പെസഹാ തിരുനാളും, ശുശ്രൂഷാ പൗരോഹിത്യദിനാചരണവും : സെബാസ്റ്റ്യൻ ആൻ്റണി

Spread the love

ന്യൂജേഴ്‌സി : അന്ത്യ അത്താഴത്തിനു മുമ്പ് യേശു ശിഷ്യരായ 12 പേരുടെയും കാലുകള്‍ കഴുകി ചുംബിച്ചു. ‘ഞാന്‍ ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാനിതാ നിങ്ങള്‍ക്ക് മാതൃകയാകുന്നു’ എന്ന് രണ്ടായിരമാണ്ടുകള്‍ക്കപ്പുറം വിനയത്തിന്റെ മാതൃക കാണിച്ചു തന്ന യേശുവിന്റെ സ്മരണ പുതുക്കിയും, വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മ അനുസ്മരിച്ചും, സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഈവര്‍ഷത്തെ പെസഹാ തിരുനാളും, ശുശ്രൂഷാ പൗരോഹിത്യദിനവും ആചരിച്ചു.

മാര്‍ച്ച് 28 -ന് വ്യാഴാഴ്ച വൈകിട്ട് 7.30ന് പെസഹാ തിരുനാളിന്റെ വിശുദ്ധ കര്‍മ്മാദികള്‍ ആരംഭിച്ചു. ആഘോഷമായ ദിവ്യബലിക്ക് വികാരി. വികാരി ഫാ. ആൻ്റണി പുല്ലുകാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ . മെൽവിൻ മംഗലത്തു പോൾ (യൂത്ത് ഡയറക്ടർ, മാർത്തോമ്മാ സ്ലീഹ സീറോ മലബാർ കത്തീഡ്രൽ ചർച് ചിക്കാഗോ), ഫാ. ഫിലിപ്പ് വടക്കേക്കര എന്നിവർ സഹകാര്‍മ്മികനായി.

ദിവ്യബലി മധ്യേ ഫാ. മെൽവിൻ വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനത്തെപ്പറ്റിയും, വിശുദ്ധ കുര്‍ബാനയുടെ പ്രാധാന്യത്തെപ്പറ്റിയും തിരുസഭയുടെ പഠനത്തെ ആസ്പത മാക്കി നടത്തിയ വചനശുശ്രൂഷ പെസഹാ ആഘോഷത്തിന്‍റെ അന്തസത്ത ഉള്‍ക്കൊള്ളുന്നതും ഏറെ വിജ്ഞാനപ്രദവുമായിരുന്നു.

താലത്തില്‍ വെള്ളമെടുത്തു…വെണ്‍കച്ചയുമരയില്‍ ചുറ്റി…’ എന്ന ഗാനം ദേവാലയത്തിലെ ഗായകസംഘം ആലപിച്ചപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട 12 കുട്ടികളുടെ പാദങ്ങള്‍ ബഹു. വികാരി. ഫാ. ആൻ്റണി പുല്ലുകാട്ട് കഴുകി തുടച്ച് ചുംബിച്ചുകൊണ്ട് ഈശോ തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ലോകത്തിന് വിനയത്തിന്‍റെ മാതൃക നല്‍കിയതിന്റെ ഓര്‍മ്മയാചരണം നടത്തി. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയുടെ ആഘോഷമായ പ്രദക്ഷിണവും ദേവാലയത്തില്‍ നടത്തപ്പെട്ടു.

ഇടവകയിലെ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ പെസഹാ തിരുനാളിന്റെ ശുശ്രൂഷകള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.

വിശുദ്ധ കുര്‍ബാനയ്ക്കും കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും ശേഷം ആരാധനയും, കുട്ടികള്‍ക്കായി പരമ്പരാഗത രീതിയിലുള്ള അപ്പുംമുറിക്കല്‍ ശുശ്രൂഷയും പ്രത്യേകം നടത്തപ്പെട്ടു. വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മയെ പുതുക്കി തുടര്‍ച്ചയായി ദിവ്യകാരുണ്യ ആരാധനയും 12 മണി വരെ തുടർന്നു.

ആരാധനക്കായി മനോഹരമായി നിര്‍മിക്കപ്പെട്ട പ്രത്യക ആരാധനാ പീഠത്തിനു ജെയിംസ് പുതുമന നേതൃത്വംനല്‍കി.

ദേവാലയത്തിലെ ഭക്ത സംഘടനയായ മരിയന്‍ മതേര്‍സായിരിന്നു ഇടവകാംഗങ്ങള്‍ക്കായി പരമ്പരാഗത രീതിയിലുള്ള അപ്പുംമുറിക്കല്‍ ശുശ്രൂഷക്കു വേണ്ടിവന്ന അപ്പവും പാലും ഉണ്ടാക്കുന്നതിനു നേതൃത്വം നല്‍കിയത്.

പെസഹാ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ട്രസ്റ്റിമാരായ റോബിൻ ജോർജ്, ബോബി വർഗീസ് , സുനിൽ ജോസ്, ലാസർ ജോയ് വെള്ളാറ എന്നിവർക്കൊപ്പം ഇടവകയിലെ ഭക്തസംഘടനകളും, യുവജനങ്ങളും നേതൃത്വം നല്‍കി.

വെബ്: www.StthomasSyronj.org

Author

Leave a Reply

Your email address will not be published. Required fields are marked *