സെൻ്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോന ദേവാലയം ലോക ഭൗമദിനം ആചരിച്ചു : സെബാസ്റ്റ്യൻ ആൻ്റണി

Spread the love

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ പരിസ്ഥിതി സംരക്ഷണത്തിനും, സുസ്ഥിരതയ്ക്കും ഉള്ള തങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ടും, ഫലപ്രദമായ പ്രവർത്തനങ്ങളിലൂടെ വരും തലമുറയിൽ അവബോധം വളർത്തുന്നതിന് ഉദ്ദേശ്ശിച്ചുകൊണ്ടും മെയ് 4-ന് ലോക ഭൗമദിനം ആചരിച്ചു.

ഫാ. ജോസഫ് അലക്സ് ഭൗമദിനാചരണ ചടങ്ങുകൾ ഉത്ഘാടനം ചെയ്തു. ഇടവകാംഗങ്ങളും, ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ പ്രതിനിധികളും ചടങ്ങുകളിൽ സജീവമായി പങ്കെടുത്തു.

മാതാപിതാക്കളും കുട്ടികളും അടങ്ങുന്ന ഇടവക സമൂഹം പരിസ്ഥിതി സംരക്ഷണത്തിന് ഉതകുന്ന വിവിധ പ്രവർത്തനങ്ങളിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കൂടിയുള്ള ഒരു ഒത്തുചേരലായിരുന്നു ഇത്.

പച്ചക്കറിത്തോട്ടം വൃത്തിയാക്കലും കള പറിക്കലും മുതൽ നടുന്നതിനുള്ള തൈകൾ തയ്യാറാക്കലും, രസകരമായ ഒരു റോക്ക് പെയിൻ്റിഗും വരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിപാടികളാണ് ഈ ദിനത്തിൽ നടത്തപ്പെട്ടത്.

ഇടവക വികാരി ഫാ. ടോണി പുല്ലുകാട്ടിന്റെ നേതൃത്വത്തിൽ , ട്രസ്റ്റിമാരും ഗ്രീൻ ആർമി, കെയർ ഫോർ ക്രിയേഷൻ മിനിസ്ട്രി ആനിമേറ്റർമാരും, വർഷങ്ങളായി പരിസ്ഥിതി സംരക്ഷണത്തിൽ സ്തുത്യർഹമായ ശ്രമങ്ങൾ ഇടവക തലത്തിൽ സജീവമായി നടത്തിവരുന്നു. പാഴാക്കുന്ന ഭക്ഷണത്തിൽനിന്നും കമ്പോസ്റ്റിംഗ്,
ജൈവ പച്ചക്കറിത്തോട്ടം, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഭൂമിയെ പരിപാലിക്കാനുള്ള ഇടവകയുടെ സഭയോട് ചേർന്നുള്ള ദൗത്യത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.

ജനസംഖ്യയിലെ വർധനവും, കാലാവസ്ഥാ വ്യതിയാനവും, ആഗോളതാപനവും മറ്റ് പ്രകൃതിദുരന്തങ്ങളും കാരണം അപകടമായ സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോകുമ്പോൾ, ഭൂമിയുടെ സ്വാഭാവികമായ ഘടന നിലനിർത്തേണ്ടതിന്റെയും, ഭാവിതലമുറയ്ക്കായി ഭൂമിയിലെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് അവബോധം വളർത്തുന്നതിനെയും ഉദ്ദേശിച്ചാണ് ദേവാലയം ഇതുപോലുള്ള പരിപാടികൾ വർഷം തോറും സംഘടിപ്പിക്കുന്നത്.

ബോധവത്കരണത്തിനൊപ്പം ഭൂമിയെ സംരക്ഷിക്കാന്‍ ഊര്‍ജ്ജം നല്‍കുകയായിരുന്നു ഈ ദിനത്തിന്റെ ലക്ഷ്യം. ഈ വർഷത്തെ ലോക ഭൗമദിന പ്രമേയമായ “‘പ്ലാനറ്റ് വേഴ്സസ് പ്ലാസ്റ്റിക്” എന്ന വിഷയവുമായി യോജിച്ച്, പ്ലാസ്റ്റിക്കിൽ നിന്ന് ബയോഡീഗ്രേഡബിൾ പേപ്പർ കപ്പുകളിലേക്കുള്ള മാറ്റം, വലിയ ഒത്തുചേരലുകളുള്ള പരിപാടികൾക്ക് റീഫിൽ ചെയ്യാവുന്ന ഗ്ലാസ് ബോട്ടിലുകളുടെ ഉപയോഗം എന്നിവ ഉൾപ്പെടെയുള്ള പരിസ്ഥിതി സൗഹൃദ സമ്പ്രദായങ്ങൾ ദേവാലയത്തിൽ സ്വീകരിച്ചു വരുന്നു.

ഈ നടപടികളിലൂടെ പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനും പരിസ്ഥിതിയിൽ അതിൻ്റെ ദോഷകരമായ ഫലങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള ബോധപൂർവമായ ശ്രമത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

ശരിയായ പുനരുപയോഗം, ഭക്ഷ്യ മാലിന്യങ്ങൾ കുറയ്ക്കൽ, കമ്പോസ്റ്റിംഗ് തുടങ്ങിയ ലളിതവും എന്നാൽ ഫലപ്രദവുമായ സമ്പ്രദായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ദൈവത്തിൻ്റെ സൃഷ്ടിയുടെ ഉത്തരവാദിത്ത പരിപാലനത്തിനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനത്തെ അവ പ്രതിധ്വനിപ്പിക്കുന്നു.

സൃഷ്ടിയിൽ സ്രഷ്ടാവിന്റെ മഹനീയത ദർശിക്കുവാനും, അവനെ സ്തുതിക്കുവാൻ പഠിപ്പിക്കുകയും, ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്ത അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ തിരുനാൾ ദിവസമായ ഒക്ടോബർ മാസം നാലാം തീയതി 2015 ൽ കാലാവസ്ഥാപ്രതിസന്ധിയെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും, സ്രഷ്ടാവിനെയും, സൃഷ്ടിയെയും കൂടുതൽ സ്നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനുമുള്ള ആഹ്വാനം നൽകിക്കൊണ്ട് ഫ്രാൻസിസ് പാപ്പാ എഴുതിയ ‘ലൗദാത്തോ സി’ ചാക്രിക ലേഖനത്തിന്റെ രണ്ടാം ഭാഗമായ “ലൗദാത്തെ ദേയും” എന്ന അപ്പസ്തോലിക പ്രബോധനം പൊതു ഭവനത്തെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ക്രിസ്തീയ വിശ്വാസത്തിൽ നിന്നുമുയരുന്നുവെന്ന യാഥാർഥ്യം ലേഖനത്തിൽ അടിവരയിടുന്നു. ദൈവത്തിനു പകരം തന്നെത്തന്നെ പ്രതിഷ്ഠിക്കുന്ന മനുഷ്യൻ തനിക്കുതന്നെ അപകടം ക്ഷണിച്ചുവരുത്തുന്നുവെന്ന മുന്നറിയിപ്പാണ് ഈ ലേഖനത്തിന്റെ പ്രമേയം. കാലാവസ്ഥാവ്യതിയാനത്തിന്റെ ഇരകളാകുവാൻ വിളിക്കപ്പെട്ടവരായ ദുർബല ജനവിഭാഗത്തിന്റെ സ്വരമായാണ് പാപ്പായുടെ ഈ ലേഖനം.

സൃഷ്ടികളെ പരിപാലിക്കുന്നതിൽ ചെറുതും എന്നാൽ അർത്ഥവത്തായതുമായ പ്രവർത്തനങ്ങൾ ഇടവക സമൂഹം തുടർന്നും സ്വീകരിക്കുമ്പോൾ, സുസ്ഥിരമായ ഭാവിയിലേക്കുള്ള കൂട്ടായ പരിശ്രമങ്ങളുടെ പ്രചോദനാത്മകമായ മാതൃകയായി മാറുകയാണ് സെൻ്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോന ദേവാലയം.

ഭൗമദിനം ആഘോഷങ്ങൾക്ക്‌ ഗ്രീൻ ആർമി കോ ഓർഡിനേറ്റർമാരായ മത്തായി ചേന്നാട്ട്, ജോസ് അലക്സ് , ജോമോൻ സെബാസ്റ്റ്യൻ കെയർ ഫോർ ക്രിയേഷൻ കോഓർഡിനേറ്റർമാരായ മരിയേല പയ്യപ്പിള്ളി, നിഷ അലക്സ്, തെരേസ ടോമി, ബിനോയ് സ്രാമ്പിക്കൽ, സിബി കളപ്പുരക്കൽ എന്നിവർ നേതൃത്വം നൽകി.

 

Author

Leave a Reply

Your email address will not be published. Required fields are marked *