അന്‍വറിന്റെ അപകീര്‍ത്തി പ്രസംഗം; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കോണ്‍ഗ്രസ് പരാതി നല്‍കി

Spread the love

പി.വി അന്‍വര്‍ ഗോഡ്‌സെയുടെ പുതിയ അവതാരമെന്ന് എംഎം ഹസന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ഗാന്ധിയുടെ ഡിഎന്‍എ പരിശോധന ആവശ്യപ്പെട്ട് നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസംഗത്തിനെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി.


നെഹ്‌റു കുടുംബത്തെയും രാഹുല്‍ഗാന്ധിയെയും നികൃഷ്ടമായ ഭാഷയില്‍ അപമാനിച്ച അന്‍വറിനെതിരെ പോലീസ് അടിയന്തരമായി കേസെടുക്കണം. പി.വി അന്‍വര്‍ ഗോഡ്‌സെയുടെ പുതിയ അവതാരമാണ്. ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയുടെ വെടിയുണ്ടകളെക്കാള്‍ മാരകമാണ് അന്‍വറിന്റെ വാക്കുകള്‍. ഒരു

ജനപ്രതിനിധിയുടെ നാവില്‍നിന്ന് വീഴാന്‍ പാടില്ലാത്ത പരാമര്‍ശമാണ് അന്‍വര്‍ നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ് പിവി അന്‍വര്‍ പ്രവര്‍ത്തിക്കുന്നത്. രാഹുല്‍ഗാന്ധിക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയന്‍, ഈ അപമാന പ്രസംഗം സ്വയം പറയാതെ പിവി അന്‍വറിനെക്കൊണ്ട് പറയിച്ചതാണെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

കത്തിന്റെ പൂര്‍ണരൂപം:

പാലക്കാട് മണ്ഡലത്തിലെ എടത്തനാട്ടുകര എല്‍ഡിഎഫ് ലോക്കല്‍ കമ്മിറ്റിയുടെ പൊതുയോഗത്തില്‍ പി.വി അന്‍വര്‍ എംഎല്‍എ നടത്തിയത് തെരഞ്ഞെടുപ്പ് പ്രചാരണ ചട്ടം ലംഘിച്ചു കൊണ്ടുള്ള അപകീര്‍ത്തികരമായ പരാമര്‍ശമാണ്. രാഹുല്‍ഗാന്ധി നെഹ്‌റു കുടുംബത്തിലെയാണോയെന്ന് സംശയമുണ്ടെന്നും രാഹുലിന്റെ ഡിഎന്‍എ പരിശോധിക്കണമെന്നും ഉള്‍പ്പെടെയുള്ള അധിക്ഷേപങ്ങളാണ് അന്‍വര്‍ നടത്തിയത്. ഈ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം വിവിധ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്.

അന്‍വറിന്റേത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് മാത്രമല്ല, ജനപ്രതിനിധികളില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്ന മാന്യതയുടെയും മര്യാദയുടെയും ലംഘനവുമാണ്.

ഒരു വ്യക്തിക്ക് നേരെയുള്ള ഗുരുതരമായ അധിക്ഷേപവും അധര്‍മികവും മനുഷ്യത്വരഹിതവുമായ വാക്കുകളും നഗ്‌നമായ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ്. രാഹുല്‍ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുക മാത്രമല്ല, മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നിവരുടെ സ്മരണകളെ അനാദരിച്ചതിലൂടെ ദശലക്ഷക്കണക്കിന് ഇന്ത്യാക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തു.

രാഷ്ട്ര സേവനത്തിനായി ജീവിതം സമര്‍പ്പിച്ച രാഹുല്‍ഗാന്ധിയുടെ കുടുംബാംഗങ്ങളുടെ പാരമ്പര്യത്തെ പരോക്ഷമായി അവഹേളിക്കുന്നതുമാണ് അന്‍വറിന്റെ പ്രസംഗം. ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്ത ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും യശസ് കളങ്കപ്പെടുത്തുന്നതും അവര്‍ വഹിച്ച ഉന്നത പദവികളുടെ അന്തസ് ഇല്ലാതാക്കുന്നതുമാണ് -ഹസന്‍ ചൂണ്ടിക്കാട്ടി.

അവഹേളനപരവും അടിസ്ഥാനരഹിതവുമായ ഇത്തരം പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അന്തഃസത്തയെ മോശമായി പ്രതിഫലിപ്പിക്കും. ജനാധിപത്യ സംവിധാനത്തിലുള്ള പൊതുവിശ്വാസം നഷ്ടപ്പെടുത്തും. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ വംശപരമ്പരയില്‍ ഉള്‍പ്പെട്ട രാഹുല്‍ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ പരാമര്‍ശം ധിക്കാരപരവും സാമൂഹിക മര്യാദകള്‍ക്ക് എതിരുമാണ്. ഈ പശ്ചാത്തലത്തില്‍ 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെയും ബാധകമായ മറ്റ് ശിക്ഷാ നിയമങ്ങളിലെയും പ്രസക്തമായ വ്യവസ്ഥകള്‍ക്കനുസൃതമായി പി.വി അന്‍വറിനെതിരെ അടിയന്തര നടപടിയെടുക്കണം. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രതയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കേണ്ടത് തെരഞ്ഞെടുപ്പ് അധികാരികളുടെ ഉത്തരവാദിത്വമാണെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

 

Author

Leave a Reply

Your email address will not be published. Required fields are marked *