കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ജില്ലയുടെ തീരപ്രദേശത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ മുന്നറിയിപ്പ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ തിരമാലകള്‍ ഒന്നര മീറ്റര്‍ വരെ ഉയരാനാണ് സാധ്യതയെന്ന് അടിയന്തരയോഗശേഷം വ്യക്തമാക്കി. മെയ് അഞ്ചുവരെയാണ് സമുദ്രസ്ഥിതിപഠന ഗവേഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടമേഖലകളില്‍നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറിതാമസിക്കണം. മല്‍സ്യബന്ധനയാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്തമ്മില് സുരക്ഷിതഅകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കുന്നതിന് സഹായകമാകും. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം.
ജലസാമീപ്യമുള്ള താഴ്ന്നഇടങ്ങളില് താമസിക്കുന്നവരും കരുതലോടെ തുടരണം. അപായ സൂചന മത്സ്യത്തൊഴിലാളികളും മേഖലയിലെ മറ്റുള്ളവരുമുള്ള വാട്ട്സ്ആപ്പ് ഗ്രൂപുകളിലും നല്‍കിയിട്ടുണ്ട്. മൈക്ക് അനൗണ്‍സ്മെന്റും നടത്തുന്നുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയവരുടെ സുരക്ഷാകാര്യങ്ങളുടെ നിര്‍വഹണത്തിന് കോസ്റ്റല്‍ പൊലിസ്, മറൈന്‍ എന്‍ഫോഴ്സമെന്റ് എന്നിവയെ ചുമതലപ്പെടുത്തി.
ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്സിക്യുട്ടിവ് ഓഫീസറായ എ. ഡി. എം സി. എസ് അനിലിനാണ് പൊതുഏകോപന ചുമതല. കൊല്ലം കേന്ദ്രീകരിച്ച് സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, കരുനാഗപ്പള്ളി മേഖലയില്‍ എല്‍. ആര്. ഡെപ്യൂട്ടി കലക്ടര്‍ ജിയോ ടി. മനോജ് എന്നിവര്‍ക്കാണ് മേല്‍നോട്ട ചുമതല.
അടിയന്തര യോഗത്തില്‍ ജില്ലയിലെ സിറ്റി പൊലിസ് കമ്മിഷണര്‍, എ. സി. പിമാര്‍ ജില്ലാ അഗ്നിസുരക്ഷാ ഓഫീസര്‍, ഡി. എം. ഒ, ജില്ലാ വനംവകുപ്പ് മേധാവി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍, കൊല്ലം-കരുനാഗപ്പള്ളി തഹസില്‍ദാര്‍മാര്‍, തീരദേശ പൊലിസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, കോര്പറേഷന്-മുനിസിപ്പല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.