ എന്‍.കെ പ്രേമചന്ദ്രനെ സംഘിയാക്കാന്‍ പരിശ്രമിച്ച സി.പി.എം നേതാക്കള്‍ അവരുടെ നാവ് ഇപ്പോള്‍ ഉപ്പിലിട്ട് വച്ചിരിക്കുകയാണോ? രാജേന്ദ്രന്‍ പ്രകാശ് ജാവദേദ്ക്കറുടെ വീട്ടില്‍ പോയിട്ടും കേരളത്തിലെ
സി.പി.എം നേതാക്കള്‍ക്ക് ഒരു അനക്കവുമില്ല. കര്‍ണാടകത്തില്‍ ദേവഗൗഡയുടെ ജനതാദള്‍ എസ് ബി.ജെ.പിയുടെ എന്‍.ഡി.എയില്‍ അംഗമായിട്ടും കേരളത്തില്‍ അവര്‍ എല്‍.ഡി.എഫിലാണ്. എന്‍.ഡി.എയില്‍ അംഗമായ ജനതാദള്‍ എസ്സിനെ എല്‍.ഡി.എഫില്‍ നിന്ന് പുറത്താക്കാനും മന്ത്രി കൃഷ്ണന്‍കുട്ടിയോട് രാജി ആവശ്യപ്പെടാനുമുള്ള ധൈര്യം മുഖ്യമന്ത്രി പിണറായി വിജയനുണ്ടോയെന്ന് വെല്ലുവിളിക്കുന്നു. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് എന്‍.ഡി.എ ഘടകകക്ഷിയെ കേരളത്തിലെ എല്‍.ഡി.എഫില്‍ നിലനിര്‍ത്തുന്നത്. അയല്‍ സംസ്ഥാനത്ത് ബി.ജെ.പിക്കൊപ്പം മത്സരിക്കുന്ന പാര്‍ട്ടിയെ എല്‍.ഡി.എഫില്‍ നിലനിര്‍ത്തുന്നവരാണ് ഇവിടെ വര്‍ഗീയതയ്‌ക്കെതിരെ പ്രസംഗിക്കുന്നത്. ബി.ജെ.പിയെ സി.പി.എം എത്രത്തോളം ഭയപ്പെടുന്നു എന്നതിന്റെ ഉദാഹരങ്ങളാണിത്.
ലൈഫ് മിഷന്‍ കോഴയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ പോയിട്ടും മിഷന്‍ ചെയര്‍മാനായ പിണറായി വിജയനെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ലെന്നു മാത്രമല്ല മൊഴിയെടുക്കാന്‍ പോലും വിളിപ്പിച്ചില്ല. നിയമവിരുദ്ധമായി പണം കൈമാറിയെന്ന് രണ്ട് സ്റ്റ്യാറ്റിയൂട്ടറി അതോറിട്ടികള്‍ കണ്ടെത്തിയിട്ടും മാസപ്പടിയില്‍ മുഖ്യമന്ത്രിയുടെ മകളുടെ മൊഴിയെടുക്കാന്‍ പോലും എസ്.എഫ്.ഐ.ഒ തയാറാകാത്തത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിക്കെതിരെയും ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലുണ്ട്. പ്രതിപക്ഷം ചോദിച്ച ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. കരുവന്നൂര്‍ ഇ.ഡി കേസുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളെ ചോദ്യം ചെയ്‌തെങ്കിലും ആരെയും അറസ്റ്റ് ചെയ്തില്ല. സി.പി.എം നേതാക്കളെ സമ്മര്‍ദ്ദത്തിലാക്കിയാണ് തൃശൂരില്‍ അവരെ പ്രവര്‍ത്തനരഹിതമാക്കാന്‍ ശ്രമിക്കുന്നത്. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഇ.ഡി മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തുകയായിരുന്നു. എന്നാല്‍ കൊടകര കുഴല്‍പ്പണ കേസില്‍ ഇതുണ്ടായില്ലല്ലോ? കുഴല്‍പ്പണ കേസ് ഇ.ഡിയും അന്വേഷിക്കുന്നില്ല ഇന്‍കം ടാക്‌സും അന്വേഷിക്കുന്നില്ല. ബി.ജെ.പി നേതാക്കള്‍ക്കെതിരെ തെളിവുണ്ടായിട്ടും ഏതെങ്കിലും നേതാവിനെതിരെ കേരള പൊലീസ് കേസെടുത്തോ.
പിണറായി വിജയന്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കുഴല്‍പ്പണ കേസില്‍ സുരേന്ദ്രന്‍ അകത്ത് കിടന്നേനെ. സുരേന്ദ്രനെ രക്ഷിച്ചത് പിണറായി വിജയനാണ്. ഇവര്‍ പരസ്പരം പുറം ചൊറിഞ്ഞുകൊടുക്കുകയാണ്. പിണറായി വിജയനുമായുള്ള ഏര്‍പ്പാടിനെ കുറിച്ച് സുരേന്ദ്രന്‍ പറഞ്ഞാല്‍ മതി. അല്ലാതെ വി.ഡി സതീശനോട് ചോദിക്കേണ്ട. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കില്ലെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. അപ്പോള്‍ അവിടെ എല്‍.ഡി.എഫ് ജയിക്കുമെന്നാണോ പറയുന്നത്.
സുരേന്ദ്രന്റെ പാര്‍ട്ടി ആര്‍ക്കാണ് വോട്ട് ചെയ്യുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ മിടുമിടുക്കരാണെന്ന് പറഞ്ഞത് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനാണ്. എന്തൊരു ബന്ധമാണ് ഇവര്‍ തമ്മില്‍. ബിസിനസ് പാര്‍ട്ണര്‍ഷിപ്പുണ്ടെന്ന ആരോപണം ഒടുവില്‍ ജയരാജന്‍ സമ്മതിച്ചു. ഷെയര്‍ ഉണ്ടെങ്കില്‍ സതീശന് തരാമെന്നാണ് പറഞ്ഞത്. ഇപ്പോള്‍ ഭാര്യയ്ക്ക് ഷെയര്‍ ഉണ്ടെന്ന സമ്മതിച്ച ജയരാജന്‍ അത് എനിക്ക് തരണ്ടേ? തന്നാല്‍ നാട്ടിലെ പാവങ്ങള്‍ക്ക് കൊടുക്കും. എം.വി ഗോവിന്ദന്റെ ജാഥയില്‍ പങ്കെടുക്കാതെ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയുടെ സപ്തതിക്ക് പോയ ആളാണ് ഇ.പി ജയരാജന്‍. അങ്ങനെയുള്ള ജയരാജനാണ് ദല്ലാള്‍ നന്ദകുമാര്‍ ആരാണെന്നും അയാളെ അറിയില്ലെന്നും ഇന്നലെ പറഞ്ഞത്. ഇ.ഡി ചോദ്യം ചെയ്ത സി.പി.എം നേതാക്കളെ ആശ്വസിപ്പിക്കാനോ ഇനി എന്ത് ചെയ്യണമെന്ന് ഉപദേശിക്കാനോ ആകും മുഖ്യമന്ത്രി അവരെ സന്ദര്‍ശിച്ചത്. പിണറായിയെ ആരും ആറസ്റ്റ് ചെയ്യില്ല. 38 തവണ ലാവലിന്‍ കേസ് മാറ്റിവച്ചു. പിന്നെയാണ് പിണറായി അറസ്റ്റു ചെയ്യുന്നത്. ഒരു കേന്ദ്ര ഏജന്‍സിയും കേരളത്തിലെ സി.പി.എം നേതാക്കളെ തൊടില്ല. എന്തിന് വേണ്ടിയാണ് 12 സ്ഥാപനങ്ങള്‍ എക്‌സാലോജിക്കിന് പണം നല്‍കിയത്. കേരളീയത്തിനും നവകേരളത്തിനും പിരിവ് നടത്തിയത് ഇന്റലിജന്‍സ് കമ്മീഷണറാണ്. എന്നിട്ടും കള്ളപ്പിരിവിന് ഒരു കണക്കുമില്ല.
വര്‍ഗീയതയ്ക്കും ഫാഷിസത്തിനും എതിരെ എക്കാലവും നിലപാടെടുത്ത നേതാവാണ് കെ. സുധാകരന്‍. ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ പിണറായി വിജയന്‍ ആര്‍.എസ്.എസുകാരുമായി മാസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ച നടത്തിയത് എന്തിനായിരുന്നു? ഇതേക്കുറിച്ച് നിയമസഭയില്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല. അങ്ങനെയുള്ള ആള്‍ ഞങ്ങളെ പഠിപ്പിക്കാന്‍ വരേണ്ട. പിണറായി വിജയന്‍ ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതു പോലെ കേരളത്തില്‍ ഒരു നേതാവും ചര്‍ച്ച നടത്തിയിട്ടുണ്ടാകില്ല. പത്തോ പതിനഞ്ച് സീറ്റില്‍ മത്സരിക്കുന്ന സി.പി.എമ്മാണോ മോദിയെ താഴെയിറക്കാന്‍ നടക്കുന്നത്.
പുതിയ സ്ഥാനാര്‍ത്ഥികള്‍ വരുന്നതിന് മുന്‍പുള്ളതാണ് മാതൃഭൂമിയുടെ സര്‍വെ. കഴിഞ്ഞ തവണയും അവര്‍ തോല്‍ക്കുമെന്ന് പറഞ്ഞ സീറ്റുകളിലൊക്കെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഇത്തവണ ഇരുപതില്‍ ഇരുപത് സീറ്റിലും യു.ഡി.എഫ് വിജയിക്കും.
സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന പുതിയ ഉത്തരവോട് കൂടി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ട്രഷറിയില്‍ ഒരു ബില്ലും സമര്‍പ്പിക്കാനാകത്ത അവസ്ഥയാണ്. നാളെ മുതല്‍ ബില്ലുകള്‍ ക്യൂവിലാകും. ഇന്ന് സോഫ്ട് വെയര്‍ കേടാണ്. സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ്. ഒഗസ്റ്റില്‍ കൊടുക്കേണ്ട രണ്ടാം ഗഡുവിന്റെ കുറച്ച് തുക നല്‍കിയത് ഡിസംബറിലാണ്. ആ തുക ട്രഷറിയില്‍ നിന്നും പാസായി കിട്ടിയില്ല. എന്നിട്ടാണ് ഡിസംബറില്‍ കൊടുക്കേണ്ട മൂന്നാം ഗഡു ഇപ്പോഴും നല്‍കാതിരിക്കുന്നത്. ഇനി കിട്ടിയാലും ബില്‍ പാസാകില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മാര്‍ച്ച് 31 പുലരുന്നത് വരെ ബില്ലുകള്‍ സ്വീകരിക്കുമായിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഇല്ലാത്തവിധം തദ്ദേശ സ്ഥാപനങ്ങളെ ഈ സര്‍ക്കാര്‍ തകര്‍ത്തു. മൂന്നിലൊന്നു പണം മാത്രമാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കി.