പൗരത്വ നിയമത്തെ മുഖ്യമന്ത്രി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് ഇന്ദിരാ ഭവനില്‍ മാധ്യമങ്ങളോട് പറഞ്ഞത് (26/03/2024).

പൗരത്വ നിയമത്തെ മുഖ്യമന്ത്രി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു; സി.എ.എ കേസുകള്‍ പിന്‍വലിക്കാതെ ബി.ജെ.പിയെ സന്തോഷിപ്പിക്കുന്ന പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് യു.ഡി.എഫിന് ആവശ്യമില്ല; അഴിമതിയിലൂടെയും കെടുകാര്യസ്ഥതയിലൂടെയും കേരളത്തെ മുച്ചൂടും മുടിച്ചതിനാണ് പിണറായി മറുപടി പറയേണ്ടത്; മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പണം നല്‍കിയ സ്ഥാപനങ്ങള്‍ക്ക് എന്ത് ആനുകൂല്യമാണ് സര്‍ക്കാര്‍ നല്‍കിയത്?

————————————————————————————————————————————————————————————————————————

തിരുവനന്തപുരം :  പൗരത്വ നിയമ പ്രശ്‌നം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരുപയോഗം ചെയ്യുകയാണ്. പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് കോണ്‍ഗ്രസിനും യു.ഡി.എഫിനും ആവശ്യമില്ല. മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് നട്ടാല്‍ കുരുക്കാത്ത നുണയാണ് പിണറായി പ്രസംഗിക്കുന്നത്. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പൗരത്വ നിയമത്തിന് എതിരെ വോട്ട് ചെയ്തില്ലെന്നാണ് പിണറായി ആദ്യം പറഞ്ഞത്. രാഹുല്‍ ഗാന്ധി പൗരത്വ

നിയമത്തിന് എതിരെ വോട്ട് ചെയ്തതിന്റെ രേഖകള്‍ ഞങ്ങള്‍ സമര്‍പ്പിച്ചു. കോണ്‍ഗ്രസ് എം.പിമാര്‍ സംസാരിച്ചില്ലെന്നും പറഞ്ഞു. ഇതിന് മറുപടിയായി യു.ഡി.എഫ് എം.പിമാരുടെ പ്രസംഗം മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്തു. പൗരത്വ നിയമത്തിന് എതിരെ ശശി തരൂരും എന്‍.കെ പ്രേമചന്ദ്രനും ഇ.ടി മുഹമ്മദ് ബഷീറും നടത്തിയ പ്രസംഗങ്ങള്‍ ഇപ്പോഴും ലഭ്യമാണ്. എന്നിട്ടാണ് മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് നുണ പറയുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ കിട്ടുന്നതിന് വേണ്ടി പൗരത്വ നിയമ പ്രശ്‌നത്തെ പിണറായി ദുരുപയോഗം ചെയ്യുകയാണ്. പിണറായി വിജയന് ഒരു ആത്മാര്‍ത്ഥതയുമില്ല. 2019 ല്‍ 835 കേസെടുത്തിട്ട് 65 കേസ് മാത്രം പിന്‍വലിച്ച് മറ്റു കേസുകള്‍ പിന്‍വലിക്കാതെ ബി.ജെ.പിയെ സന്തോഷിപ്പിച്ച ആളാണ് പിണറായി വിജയന്‍.

തിരഞ്ഞെടുപ്പിലെ അജണ്ട പൗരത്വ നിയമ പ്രശ്‌നം മാത്രമാകണമെന്നാണ് പിണറായി വിജയന്‍ ആഗ്രഹിക്കുന്നത്. സി.പി.എം നടത്തിയതിനേക്കാള്‍ കൂടുതല്‍ പ്രക്ഷോഭങ്ങള്‍ കോണ്‍ഗ്രസ് നടത്തിയിട്ടുണ്ട്. എല്ലായിടത്തും നൈറ്റ് മാര്‍ച്ചുകള്‍ നടത്തുകയും രാജ് ഭവന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. ഇതൊന്നും പിണറായി വിജയനെ ബോധിപ്പേക്കണ്ട കാര്യമില്ല. വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ടി ബി.ജെ.പി കൊണ്ടു വന്ന ചട്ടം രാഷ്ട്രീയ ലാഭത്തിന് വേണ്ടി പിണറായി ഉപയോഗിക്കുകയാണ്. വോട്ട് കിട്ടുകയെന്നതാണ് ബി.ജെ.പിയുടെയും പിണറായിയുടെയും ലക്ഷ്യം. പൗരത്വ നിയമത്തെ വോട്ട് കിട്ടുന്നതിന്

വേണ്ടിയുള്ള ആയുധമാക്കി കോണ്‍ഗ്രസ് മാറ്റില്ല. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ എന്താണ് പ്രസംഗിക്കുന്നതെന്ന് നോക്കാന്‍ സി.പി.എം ആരെയെങ്കിലും ഏര്‍പ്പെടുത്തിയിരുന്നോ? മുഖ്യമന്ത്രി ദേശാഭിമാനി മാത്രം വായിക്കുന്നതു കൊണ്ടാണ് രാഹുല്‍ ഗാന്ധി പൗരത്വ നിയമത്തെ കുറിച്ച് പ്രസംഗിച്ചത് അറിയാതെ പോയത്.

ബാങ്ക് അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചതോടെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് കടന്നു പോകുന്നത്. ലോകത്ത് ഒരിക്കലും നടക്കാത്ത രീതിയില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ അക്കൗണ്ട് മരവിപ്പിച്ച ഫാഷിസ്റ്റ് ഭരണകൂടമാണ് ഇന്ത്യ ഭരിക്കുന്നത്. ഇതൊക്കെ ജനങ്ങള്‍ക്ക് അറിയാം. അവര്‍ ഞങ്ങളെ വോട്ട് ചെയ്തും സാമ്പത്തികം നല്‍കിയും സഹായിക്കും. ക്രൗഡ് ഫണ്ടിങ് വേണ്ടി വന്നാല്‍ അപ്പോള്‍ ആലോചിക്കും. ഇപ്പോള്‍ തന്നെ ജനങ്ങള്‍ പണം തരാന്‍ തയാറാണ്.

സി.പി.എമ്മും ബി.ജെ.പിയും ഇറക്കുന്നതു പോലെ പണം ഇറക്കാന്‍ കോണ്‍ഗ്രസിനില്ല. കൊടുംവെയിലത്തും ഞങ്ങളുടെ പ്രവര്‍ത്തകര്‍ പ്രചരണം നടത്തുകയാണ്. ജനങ്ങള്‍ക്ക് അത് ബോധ്യമാകും. പ്രചരണങ്ങള്‍ക്കും പണത്തിനും അപ്പുറം ജനാധിപത്യത്തിനാണ് വിലയെന്ന് മതേതര കേരളവും ഭാരതവും സംഘപരിവാര്‍ ശക്തികളെ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബോധ്യപ്പെടുത്തും. ബി.ജെ.പി ജനാധിപത്യത്തെ കുഴിച്ചു മൂടുകയാണ്. ബി.ജെ.പിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാനാണ് ഞങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. അല്ലാതെ മരപ്പട്ടി ചിഹ്നത്തിലും നീരാളി ചിഹ്നത്തിലും മത്സരിക്കാതിരിക്കാനും പാര്‍ട്ടിയുടെ അംഗീകാരം നഷ്ടപ്പെടാതിരിക്കാനുമല്ല.

മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിയോ മരുമകന്‍ മന്ത്രിയോ മറുപടി നല്‍കിയില്ല. ഇതൊഴികെ മറ്റു കാര്യങ്ങളൊക്കെ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്‌സാലോജിക്കിലേക്ക് നിരവധി സ്ഥാപനങ്ങള്‍ പണം നല്‍കിയിട്ടുണ്ട്. എന്ത് ആനുകൂല്യമാണ് ആ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാനത്തെ ഭരണകൂടം ചെയ്തു കൊടുത്തത്? വെറുതെ ആരും പണം ഇടില്ല. നികുതി വെട്ടിപ്പ് ഉള്‍പ്പെടെയുള്ളവയ്ക്ക് സൗജന്യം ചെയ്തു കൊടുത്തതിനാണ് ഈ പണം നിക്ഷേപിച്ചത്. 12 സ്ഥാപനങ്ങളില്‍ നിന്നും എന്തിനാണ് പണം വാങ്ങിയത്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് കൊണ്ട് മകളുടെ കമ്പനിയിലേക്ക് ഇത്രയും വലിയ തുക എങ്ങനെയാണ് വന്നതെന്ന് ചോദിച്ചാല്‍ മറുപടി നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത്

ഇരുന്നു കൊണ്ടാണ് ഈ അഴിമതി നടത്തിയത്. മറുപടി പറഞ്ഞേ മതിയാകൂ. തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ മാറ്റാന്‍ എല്ലാ ദിവസവും രാവിലെ പൗരത്വം പൗരത്വം എന്ന് പറഞ്ഞ് വരേണ്ട. പൗരത്വ നിയമം സംബന്ധിച്ച് കോണ്‍ഗ്രസിനും യു.ഡി.എഫിനും വ്യക്തമായ നിലപാടുണ്ട്. രമേശ് ചെന്നിത്തലയാണ് ഈ കേസില്‍ കേരളത്തില്‍ നിന്നും കക്ഷി ചേര്‍ന്നിരിക്കുന്നത്. ലീഗാണ് പരാതി നല്‍കിയിരിക്കുന്ന പ്രധാന പാര്‍ട്ടി. എന്നിട്ട് ഇപ്പോള്‍ വോട്ട് കിട്ടാന്‍ പിണറായി ഈ വര്‍ത്തമാനം പറയേണ്ട. പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരിക്കാനാണ് മുഖ്യമന്ത്രി വിഷയം മാറ്റാന്‍ ശ്രമിക്കുന്നത്. സംസ്ഥാനത്ത് ദയനീയമായ സ്ഥിതിയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ട്രഷറിയിലേക്ക് മാറ്റണമെന്ന് പറയാന്‍ സര്‍ക്കാരിന് ഒരു അധികാരവുമില്ല. ഇല്ലാത്ത അധികാരമാണ് ഉപയോഗിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മൂന്നിലൊന്ന് തുക മാത്രമാണ് ഈ വര്‍ഷം നല്‍കിയത്. പരിതാപകരമായ സ്ഥിതിയാണ് കേരളത്തില്‍. അഴിമതിയിലൂടെയും കെടുകാര്യസ്ഥതയിലൂടെയും കേരളത്തെ മുച്ചൂടും മുടിച്ചതിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയേണ്ടത്.

കേന്ദ്ര മന്ത്രി ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസംഗം എല്ലാ വീടുകളിലും എത്തിക്കുകയാണ്. പാര്‍ട്ടി ചെലവിലല്ല, പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്‌മെന്റ് 12 കോടി ചെലവഴിച്ച് അച്ചടിച്ച പുസ്തകമാണ് വീടുകളിലെത്തിക്കുന്നത്. എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് സ്‌ക്വാഡിനുള്ള പണം ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നാണ് ചെലവഴിച്ചിരിക്കുന്നത്. 12 കോടി രൂപയുണ്ടായിരുന്നെങ്കില്‍ എത്ര പേര്‍ക്ക് പെന്‍ഷന്‍ കൊടുക്കാമിയിരുന്നു. പത്തനംതിട്ടയില്‍ കുടുംബശ്രീയെയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളെയും ഉപയോഗിച്ച് തൊഴില്‍ ഉണ്ടാക്കിക്കൊടുക്കാമെന്ന വാഗ്ദാനമാണ് തോമസ് ഐസക് നടത്തിയിരിക്കുന്നത്. അതിന് വേണ്ടി വീടുകളില്‍ എത്തിച്ചിരിക്കുന്ന അപേക്ഷാ ഫോമും സര്‍ക്കാര്‍ അച്ചടിച്ചതാണ്. നാട്ടുകാരുടെ പണം എടുത്ത് തിരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ ഈ സര്‍ക്കാരിന് നാണമില്ലേ? ബി.ജെ.പിയും എല്‍.ഡി.എഫും തുടര്‍ച്ചയായി തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുകയാണ്. സ്വന്തം പ്രസംഗം തെരഞ്ഞെടുപ്പ് കാലത്ത് വീടുകളില്‍ എത്തിക്കണമെങ്കില്‍ എ.കെ.ജി സെന്ററിലെ പണം ഉപയോഗിക്കണം. അല്ലാതെ ഖജനാവിലെ പണമല്ല ഉപയോഗിക്കേണ്ടത്. നമ്മുടെ കാശ് കട്ടെടുത്ത് പ്രിന്റ് ചെയ്തതാണെന്ന് ഞങ്ങള്‍ എല്ലാ വീടുകളിലും പോയി പറയും.

വയനാട്ടില്‍ മത്സരിക്കുകയെന്നത് കെ. സുരേന്ദ്രന്റെ വിധിയാണ്. കെ. സുരേന്ദ്രന്‍ എവിടെ മത്സരിച്ചാലും ഒരു കാര്യവുമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. പെര്‍മനെന്റ് വിസയുമായി നടന്നിട്ടും ഒരിടത്തും ജനങ്ങള്‍ അടിപ്പിച്ചിട്ടില്ല. മത്സരിക്കാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ല.

Author

Leave a Reply

Your email address will not be published. Required fields are marked *