പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.
കൊച്ചി : പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായാണ് പെരുമാറിയത്. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവിനെ സി.ഐ പരിഹസിച്ചു. കേസില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യം പെണ്‍കുട്ടിയുടെ പിതാവിനെയും അറിയിച്ചിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുകയും ചെയ്തത് അവിശ്വസനീയമാണ്. മാതാപിതാക്കള്‍ക്ക് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തിലാണ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതൊന്നും അനുവദിച്ച് നല്‍കാനാകില്ല. കേരളം പോലുള്ള പ്രബുദ്ധമായ സംസ്ഥാനത്തിന് അപമാന ഭാരം കൊണ്ട് തലകുനിച്ച് നില്‍ക്കേണ്ടി വന്ന സംഭവമാണ് പന്തീരാങ്കാവിലുണ്ടായത്. ഇതൊന്നും ആര്‍ക്കും സഹിക്കാനാകില്ല. എന്നിട്ടും പൊലീസിന് എന്താണ് പറ്റിയത്? അവര്‍ ഇരകള്‍ക്കൊപ്പമാണോ വേട്ടക്കാര്‍ക്കൊപ്പമാണോ? ആലുവയില്‍ വീട് ആക്രമിച്ച കേസില്‍ പരാതിക്കാരനെ സ്റ്റേഷനില്‍ എത്തിച്ചതല്ലാതെ പൊലീസ് മറ്റൊന്നും ചെയ്തില്ല. പരാതിക്കാരന്‍ സ്റ്റേഷനില്‍ കാത്തു നില്‍ക്കുന്നതിനിടെ വീണ്ടും അതേ ഗുണ്ടാ സംഘം വീട് ആക്രമിച്ചു. തലസ്ഥാന നഗരിയില്‍ ഉള്‍പ്പെടെ ഗുണ്ടാ- ലഹരി സംഘങ്ങള്‍ അഴിഞ്ഞാടുമ്പോഴും പൊലീസ് നിസംഗരായി നില്‍ക്കുകയാണ്. പൊലീസുകാരുടെ കൈകള്‍ കെട്ടപ്പെട്ട നിലയിലാണ്. അറിയപ്പെടുന്ന ക്രിമിനലുകള്‍ക്കു പോലും സംരക്ഷണം നല്‍കുകയാണ്. ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുന്ന അവസ്ഥയിലേക്ക് കേരളം മാറി. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. മുഖ്യമന്ത്രി സംസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴും ഇല്ലാത്തപ്പോഴും ഒരേ സ്ഥിതിയാണ്.
എസ്.എസ്.എല്‍.സി ഫലം വരുന്നതിന് മുന്‍പ് തന്നെ പ്ലസ് വണ്‍ സീറ്റുകളുമായി ബന്ധപ്പെട്ട വിഷയം വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിച്ചു. കഴിഞ്ഞ വര്‍ഷത്തേതു പോലെ സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചതു കൊണ്ട് കാര്യമില്ല. മലബാര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നല്ല മാര്‍ക്ക് കിട്ടിയ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമില്ലാത്ത സ്ഥിതിയുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഈ വിഷയം പ്രതിപക്ഷ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. എന്നിട്ടും രണ്ടു വര്‍ഷങ്ങളിലും ചെയ്ത കാര്യം തന്നെയാണ് സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലും ചെയ്യുന്നത്.