അപൂർവ സംഗമം.
ഒരു അധ്യാപകൻ വിരമിക്കുന്നതിന് മുൻപായി സർവകലാശാലയിലെ അദ്ദേഹത്തിൻ്റെ ഇരുപത് വർഷക്കാലയളവിലെ വിദ്യാർത്ഥികൾ ചേർന്ന് ഒരു സ്നേഹാദരമൊരുക്കുക. അത്തരമൊരു അപൂർവമായ ചടങ്ങിനാണ് തിരുവനന്തപുരത്തെ മാസ്ക്കോട്ട് ഹോട്ടൽ സാക്ഷ്യം വഹിച്ചത്. കേരള സർവകലാശാലയിലെ ഒപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗം അധ്യാപകനായ പ്രൊഫ. കെ. ജി ഗോപ്ചന്ദ്രനാണ് ഇത്തരമൊരു ആദരവ് ലഭിച്ചത്. കേരള യൂണിവേഴ്സിറ്റി ഒപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗം പ്രൊഫസറും സ്കൂൾ ഓഫ് ടെക്നോളജി ഡയറക്ടറും സിൻഡിക്കേറ്റ് അംഗവുമാണ് ഡോ. ഗോപ്ചന്ദ്രൻ.
2004-2024 കാലയളവിലെ പി.എച്ച്.ഡി, എം.ഫിൽ. വിദ്യാർത്ഥികൾ ചേർന്നാണ് സ്നേഹാദരം ഒരുക്കിയത്. ഡോ. ബി. ശശി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഡോ. എസ്. ശങ്കർ സ്വാഗതമാശംസിച്ചു.
റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെടുക എന്ന അപൂർവ നേട്ടത്തിനുടമ കൂടിയാണ് പ്രൊഫ. കെ ജി ഗോപ്ചന്ദ്രൻ. ശാസ്ത്രരംഗത്ത് അതീവപ്രാധാന്യമുള്ള സംഭാവനകൾ നൽകിയ ശാസ്ത്ര പ്രതിഭകൾക്ക് ആഗോളതലത്തിൽ ലഭിക്കുന്ന അംഗീകാരമാണ് റോയൽ സൊസൈറ്റി അംഗത്വം.
രാമൻ സ്പെക്ട്രോസ്കോപിയും നാനോഫോട്ടോണിക്സുമാണ് പ്രൊഫ. ഗോപ്ചന്ദ്രന്റെ പ്രധാനപ്പെട്ട ഗവേഷണമേഖലകൾ. അദ്ദേഹത്തിൻ്റെ മേൽനോട്ടത്തിൽ നിരവധി വിദ്യാർഥികൾ ഗവേഷണം പൂർത്തീകരിച്ചിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര ജേർണലുകളിൽ പ്രസക്തമായ പഠനങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. നിരവധി അന്തർദേശീയ ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ റിവ്യൂവർ ആയി അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.
അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച പി.എച്ച്.ഡി, എം.ഫിൽ വിദ്യാർത്ഥികൾ ചടങ്ങിൽ ഓർമകളും അനുഭവങ്ങളും പങ്കുവെച്ചു. ഗവേഷക വിദ്യാർത്ഥിയായ ഐശ്വര്യ മോഹൻ ചടങ്ങിൽ കൃതജ്ഞത അറിയിച്ചു.