നഗരപ്രദേശങ്ങളിൽ വോട്ട് ശതമാനം വർധിപ്പിക്കണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്. ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്നുവരുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പ്രവർത്തനങ്ങളുടെ ഭാഗമായി ചേർന്ന റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
പ്രാദേശിക തലത്തിൽ റസിഡന്റ്സ് അസോസിയേഷൻ യോഗങ്ങൾ ചേർന്ന് പുതിയ വോട്ടർമാരെ വോട്ട് ചെയ്യേണ്ടത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തണം. ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണം. എല്ലാവരും വോട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കളക്ടർ പറഞ്ഞു.
സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ നിരവധി പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്. ഏപ്രിൽ 15ന് രാത്രി 8.30ന് ദർബാർ ഹാൾ ഗ്രൗണ്ട് മുതൽ മറൈൻഡ്രൈവ് വരെ നൈറ്റ് വാക് സംഘടിപ്പിക്കും. ആദ്യമായാണ് സ്വീപ് റസിഡന്റ്സ് അസോസിയേഷനുമായി ചേർന്ന് പ്രവർത്തിക്കുന്നത്.
അസിസ്റ്റന്റ് കളക്ടർ നിഷാന്ത് സിഹാര, എഡ്രാക്ക് ജില്ലാ പ്രസിഡന്റ് പി. രംഗദാസ പ്രഭു, ജനറൽ സെക്രട്ടറി പി.സി അജിത്ത് കുമാർ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.