കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ (റിന്യൂവബിൾ എനർജി ആന്റ് നെറ്റ് മീറ്ററിംഗ്) (രണ്ടാം ഭേദഗതി) റഗുലേഷൻസ്, 2024ന്റെ കരടിന്മേലുള്ള രണ്ടാം പൊതു തെളിവെടുപ്പ് മെയ് 15ന് രാവിലെ 11ന് തിരുവനന്തപുരം വെള്ളയമ്പലം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഹാളിൽ നടക്കും.
കരട് റഗുലേഷൻ www.erckerala.org യിൽ 2024 ജനുവരി 31 മുതൽ ലഭ്യമാണ്. കരട് റഗുലേഷനിൽ നിർദ്ദേശിച്ചിരിക്കുന്ന മാറ്റങ്ങളെ കുറിച്ചു മാത്രമാണ് പൊതു തെളിവെടുപ്പിൽ അഭിപ്രായം സ്വീകരിക്കുക. സോളാർ പ്രൊസ്യൂമേഴ്സ് ഗ്രോസ് മീറ്ററിംഗ് ഏർപ്പെടുത്തുന്നതിന് എതിരായും, ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ബാധകമായ ഡ്യൂട്ടി വർദ്ധിപ്പിക്കുന്നതിന് എതിരായും നിരവധി ഉപഭോക്താക്കൾ കമ്മീഷനെ രേഖാമൂലം അഭിപ്രായം അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ സംബന്ധിച്ച് ഒരു നിർദ്ദേശവും കരട് ചട്ടങ്ങളിലും മേയ് 15നുള്ള പൊതു തെളിവെടുപ്പിന്റെ പരിഗണനയിലും ഇല്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.
സോളാർ പ്രൊസ്യൂമേഴ്സിന് ഇലക്ട്രിസിറ്റി ബില്ലിൽ സോളാർ ഉല്പാദനത്തിന് ഈടാക്കുന്ന ഇലക്ട്രിസിറ്റി ഡ്യൂട്ടി കേരള ഇലക്ട്രിസിറ്റി ഡ്യൂട്ടി ആക്ട് 1963 പ്രകാരം സംസ്ഥാന സർക്കാർ ആണ് നിർണ്ണയിക്കുന്നത്. ഇലക്ട്രിസിറ്റി ഡ്യൂട്ടി കാലാകാലങ്ങളിൽ പരിഷ്ക്കരിക്കുന്നതും സംസ്ഥാന സർക്കാർ ആണ്. ഇലക്ട്രിസിറ്റി ഡ്യൂട്ടി നിർണ്ണയം കമ്മീഷന്റെ അധികാര പരിധിയിൽ വരുന്ന വിഷയമല്ല.
കേരളത്തിലെ സോളാർ പ്രൊസ്യൂമേഴ്സിന് ബാധകമായ ബില്ലിംഗ് രീതികൾ 2020ൽ നിലവിൽ വന്ന പുനരുപയോഗ ഊർജ്ജ റഗുലേഷനിലെ 21, 26 എന്നീ ചട്ടങ്ങൾ പ്രകാരമാണ്. ചട്ടം 21 ഒരു മെഗാവാട്ട് വരെ ശേഷിയുള്ള സോളാർ പ്ലാന്റുകൾക്ക് ബാധകമായ നെറ്റ് മീറ്ററിംഗ് ബില്ലിംഗ് രീതികൾ വിശദമാക്കുന്നതാണ്. ചട്ടം 26 ആകട്ടെ ഒരു മെഗാവാട്ടിലധികം ശേഷിയുള്ള സോളാർ പ്ലാന്റുകൾക്ക് ബാധകമായ ബില്ലിംഗ് രീതികൾ വിശദമാക്കുന്നതുമാണ്. ഈ ചട്ടങ്ങളിൽ യാതൊരു ഭേദഗതിയും കരട് ചട്ടങ്ങളിൽ നിർദ്ദേശിച്ചിട്ടില്ലാത്തതിനാൽ ബില്ലിങ് രീതിയിലെ മാറ്റം മേയ് 15ന് നിശ്ചയിച്ചിട്ടുള്ള പൊതു തെളിവെടുപ്പിലെ വിഷയമല്ലെന്നും കമ്മീഷൻ വ്യക്തമാക്കി. അതിനാൽ നിലവിലുള്ള ബില്ലിംഗ് രീതിയിൽ യാതൊരു മാറ്റവും പൊതു തെളിവെടുപ്പിൽ പരിഗണിക്കില്ല.
കരട് റഗുലേഷൻ സംബന്ധിച്ച പൊതു തെളിവെടുപ്പ് മാർച്ച് 20ന് കമ്മീഷന്റെ കോർട്ട് ഹാളിൽ വച്ച് നടത്തിയിരുന്നു. സോളാർ ഉപഭോക്താക്കളുടെ നിലവിലുള്ള മീറ്ററിംഗ് രീതി പ്രസ്തുത ഭേദഗതി റഗുലേഷനിലൂടെ കമ്മീഷൻ മാറ്റുന്നു എന്ന വ്യാജ വാർത്തയുടെ അടിസ്ഥാനത്തിൽ ധാരാളം സോളാർ ഉപഭോക്താക്കൾ ആശങ്കകൾ രേഖപ്പെടുത്തുവാൻ ഈ ഹിയറിംഗിൽ പങ്കെടുത്തിരുന്നു. 250ൽ പരം ഉപഭോക്താക്കളും സോളാർ ഡെവലപ്പേഴ്സും പങ്കെടുക്കുകയും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിരവധി പേർ അഭിപ്രായം തപാൽ / മെയിൽ വഴിയും അറിയിച്ചിട്ടുണ്ട്. മാർച്ച് 20ന് നടന്ന പൊതു തെളിവെടുപ്പിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ അറിയിച്ചവരും തപാൽ / മെയിൽ മുഖാന്തിരം ഇതിനകം അഭിപ്രായം രേഖപ്പെടുത്തിയവരും 15ന് നടക്കുന്ന രണ്ടാം തെളിവെടുപ്പിൽ പങ്കെടുക്കേണ്ടതില്ല. പ്രസിദ്ധീകരിച്ചിട്ടുള്ള കരട് ചട്ടങ്ങളിൽ ഇതിനകം അഭിപ്രായം അറിയിച്ചിട്ടില്ലാത്ത പൊതുജനങ്ങൾക്കും താൽപ്പര്യമുള്ള മറ്റു കക്ഷികൾക്കും പൊതു തെളിവെടുപ്പിൽ പങ്കെടുക്കാവുന്നതും നേരിട്ട് അഭിപ്രായങ്ങൾ സമർപ്പിക്കാവുന്നതുമാണെന്ന് കമ്മിഷൻ അറിയിച്ചു.