ടോമച്ചായന്റെ “കറിവേപ്പില ട്രീ”! Based on true events : സണ്ണി മാളിയേക്കൽ

Spread the love

ടോം അച്ചായൻ, ഡാലസ്സിലെ “ഹൗസ് ഓഫ് കറി” എന്ന റെസ്റ്റോറൻ്റിൻ്റെ ഓണർ ആണ്.
ടോമച്ചായന് വിൻ്റർ ഇഷ്ടമാണെങ്കിലും, തൻ്റെ കറിവേപ്പിലയെപ്പറ്റി ഓർക്കുമ്പോൾ അല്പം വിഷമം വരാറുണ്ട്.
കാരണം തണുപ്പ് വരികയും ടെമ്പറേച്ചർ മൈനസ് ഡിഗ്രി വരെ താഴുന്ന ഇടങ്ങളിൽ കറിവേപ്പില അത്ര സുരക്ഷിതരല്ല! കറിവേപ്പില ട്രീ യുടെ ഈ ശൈത്യപ്പേടി കാരണം, എത്ര ഡോളർ ചെലവാക്കേണ്ടി വന്നാലും അമേരിക്കൻ മലയാളികൾ, ഏറെ കരുതലോടെ സൂക്ഷിക്കുന്ന ഒന്നാണ് കറിവേപ്പില ചെടി! നാട്ടിൽ

കറിവേപ്പില മരമാണെങ്കിൽ ഇവിടെ ചെടിയാണ്. പാവം കറിവേപ്പിലയെ തന്നിഷ്ടത്തിന് വളരാൻ അനുവദിക്കാതെ അമേരിക്കൻ മലയാളി അതിൻ്റെ മുടിയും താടിയും ചെത്തി ചെത്തി ഒരു ബോൺസായ് സ്റ്റൈലിലാണ് വളർത്താറ്. എങ്കിലല്ലേ പാവത്തിനെ അങ്ങോട്ടുമിങ്ങോട്ടും പൊക്കി മാറ്റാൻ പറ്റു!!
ടോമച്ചായൻ്റെ കറിവേപ്പില സംഭവത്തിലേക്ക് വരാം.
ഒരു ഫ്ലാഷ് ബാക്കെന്നോ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് ( FIR) എന്നോ പേരിടാം !
2008, ഓഗസ്റ്റ് 18 , തിങ്കളാഴ്ച രാവിലെ, ഇടത്തെ കയ്യിൽ കട്ടൻകാപ്പിയുമായി തന്റെ ബാക്ക് യാർഡിലേക്ക് ഇറങ്ങിയ ടോമച്ചായൻ, താൻ പൊന്നുപോലെ നട്ടു നനച്ച് വളർത്തിയ രണ്ട് കറിവേപ്പില മരങ്ങളും കാണ്മാനില്ല എന്ന് മനസ്സിലാക്കുന്നു! 20 ഗാലൺ വലിപ്പമുള്ള ( ചട്ടിക്ക് മാത്രം ഒന്നിന് ഏകദേശം 60 ഡോളർ വില) രണ്ട് വലിയ ചട്ടിയിലാണ് ആയിരുന്നു, 5 അടി പൊക്കമുള്ള ഈ കറി വേപ്പ് നിന്നിരുന്നത്. പുറകുവശത്തുള്ള ഗേറ്റിലുടെ എന്തോ വലിച്ചുകൊണ്ടു പോയതിന്റെ പാടുകൾ കിറുകൃത്യം കാണാം. ടോമച്ചായൻ തൻ്റെ ഫാമിലിയിലെ കുഞ്ഞുകുട്ടി പരാധീനതകളെ അടക്കം എല്ലാവരെയും ചോദ്യം ചെയ്തിട്ടും രാത്രിയിൽ സംശയാസ്പദമായ രീതിയിൽ ഒന്നും സംഭവിച്ചതായി മനസ്സിലാക്കുവാൻ സാധിച്ചില്ല. പരിചയമുള്ള ആളുകളെ എല്ലാവരെയും സംഭവങ്ങൾ വിവരിച്ചു. “ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ” എന്ന രീതിയിൽ പലരുടെയും പേര് പൊങ്ങി വന്നു…! വർഷങ്ങൾക്കുശേഷം സംഭവിച്ചത് : 2019, സെപ്റ്റംബർ പതിനഞ്ചാം തീയതി ഞായറാഴ്ച ഒരു പ്രത്യേക ആവശ്യത്തിനായി ടോം അച്ചായനും, ഭാര്യയും ഒരു പരിചയക്കാരന്റെ വീട്ടിൽ പോകുവാൻ ഇടയായി. കുശലാന്വേഷണങ്ങളുടെ ഇടയിൽ, ടോമച്ചായന്റ ഭാര്യ കൃഷിത്തോട്ടം കാണുവാനായി പുറത്തേക്കിറങ്ങി. (കൃഷിത്തോട്ടം കാണിക്കുക എന്നത് ഇവിടെ സാധാരണ പതിവാണ് ). പൊടുന്നനേ “ടോമച്ചായോ” എന്ന നിലവിളി കേട്ടുകൊണ്ട് ടോമച്ചായനും ആ വീടിന്റെ ഓണർ (പരിചയക്കാരൻ) പുറകുവശത്തേക്ക് ഇറങ്ങിച്ചെന്നു. അവിടെയുണ്ടായിരുന്ന വലിയ ഒരു കറി വേപ്പ് മരത്തിൽ കൈപിടിച്ചുകൊണ്ട്, മിസ്സിസ് ടോമച്ചായൻ അലറിക്കൊണ്ടു പറഞ്ഞു “അച്ചായാ ഇത് നമ്മുടെ കറി വേപ്പ് ആണ്”! വളരെ ശാന്തനായി ടോം കറി വേപ്പ് ചെടിയുടെ അടുത്ത് ചെല്ലുകയും അതിന്റെ ചട്ടി പരിശോധിക്കുകയും ചെയ്തു. “എസ്, ദിസ് ഈസ് അവർ കറി വേപ്പ്” ടോം, 007-ജെയിംസ് ബോണ്ട് സ്റ്റൈലിൽ അലറി! “എസ്, ടെൽ മി, ഫ്രം വേർ ഡൂ യു ഗെറ്റ് ദിസ് “. കുറേ വർഷങ്ങൾക്കു മുൻപ്, എന്റെ രണ്ടു സുഹൃത്തുക്കൾ ഒരു വെളുപ്പാൻ കാലത്ത്, ആരോ ഒരു മലയാളി റീലോക്കേറ്റ് ചെയ്യുകയാണ് എന്ന് പറയുകയും, ഇത്ര വലിയ രണ്ട് കറിവേപ്പ് കൊണ്ടുപോകാൻ സാധ്യമല്ല, അതിനാൽ വിൽക്കുകയാണെന്നും, ഞങ്ങൾ ചെടി ഒന്നിന് 50 ഡോളർ കൊടുത്തു വാങ്ങിക്കുകയും ചെയ്തു. കളവു മുതലാണെന്ന് എനിക്കറിയില്ലായിരുന്നു. വി ആർ വെരി സോറി, ഞങ്ങൾ തന്നെ അത് നിങ്ങളുടെ വീട്ടിൽ കൊണ്ട് തരാം എന്ന് അവർ പറഞ്ഞു. ടോം ഒരു നിമിഷം പകച്ചു നിന്നു! 100 ഡോളറിനു വേണ്ടി അവന്മാർ ഈ ചെയ്ത്ത് എന്നോട് ചെയ്തല്ലോ! അവസാനം ടോം സങ്കടവും,ദേഷ്യവും ഉള്ളിലൊതുക്കി പറഞ്ഞു- “ഇപ്പോൾ ഇത് മോഷ്ടിച്ച രണ്ടുപേരെയും വാങ്ങിയ നിങ്ങളെയും മനസ്സിലായല്ലോ”! എനിക്ക് അത് മതി. ഞങ്ങൾ ആരെയൊക്കെയോ സംശയിച്ചല്ലോ എന്ന കുറ്റബോധത്തോടുകൂടി ടോമച്ചായൻ തിരിച്ചു വീട്ടിലേക്ക് പോയി. വായനക്കാരുടെ ശ്രദ്ധയ്ക്ക് : ഇതിന് മതിപ്പ് വില എന്തുണ്ടെന്ന് ചോദിച്ചാൽ ഒരു കറിവേപ്പിന് $300 മുതൽ $600 വരാം. എന്നാൽ പുതിയ ഞായറാഴ്ച ചിക്കാഗോ, ക്നാനായ പള്ളിയിൽ ലേലം വിളിച്ചാൽ മൂന്നുതരം “പതിനായിരം ഡോളർ”.

Author

Leave a Reply

Your email address will not be published. Required fields are marked *