ഡയറി ലോൺ പദ്ധതിയിലൂടെ വായ്പയെന്ന് വ്യാജ പ്രചരണം; വിശദീകരണവുമായി നബാർഡ്

Spread the love

കൊച്ചി: ദേശീയ കാർഷിക- ഗ്രാമ വികസന ബാങ്ക് വഴി ക്ഷീര കർഷകർക്ക് വായ്പ നൽകുന്നു എന്ന പ്രചരണം വ്യാജമാണെന്ന് നബാർഡ് അറിയിച്ചു. ക്ഷീര സംരംഭകത്വ വികസന പദ്ധതിയുടെ (ഡി ഇ ഡി എസ്) കീഴിൽ കർഷകർക്ക് നേരിട്ട് വായ്പ നൽകുന്നുവെന്ന് തെറ്റിദ്ധരിക്കപ്പെട്ടു നിരവധി അപേക്ഷകൾ വരുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി നബാർഡ് രംഗത്തെത്തിയത്.

സുസ്ഥിര ഗ്രാമ വികസനത്തിനായി കാർഷിക മേഖലയിലുൾപ്പടെ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്കും സഹകരണ സ്ഥാപനങ്ങൾക്കും സാമ്പത്തിക സഹായവും പിന്തുണയും നൽകുന്ന നബാർഡ്, വ്യക്തികൾക്കോ കർഷകർക്കോ നേരിട്ട് വായ്പകൾ ലഭ്യമാക്കുന്നില്ല. പൊതു സമൂഹത്തെ ആശയക്കുഴപ്പത്തിലാക്കുന്ന ഇത്തരം തെറ്റായ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നബാർഡ് അറിയിച്ചു. യഥാർത്ഥ വിവരങ്ങൾക്കും മറ്റ് സേവനങ്ങൾക്കുമായി www.nabard.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വിവിധ സംരംഭങ്ങളും പദ്ധതികളും പ്രോത്സാഹിപ്പിക്കുന്നതിൽ നബാർഡ് പ്രതിജ്ഞാബദ്ധമാണ്. അതിനാൽ, കൃത്യമായ വിവരങ്ങളുടെ വ്യാപനം ഉറപ്പാക്കുന്നതിനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനും എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *