പ്രമേയാവതരണം: അഡ്വ. വി.കെ. മിനിമോള്‍, സംസ്ഥാന വൈസ് പ്രസിഡന്റ്.
ഇന്ത്യയെ വീണ്ടെടുക്കാനുള്ള പരമപ്രധാനമായ 18 ആം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, മഹിള കോണ്‍ഗ്രസ്സിന് ക്രിയാത്മകമായ പങ്ക് വഹിക്കാന്‍ സാധിച്ചു. വാര്‍ഡ്/ബൂത്ത് തലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയത്തിനായും നരേന്ദ്ര മോദി സര്‍ക്കാരിന്റെയും പിണറായി വിജയന്‍ സര്‍ക്കാരിന്റെയും തെറ്റായ നയങ്ങളും, ഫാസിസ്റ്റ് ജനദ്രോഹ നടപടികളും, അഴിമതിയും ഭരണകൂട ഭീകരതയും, സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന അനീതിയും അക്രമങ്ങളും വീടുകളിലേക്കും ജനങ്ങളിലേക്കും പ്രത്യേകിച്ച് സ്ത്രീകളിലേക്കും എത്തിക്കുന്നതിനായും മഹിള കോണ്‍ഗ്രസ്സ് അക്ഷീണം പ്രയത്‌നിച്ചു. ഇതൊരു നല്ല തുടക്കമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
പ്രശ്‌നബാധിത ബൂത്തുകളില്‍ പോലും മഹിളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ബൂത്തില്‍ ഇരിക്കാന്‍ തയ്യാറായതും പ്രശ്‌നങ്ങളെ നേരിടേണ്ടിവന്ന സാഹചര്യങ്ങള്‍ ഉണ്ടായെങ്കില്‍ കൂടിയും അവര്‍ പിന്മാറിയില്ല എന്നതും അഭിമാനകരമാണ്. രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്ത ‘മഹിളാ ന്യായ് ‘ ഗാരണ്ടികളുടെ പ്രചാരണം നടത്താന്‍ മഹിളാ കോണ്‍ഗ്രസ്സ് പ്രത്യേകം ശ്രദ്ധിച്ചു.
സംഘടനാപരമായി താഴെത്തട്ടില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം മഹിള കോണ്‍ഗ്രസ്സിന് സാധ്യമായത് രണ്ട് പ്രധാനപ്പെട്ട കാരണങ്ങള്‍ കൊണ്ടാണ്. 2023 ല്‍ 6 മാസത്തെ കാലയളവിനുള്ളില്‍ സംസ്ഥാനം മുതല്‍ ജില്ലാ, ബ്ലോക്ക്, മണ്ഡലം, വാര്‍ഡ് തലം വരെയുള്ള സമ്പൂര്‍ണ പുനഃസംഘടന പൂര്‍ത്തിയാക്കിയതിനാലും പല തലങ്ങളിലായി 81365 മഹിള കോണ്‍ഗ്രസ്സ് ഭാരവാഹികള്‍ മഹിള കോണ്‍ഗ്രസ്സിന്റെ ഭാരവാഹിത്വത്തിലേക്ക് എത്തിയതിനാലുമാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യുന്നതിന് മഹിളാ കോണ്‍ഗ്രസ്സിന് കഴിഞ്ഞത്.
രാഹുല്‍ ഗാന്ധി എറണാകുളം മറൈന്‍ ഡ്രൈവില്‍ മഹിളാ കോണ്‍ഗ്രസ്സ് ‘ഉത്സാഹ്’ പരിപാടിയില്‍ പങ്കെടുത്ത് സംഘടനയെ ആവേശതിമിര്‍പ്പിലാക്കി എന്നതും 2024 തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം കൂട്ടി . അതോടൊപ്പം യു.ഡി.എഫ് കോണ്‍ഗ്രസ്സ് നേതാക്കളുടെ ഭാഗത്തുനിന്നും മഹിളാ കോണ്‍ഗ്രസിന് പൊതുവായി ലഭിച്ച പിന്തുണയും പ്രോത്സാഹനവും തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ സഹായകമായി. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെയും കോണ്‍ഗ്രസ്സ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും, കെപിസിസി തലം മുതല്‍ ഡിസിസി , ബ്ലോക്ക് , മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടുമാരുടെയും മഹിളാ കോണ്‍ഗ്രസിനോടുള്ള പൊതുവായ സമീപനവും മാര്‍ഗ്ഗനിര്‍ദേശങ്ങളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കാരണമായി.
മഹിളാ കോണ്‍ഗ്രസ്സിന് വേണ്ട പ്രോത്സാഹനം നല്‍കിയ കെപിസിസി മുതല്‍ മണ്ഡലം വരെയുള്ള എല്ലാ കോണ്‍ഗ്രസ്സ് നേതാക്കളോടുമുള്ള നന്ദി രേഖപ്പെടുത്തുന്നു. ഒരു സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ കൃത്യമായ വിലയിരുത്തലുകള്‍ അനിവാര്യമാണ്. സംഘടനയുടെ ശക്തി അളക്കുന്നതോടൊപ്പം സംഘടനാ ശേഷിയില്‍ അഭിമാനിക്കുന്നതോടൊപ്പം സംഘടനയുടെ നേട്ടങ്ങളില്‍ സന്തോഷിക്കുന്നതോടൊപ്പം സംഘടനയുടെ കുറവുകള്‍ കൂടി വിലയിരുത്തി അവ നികത്താനുള്ള ആര്‍ജ്ജവം ഉണ്ടായാല്‍ മാത്രമേ ഏതൊരു സംഘടനയും ഒഴുക്കുള്ള പുഴ പോലെ ചലനാത്മമാകുകയുള്ളൂ. തീരുമാനമെടുക്കാനുള്ള ആര്‍ജ്ജവം ഇല്ലായെങ്കില്‍ നിശ്ചലമായ തടാകം പോലെയാകും.
അതുകൊണ്ട് ഈ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്ന് ഒരു വര്‍ഷം പൂര്‍ത്തീകരിക്കുന്ന ഈ സമയത്ത് പ്രത്യേകിച്ച് ഏറെ പ്രാധാന്യമുള്ള 2024 പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ സാഹചര്യത്തില്‍ നമ്മുടെ കുറവുകള്‍ കൂടി മനസ്സിലാക്കി സംഘടനാപരമായ തീരുമാനങ്ങള്‍ക്ക് നാം തയ്യാറാവേണ്ടതുണ്ട്. സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കാത്തവര്‍ക്ക് പകരം പ്രവര്‍ത്തിക്കുന്നവരെയും സംഘടനാബോധവും സംഘടന ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നവരെയും പ്രോത്സാഹിപ്പിക്കണം. സംഘടനയുടെ കെട്ടുറപ്പിന് വിരുദ്ധമായി നില്‍ക്കുകയോ അവമതിപ്പ് ഉണ്ടാക്കുകയോ ചെയ്യുന്നത് അനുവദിക്കാന്‍ കഴിയില്ല.
ജൂണ്‍ 15 ന് മുന്‍പ് എല്ലാ തലങ്ങളിലും ഈ ദിശയിലുള്ള വിലയിരുത്തല്‍ നടത്തി ഉചിതമായ തീരുമാനങ്ങള്‍ നടപ്പിലാക്കേണ്ടതാണ്.
2025 ലെ തദ്ദേശ തെരഞ്ഞെടുപ്പും 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ താഴെത്തട്ടില്‍ മഹിളാ കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്തി പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലെ പാഠങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ മഹിളാ കോണ്‍ഗ്രസ്സിനെ സജ്ജമാക്കണം.