റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷിന് ദാരുണാന്ത്യമുണ്ടായത് വേദനാജനകമാണ്.
വാര്‍ത്താ ദൃശ്യങ്ങള്‍ പകര്‍ത്തുകയെന്ന തന്റെ ജോലിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല മുകേഷ് എന്ന ചെറുപ്പക്കാരന്റെ മാധ്യമ പ്രവര്‍ത്തനം.
അതിജീവനത്തിനു വേണ്ടി പോരാടുന്ന, എല്ലാവരാലും അവഗണിക്കപ്പെട്ട ചെറുജീവിതങ്ങളുടെ വലിയ സങ്കടങ്ങള്‍ ജനശ്രദ്ധയിലെത്തിക്കാന്‍ മുകേഷ് എപ്പോഴും ശ്രമിച്ചിരുന്നു. അതിന്റെ സാക്ഷ്യമാണ് മാതൃഭൂമി ഓണ്‍ലൈന്‍ പതിപ്പില്‍ ‘അതിജീവനം’ എന്ന കോളത്തില്‍ മുകേഷ് 110 ജീവിതങ്ങളെ കുറിച്ച് എഴുതിയത്. എല്ലാം പൊള്ളുന്ന ജീവിതാനുഭവങ്ങള്‍. ആ ജീവിതങ്ങളുടെ വേദന അതേ അര്‍ത്ഥത്തില്‍ പകര്‍ന്നു നല്‍കുന്നതായിരുന്നു മുകേഷിന്റെ എഴുത്ത്.
ജോലിയ്ക്കിടയിലാണ് മുകേഷിന് ജീവന്‍ നഷ്ടമായത്. നന്നേ ചെറുപ്പത്തില്‍ വിട്ടു പോയൊരു മാധ്യമ പ്രവര്‍ത്തകന്‍. കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരെയും എങ്ങനെ ആശ്വസിപ്പക്കണമെന്ന് അറിയില്ല. ദുഃഖത്തില്‍ പങ്കുചേരുന്നു.