പിണറായി വിജയനുവേണ്ടി അദ്ദേഹത്തിന്റെ അറിവോടെയാണ് ഇടതുകണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറെ കണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തില്‍നിന്നു വ്യക്തമായെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. മുഖ്യമന്ത്രിയുടെ ആശീര്‍വാദത്തോടെ ഉണ്ടാക്കിയ സിപിഎം- ബിജെപി ഡീലിന്റെയും പിണറായി വിജയന്റെ കേസുകളുടെയും അരമനരഹസ്യങ്ങള്‍ പുറത്തുവരുമെന്ന് ഭയന്നാണ് ഇപി ജയരാജനെതിരേ പാര്‍ട്ടി നടപടിയെടുക്കാത്തത്.
നടപടി എടുത്താല്‍ ജയരാജന്‍ പൊട്ടിക്കുന്ന ബോംബുകളുടെ ആഘാതം താങ്ങാന്‍ പിണറായിക്കു കഴിയില്ല. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിവസം വിഎസ് അച്യുതാനന്ദന്‍ കെകെ രമയെ കണ്ട് സിപിഎമ്മിനെ വന്‍ പ്രതിരോധത്തിലാക്കിയതിനു സമാനമാണ് ജയരാജന്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസം ശോഭാസുരേന്ദ്രനെ കണ്ട കാര്യം തുറന്നുപറഞ്ഞത്. എന്തുകൊണ്ടാണ് അന്ന് ശോഭാസുരേന്ദ്രനെതിരേ നിയമ നടപടി സ്വീകരിക്കാതിരുന്നതെന്ന് ഹസന്‍ ചോദിച്ചു. ഇന്ന് പിണറായിയെയും ജയരാജനെയും സംരക്ഷിക്കാനാണ് സിപിഎം സെക്രട്ടേറിയറ്റ് ശോഭയ്ക്കെതിരേ കേസു കൊടുക്കാന്‍ തീരുമാനിച്ചത്.
ബിജെപിയില്‍ ചേരാന്‍ കച്ചമുറുക്കി ഡല്‍ഹിയിലെത്തിയ ജയരാജനെ പിന്തിരിപ്പിച്ചത് ഒരു ഫോണ്‍ കോളായിരുന്നെന്ന് ശോഭാസുരേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. ആ ഫോണ്‍ കോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെതായിരുന്നുവെന്നാണ് പറയപ്പെടുന്നത.് ടിപി ചന്ദ്രശേഖരന്റെയും ഷുഹൈബിന്റെയുമൊക്കെ കൊലപാതകങ്ങള്‍ കണ്‍മുന്നില്‍ കണ്ടിട്ടുള്ള ജയരാജന്‍ നിന്നനില്പില്‍ തീരുമാനത്തില്‍നിന്നു പിന്മാറിയെന്നു പറയപ്പെടുന്നു.
ഇഡിയുടെ പിടിയില്‍നിന്നു രക്ഷപ്പെടാനുള്ള അവസാനത്തെ പിടച്ചിലാണ് ജയരാജന്‍ നടത്തിയത്. വൈദേഹം റിസോര്‍ട്ടില്‍ ഇഡി പരിശോധനയ്ക്കെത്തിയത് 2023 മാര്‍ച്ച് 2ന് ആയിരുന്നെങ്കില്‍ ജയരാജന്‍- ജാവേദ്ക്കര്‍ കൂടിക്കാഴ്ച മാര്‍ച്ച് 5ന് ആയിരുന്നു. ഇഡി പിടിക്കുമോ, പിണറായി പിടിക്കുമോ തുടങ്ങിയ ഭയപ്പാടുകളാണ് ജയരാജനെക്കൊണ്ട് സത്യങ്ങള്‍ പറയിച്ചത്. ജയരാജന്‍ പാര്‍ട്ടിയില്‍നിന്നൊന്നും മറച്ചുവച്ചിട്ടില്ലെന്നും എല്ലാകാര്യങ്ങളും പിണറായി അറിഞ്ഞ് പിണറായിക്കുവേണ്ടിയാണ് ചെയ്തതെന്നും ഇന്നത്തെ യോഗതീരുമാനത്തിലൂടെ വ്യക്തമായി. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന നിലപാട് പിണറായി എടുത്തതോടെ ജയരാജന്‍ കുറ്റവിമുക്തനായി.
ജയരാജന്‍ വിഷയത്തില്‍ ആദ്യം നിലപാടെടുത്ത സിപിഐ വല്യേട്ടനെ ഭയന്ന് കരണം മറിഞ്ഞു. ഇനി ഇടതുമുന്നണിയില്‍ പറയാം എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമ്പോള്‍ ബിജെപിയെ ജയിപ്പിക്കാം എന്ന ഉറപ്പില്‍ ബിജെപി വോട്ട് വടകരയില്‍ ഷാഫിക്കു മറിച്ചു എന്നാണ് സിപിഎം സെക്രട്ടറി പറഞ്ഞത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടാകണമെങ്കില്‍ ഷാഫി വടകരയില്‍ ജയിക്കണം. ഷാഫിയുടെ വിജയം എംവി ഗോവിന്ദന്‍ തുറന്നു സമ്മതിച്ചെന്നും ബിജെപിയുമായി കോണ്‍ഗ്രസ് ഡീലുണ്ടാക്കിയെന്നത് പച്ചക്കള്ളമാണെന്നും ഹസന്‍ പറഞ്ഞു.