വനത്തില്‍ വീണ്ടും യൂക്കാലിപ്റ്റസ് വച്ചു പിടിപ്പിക്കാന്‍ അനുവദിക്കില്ല: രമേശ് ചെന്നിത്തല

Spread the love

സംസ്ഥാനത്ത് വനഭൂമിയില്‍ വീണ്ടും യൂക്കാലിപ്റ്റസ് മരങ്ങള്‍ വച്ചു പിടിപ്പിക്കാനുള്ള തീരുമാനം അനുവദിക്കുകയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

നമ്മുടെ സ്വാഭാവിക വനത്തെ പാടെ നശിപ്പിക്കുന്നതാണ് ഈ തീരുമാനം. യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ വൃക്ഷങ്ങള്‍ വന്‍തോതില്‍ ഭൂമിയില്‍ നിന്ന് ജലം വലിച്ചെടുക്കുകയും വനത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്യുന്നു എന്ന് അനുഭവത്തില്‍ നിന്ന് തെളിഞ്ഞതാണ്. ഇത് കാരണമാണ് വന്‍തോതില്‍ ആനകളും കാട്ടുമൃഗങ്ങളും ജലവും തീറ്റയുംതേടി ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ ഇത്തരത്തിലുള്ള മനുഷ്യ വന്യജീവി സംഘര്‍ഷം വലിയ ദുരന്തത്തിന്റെ ഭാവം കൈ കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിലാണ് വീണ്ടും യൂക്കാലിപ്റ്റസ് വച്ചുപിടിപ്പിക്കാനുള്ള വിനാശകരമായ തീരുമാനം സര്‍ക്കാരില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ഇത് 2021 ലെ വനനയത്തിന്റെയും 1988 ലെ ദേശീയ വനനയത്തിന്റെയും ലംഘനവും പരിസ്ഥിതി വിരുദ്ധവും ജനവിരുദ്ധവുമാണ്. യൂക്കലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ വൃക്ഷങ്ങള്‍ ഉന്മൂലനം ചെയ്ത് പകരം സ്വാഭാവിക മരങ്ങള്‍ വച്ചു പിടിപ്പിക്കണമെന്നാണ് 2021 ലെ വനനയത്തില്‍ പറയുന്നത്. ഇതിന് വേണ്ടി യു.എന്‍.ഫണ്ടും കൈപ്പറ്റിയ ശേഷമാണ് മറുവശത്തു കൂടി അതേ മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നത് എന്നതാണ് വൈചിത്ര്യം. കേരള വനം വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള വനഭൂമിയിലാണ് യൂക്കലിപ്റ്റസ് വച്ചു പിടിപ്പിക്കാന്‍ നീക്കം നടക്കുന്നത്. പെരിയാര്‍ വന്യമൃഗ സംരക്ഷണകേന്ദ്രത്തിനുള്ളില്‍ പോലും യൂക്കാലി നടാന്‍ പദ്ധതിയുണ്ടെന്നാണ് പുറത്തു വന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍. വനംവികസന കോര്‍പ്പറേഷന്റെ നിലനില്‍പ്പിന് വേണ്ടിയാണ് ഒറ്റത്തവണത്തേക്ക് യൂക്കാലി നടാന്‍ അനുമതി നല്‍കിയതെന്ന വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ പ്രസ്താവന വിചിത്രവും നിരുത്തരവാദപരവുമാണ്. കോര്‍പ്പറേഷന്റെ നിലനില്‍പ്പിന് വനം നശിപ്പിക്കണമെന്നാണോ മന്ത്രി പറയുന്നത്.

ജനവാസ കേന്ദ്രങ്ങളിലേക്ക് ആനക്കൂട്ടങ്ങളും വന്യമൂഗങ്ങളും ഇറങ്ങുന്നത് വനമേഖലയ്ക്ക് പുറത്ത് താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ ആശങ്കാകുലരാക്കിയിരിക്കുകയാണ്. മനുഷ്യജീവനും സ്വത്തും വന്‍തോതില്‍ നഷ്ടമാവുകയും ചെയ്യുന്നു. സ്വാഭാവിക വനം വീണ്ടെടുക്കുകയാണ് ഇതിനുള്ള പ്രയോഗികമായ പരിഹാര മാര്‍ഗ്ഗം. മനുഷ്യ – വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതിയായി ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനവും കാട്ടിനുള്ളില്‍ വെള്ളവും തീറ്റയും ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിശ്ചയിച്ച വിദഗ്ദ സമിതിയും മുഖ്യമന്ത്രി നിയമിച്ച അന്താരാഷ്ട്ര വിദഗ്ദരടങ്ങിയ സമിതിയും ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന കാര്യവും മറന്നു കൊണ്ടുള്ളതണ് സര്‍ക്കാര്‍ നീക്കം. ഇത് അനുദിക്കുകയില്ലെന്നും യൂക്കലിപ്റ്റസ് വച്ചു പിടിപ്പിക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞാല്‍ അതിനെ ചെറുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *