ഏപ്രില്‍ 24 വൈകിട്ട് 6 മുതല്‍ 27 ന് രാവിലെ 6 വരെ.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24, വൈകിട്ട് 6 മുതല്‍ ഏപ്രില്‍ 27, രാവിലെ 6 വരെ തൃശൂര്‍ ജില്ലയില്‍
നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടറുമായ വി.ആര്‍ കൃഷ്ണതേജ ഉത്തരവിട്ടു. ഈ കാലയളവില്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
*നിയമവിരുദ്ധമായ സംഘം ചേരരുത്. പൊതുയോഗം/ റാലികള്‍ സംഘടിപ്പിക്കരുത്.
*ജില്ലയിലെ മണ്ഡലങ്ങളിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരുടെയും പ്രചാരകരുടെയും സാന്നിധ്യം ഉണ്ടാകരുത്.
*ഏതെങ്കിലും തരത്തിലുള്ള ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുത്.
*ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളുടെ പ്രദര്‍ശനം, അഭിപ്രായസര്‍വേകളോ മറ്റെന്തെങ്കിലും തരത്തിലുള്ള തിരഞ്ഞെടുപ്പ് സര്‍വേകളോ സംപ്രേഷണം ചെയ്യരുത്
*പോളിങ് സ്റ്റേഷനില്‍ നിരീക്ഷകര്‍, സൂക്ഷ്മ നിരീക്ഷകര്‍, ക്രമസമാധാന പാലന ചുമതലയുള്ളവര്‍, പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒഴികെയുള്ളവരുടെ സെല്ലുലാര്‍, കോര്‍ഡ് ലസ് ഫോണുകള്‍, വയര്‍ലെസ് സെറ്റുകള്‍ എന്നിവയുടെ ഉപയോഗം നിരോധിച്ചു.
*പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ ഒഴികെയുള്ളവര്‍ കോര്‍ഡ് ലസ് ഫോണുകള്‍, വയര്‍ലെസ് സെറ്റുകള്‍ എന്നിവ പോളിങ് സ്റ്റേഷന് 100 മീറ്റര്‍ ചുറ്റളവില്‍ ഉപയോഗിക്കരുത്.
*വോട്ടെടുപ്പ് ദിനത്തില്‍ പോളിങ് സ്റ്റേഷന് 200 മീറ്റര്‍ പരിധിയില്‍ ഇലക്ഷന്‍ ബൂത്തുകള്‍ സജ്ജീകരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തരുത്.
*ഒന്നിവധികം പോളിങ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന ലൊക്കേഷന്‍ ആണെങ്കിലും പോളിങ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിക്ക് പുറത്ത് ഒന്നിലധികം ഇലക്ഷന്‍ ബൂത്തുകള്‍ സജ്ജീകരിക്കരുത്.
*ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 134 ബി പ്രകാരം ആയുധം കൈവശം വെയ്ക്കാന്‍ അനുമതിയുള്ളതിൽ ഒഴികെയുള്ളവര്‍ പോളിങ് സ്റ്റേഷനിലോ സമീപ പ്രദേശങ്ങളിലോ ആയുധം പ്രദര്‍ശിപ്പിക്കുകയോ കൈവശം വെയ്ക്കുകയോ ചെയ്യുന്നത് നിരോധിച്ചു.
വോട്ടിങ് കേന്ദ്രം, ഷോപ്പിങ് മാള്‍, വ്യാപാര കേന്ദ്രങ്ങള്‍, സിനിമ തിയറ്റര്‍, മറ്റു വിനോദ കേന്ദ്രങ്ങള്‍, വിവാഹം/ മരണം പോലുള്ള ചടങ്ങുകള്‍, സ്വകാര്യ പരിപാടികള്‍ തുടങ്ങിയ ഇടങ്ങളിലെ സമാധാനത്തിന് ഭംഗം വരാത്ത, ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍ക്കും നിശബ്ദ പ്രചാരണ വേളയിലെ വീടുകള്‍ തോറും കയറിയുള്ള പ്രചാരണത്തിനും നിരോധനാജ്ഞ ബാധകമല്ലെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. അവശ്യസേവന വിഭാഗം ജീവനക്കാര്‍, ക്രമസമാധാന ജോലിയുള്ളവര്‍ എന്നിവര്‍ക്കും നിരോധനം ബാധകമല്ലെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. അടിയന്തര ഘട്ടങ്ങളിൽ നോട്ടീസ് നൽകാതെ നിയമ നടപടികൾ സ്വമേധയാ ആരംഭിക്കുന്നതിന് അധികാരമുള്ള 1973 ലെ ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 144 (2) പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.