കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ സര്‍ക്കാര്‍; കേരളം നിയന്ത്രിക്കുന്നത് ലഹരി- ഗുണ്ടാ സംഘങ്ങള്‍ : വി.ഡി. സതീശന്‍ (പ്രതിപക്ഷ നേതാവ്)

Spread the love

കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ, ഭരിക്കാന്‍ മറന്ന് പോയ സര്‍ക്കാരാണിത്. അധികാരത്തിന്റെ അഹങ്കാരത്തില്‍ ജനങ്ങളെ ഇത്രത്തോളം വെല്ലുവിളിച്ചൊരു സര്‍ക്കാര്‍ കേരള ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഒരു പണിയും ചെയ്യാതിരിക്കുക എന്നതാണ് എല്ലാ വകുപ്പുകളിലും നടക്കുന്നത്. ജനം അധികാരത്തുടര്‍ച്ച നല്‍കിയിട്ടും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഈ സര്‍ക്കാരിനല്ലാതെ മറ്റ് ഏതെങ്കിലും സര്‍ക്കാരുകള്‍ക്ക് ഇത്രയും ജനവിരുദ്ധമായി പ്രവര്‍ത്തിക്കാനാകുമോ? മഴക്കാലപൂര്‍വ ശുചീകരണം പോലും നേരെ ചൊവ്വെ നടത്താനറിയാത്ത സര്‍ക്കാര്‍. ചികിത്സാ പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്ന ആശുപത്രികള്‍ കാലങ്ങളായി ആര്‍ജ്ജിച്ചെടുത്ത ആരോഗ്യരംഗത്തിന്റെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്. ക്രമസമാധാനം തകര്‍ന്നു. ലഹരി- ഗുണ്ടാ സംഘങ്ങളാണ് സംസ്ഥാനത്തെ നിയന്ത്രിക്കുന്നത്. ആര്‍ക്കും ആരെയും ക്വട്ടേഷന്‍ നല്‍കി കൊല്ലാനോ കാലു വെട്ടാനോ വീട് ആക്രമിക്കാനോ സാധിക്കുന്ന ഗ്യാങ്സ്റ്റര്‍ സ്റ്റേറ്റായി കേരളം മാറി. ലഹരി – ഗുണ്ടാ മാഫിയകളുടെ അഴിഞ്ഞാട്ടം. ആഭ്യന്തര വകുപ്പും അതിനൊരു മന്ത്രിയും ഈ നാട്ടില്‍ ഉണ്ടോയെന്നു സംശയം തോന്നും. സാധാരണക്കാര്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പാടുപെടുമ്പോള്‍ മറുഭാഗത്ത് ധൂര്‍ത്തും അഴിമതിയും മുഖമുദ്രയാക്കിയ സര്‍ക്കാര്‍. സി.പി.എമ്മിനും പാര്‍ട്ടി ബന്ധുക്കള്‍ക്കും കിട്ടുന്ന വഴിവിട്ട സഹായമല്ലാതെ ആര്‍ക്കാണ് സര്‍ക്കാരിനെ കൊണ്ട് ഗുണമുള്ളത്? അഴിമതി ആരോപണങ്ങള്‍ തെളിവ് സഹിതം നല്‍കിയിട്ടും നാവനക്കാതിരുന്ന മുഖ്യമന്ത്രിയും സര്‍ക്കാരുമാണിത്. സ്വയ രക്ഷയ്ക്ക് സംഘപരിവാറുമായും മോദിയുമായും ഒത്തുതീര്‍പ്പുണ്ടാക്കിയ മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. ഇവിടെ ഭയമാണ് ഭരിക്കുന്നത്.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയെന്ന് കള്ളപ്രചരണം നടത്തുന്ന പിണറായി വിജയനാണ് പാവങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാതെ ഇപ്പോഴും മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ട് ആറു മാസമായി. കെട്ടിട നിര്‍മ്മാണ തൊഴിലാളികളുടേത് ഉള്‍പ്പെടെയുള്ള ക്ഷേമനിധി പെന്‍ഷനുകള്‍ ഒരു വര്‍ഷമായി നല്‍കുന്നില്ല. മാവേലി സ്റ്റോറുകളില്‍ സാധനങ്ങളും ആശുപത്രികളില്‍ മരുന്നുകളും ഇല്ല. ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും 40000 കോടി കുടിശിക.16000 കോടി രൂപ കരാറുകാര്‍ക്ക് കുടിശിക വരുത്തിയതിനെ തുടര്‍ന്ന് അടിസ്ഥാന സൗകര്യം വികസന മേഖല നിശ്ചലമായി. ഉച്ചക്കഞ്ഞി വിതരണത്തിന്റെ പണം പ്രധാന അധ്യാപകര്‍ക്ക് ഇപ്പോഴും നല്‍കിയിട്ടില്ല. ഖജനാവില്‍ പൂച്ച പെറ്റു കിടക്കുകയാണെങ്കിലും സര്‍ക്കാരിന്റെ ധൂര്‍ത്തിനും അഴിമതിക്കും ഒരു കുറവുമില്ല. പിണറായി വിജയന്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി തകര്‍ത്തു തരിപ്പണമാക്കി.

സര്‍ക്കാരും സി.പി.എം ബന്ധുക്കളും നടത്തിയ എത്രയെത്ര അഴിമതികളാണ് പ്രതിപക്ഷം തെളിവ് സഹിതം പിടികൂടിയത്. മുഖ്യമന്ത്രിയുടെ മകള്‍ കരിമണല്‍ കമ്പനി ഉള്‍പ്പെടെയുള്ള നിരവധി സ്ഥാപനങ്ങളില്‍ നിന്നും കോടിക്കണക്കിന് രൂപയാണ് മാസപ്പടിയായി കൈപ്പറ്റിയത്. മകള്‍ക്കെതിരെ തെളിവുകള്‍ പുറത്തു വന്നിട്ടും, ഉളുപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി കസേരയില്‍ നിന്നും രാജിവച്ച് ഇറങ്ങിപ്പോകണമെന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ പ്രസംഗിച്ച പിണറായി വിജയന് ഇപ്പോള്‍ മിണ്ടാട്ടമില്ല. വിലക്കയറ്റത്തിനും നികുതിക്കൊള്ളയ്ക്കും പുറമെ ജനങ്ങളുടെ പോക്കറ്റടിക്കാന്‍ നിരത്തുകളില്‍ എ.ഐ ക്യാമറ സ്ഥാപിച്ചതിന്റെ പേരിലും കോടികളുടെ അഴിമതിയാണ് നടത്തിയത്. കെ ഫോണിന്റെ പേരിലും സമാനമായ കൊള്ളയാണ് നടത്തിയത്. ഈ രണ്ട് അഴിമതികളിലും മുഖ്യമന്ത്രിയുടെ കുടുംബം സംശയനിഴലിലാണ്. തെളിവ് സഹിതം പ്രതിപക്ഷം ഈ അഴിമതികള്‍ പുറത്ത് കൊണ്ടു വന്നിട്ടും അന്വേഷണം പ്രഖ്യാപിക്കാനോ പ്രതികരിക്കാനോ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല.

പാവങ്ങള്‍ക്ക് വീട് നല്‍കുന്ന പദ്ധതികളും ഈ സര്‍ക്കാര്‍ അവതാളത്തിലാക്കി. ലൈഫ് മിഷനെയും ഈ സര്‍ക്കാര്‍ അഴിമതിയുടെ താവളമാക്കി മാറ്റി. 20 കോടിയുടെ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്നും 9 കോടി തട്ടിയെടുത്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവര്‍ ജയിലിലായി. 2023-24 ബജറ്റില്‍ ലൈഫ് മിഷനിലൂടെ 71861 വീടുകള്‍ പണിയുമെന്ന് പ്രഖ്യാപിച്ചിട്ടും നിര്‍മ്മിക്കാനായത് 31356 വീടുകള്‍ മാത്രം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അഞ്ച് വര്‍ഷം കൊണ്ട് നാലര ലക്ഷത്തിലേറെ വീടുകള്‍ പണിതപ്പോഴാണ് കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ നാല് ലക്ഷത്തില്‍ താഴെ വീടുകള്‍ നിര്‍മ്മിച്ചത്. എസ്.സി- എസ്.ടി, മത്സ്യത്തൊഴിലാളി മേഖലകളിലുള്ളവരുടെ വീട് നിര്‍മ്മാണത്തിന് പ്രത്യേകമായ പദ്ധതികള്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നു. ഈ പദ്ധതികളൊക്കെ ലൈഫ് മിഷനില്‍ ലയിപ്പിച്ചതോടെ ഈ വിഭാഗങ്ങള്‍ക്ക് കിട്ടേണ്ടിയിരുന്ന പരിഗണന ഇല്ലാതായി. പാവങ്ങളുടെ വീടെന്ന സ്വപ്‌നം അട്ടിമറിച്ച മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് ലൈഫ് മിഷന്റെ പേരില്‍ ഊറ്റം കൊള്ളുന്നത്.

സംസ്ഥാനത്തെ ദാരിദ്ര്യം തുടച്ചു നീക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനം ചിരിച്ചു തള്ളുമെന്ന് എനിക്ക് ഉറപ്പുണ്ട്. വിലക്കയറ്റവും തൊഴിലില്ലായ്മയും നികുതി ഭീകരതയും അടിച്ചേല്‍പ്പിച്ച അതേ സര്‍ക്കാരാണ് ജനങ്ങളോട് സംസ്ഥാനത്ത് ദാരിദ്ര്യമെ ഇല്ലെന്നു പറയുന്നത്. വെള്ളക്കരം മുന്നിരട്ടിയാക്കി. വൈദ്യുതി ചാര്‍ജിന്റെ പേരിലും കൊള്ളയാണ്. ക്ഷേമ പെന്‍ഷന്‍ നല്‍കാനെന്ന പേരില്‍ ഏര്‍പ്പെടുത്തിയ ഇന്ധന സെസും ജനത്തിനുള്ള ഇരുട്ടടിയാണ്. വിലക്കയറ്റം പിടിച്ചു നിര്‍ത്തേണ്ട സപ്ലൈകോയില്‍ സാധനങ്ങളൊന്നുമില്ല. നീതിപൂര്‍വകമല്ലാതെ കെട്ടിട പെര്‍മ്മിറ്റ് ഫീസും കുത്തനെ വര്‍ധിപ്പിച്ചു.

അടിസ്ഥാന സൗകര്യ വികസനത്തിലും കരുതലിലും മികച്ച മാതൃകയായിരുന്നു യു.ഡി.എഫ് സര്‍ക്കാര്‍. കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം അടക്കമുള്ള അന്താരാഷ്ട്ര നിലവാരമുള്ള അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം താഴെത്തട്ടിലുള്ള ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ‘കാരുണ്യ’ ഉള്‍പ്പെടെയുള്ള എത്രയെത്ര പദ്ധതികളാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇതൊക്കെ ഇല്ലാതാക്കുകയും യു.ഡി.എഫ് കൊണ്ടുവന്ന എല്ലാ വികസന പദ്ധതിക്കളുടെയും പിതൃത്വം ഏറ്റെടുക്കുകയും ചെയ്തല്ലാതെ മറ്റെന്താണ് കഴിഞ്ഞ എട്ടു വര്‍ഷമായി പിണറായി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കിയത്?

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടത്തിയെന്ന് ഇപ്പോഴും വീമ്പടിക്കുന്നവര്‍ നിലവില്‍ ആ രംഗം നേരിടുന്ന നിലവാരത്തകര്‍ച്ച കാണുന്നില്ലേ? ഒരു കാലത്ത് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് എത്ര അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് രക്ഷിതാക്കള്‍ കുട്ടികളെ അയച്ചിരുന്നത്. അന്ന് സര്‍ക്കാര്‍ സ്‌കൂളുകള്‍ തിരഞ്ഞെടുത്ത പല കുട്ടികളും സ്വകാര്യ സ്‌കൂളുകള്‍ തേടിപ്പോയി. മലബാര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ആവശ്യത്തിന് ബാച്ചുകള്‍ അനുവദിക്കാതെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തെയും താറുമാറാക്കി. മികവിന്റെ കേന്ദ്രങ്ങളാകേണ്ട സര്‍വകലാശാലകളെ സി.പി.എം നിയന്ത്രണത്തിലാക്കി. വ്യാജ സര്‍ട്ടിഫിക്കറ്റും ആള്‍മാറാട്ടവും പരീക്ഷ തട്ടിപ്പും എഴുതാത്ത പരീക്ഷയ്ക്കുള്ള വിജയവുമൊക്കെയാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഇന്നത്തെ അവസ്ഥ. ഭരണത്തണലില്‍ എസ്.എഫ്.ഐ ക്രിമിനല്‍ സംഘം കോളജുകളെ ഇടിമുറികളാക്കി മാറ്റി. വെറ്റനറി വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ കൊന്ന് കെട്ടിത്തൂക്കിയ ക്രിമിനല്‍ സംഘത്തിന് സി.പി.എം നല്‍കിയ സംരക്ഷണം കേരളത്തിലെ രക്ഷിതാക്കളെയാണ് അരക്ഷിതത്വത്തിലാക്കിയത്. ഉപരിപഠനത്തിന് വിദേശത്ത് പോകാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതും ഈ രംഗത്തെ നിലവാരത്തകര്‍ച്ചയും അമിത രാഷ്ട്രീയവത്ക്കരണവും അല്ലാതെ മറ്റെന്താണ്?

രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാക്കി കേരളത്തെ മാറ്റി. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും മുഖ്യമന്ത്രിക്ക് മുന്നില്‍ മുട്ടിലിഴഞ്ഞ് സമരം ചെയ്യേണ്ട അവസ്ഥയിലാണ് ഉദ്യോഗാര്‍ത്ഥികള്‍. പി.എസ്.സിയെയും എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളെയും നോക്കുകുത്തിയാക്കി സി.പി.എം പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും പിന്‍വാതില്‍ നിയമനം നല്‍കുന്ന സര്‍ക്കാര്‍ വെല്ലുവിളിക്കുന്നത് ഈ നാട്ടിലെ യുവജനങ്ങളെയാണ്. വീടും സ്ഥലവും ഈട് നല്‍കിയും സ്വന്തം സമ്പാദ്യം ചെലവഴിച്ചും തുടങ്ങിയ സംരംഭങ്ങളെ സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയുള്ള തട്ടിപ്പായിരുന്നു എല്‍.ഡി.എഫ് കൊട്ടിഘോഷിച്ച സംരംഭക വര്‍ഷം പദ്ധതി. കെ.എസ്.ആര്‍.ടി.സി, സപ്ലൈകോ, കെ.എസ്.ഇ.ബി, കെ.എഫ്.സി ഉള്‍പ്പെടെ അഭിമാനകരമായ പൊതുമേഖലാ സ്ഥാപനങ്ങളെ അഴിമതിയുടെ കേന്ദ്രങ്ങളാക്കി ഈ സര്‍ക്കാര്‍ തകര്‍ത്തു.

കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്നു. കര്‍ഷക ആത്മഹത്യ ചരിത്രത്തില്‍ ഇല്ലാത്തവിധം വര്‍ധിച്ചു. മലയോര മേഖലകളില്‍ വന്യജീവികളുടെ ആക്രമണം കാര്‍ഷിക വിളകളും കടന്ന് വീടുകളിലേക്കെത്തി. ജീവനുകള്‍ എടുത്തിട്ടും മുഖ്യമന്ത്രിക്കോ വനംമന്ത്രിക്കോ മിണ്ടാട്ടമില്ല. ഇരകളാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കി ചേര്‍ത്ത് പിടിക്കാനും സര്‍ക്കാര്‍ തയാറാകുന്നില്ല. റബറിന് 250 രൂപ താങ്ങുവില നല്‍കുമെന്ന എല്‍.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കിയില്ലെന്നു മാത്രമല്ല, ബജറ്റില്‍ റബര്‍ ഇസെന്റീവ് സ്‌കീമിനായി വകയിരുത്തിയ തുകയുടെ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് ചെലവഴിച്ചത്. എട്ട് വര്‍ഷത്തിനിടെ താങ്ങുവില വെറും 30 രൂപ മാത്രമാണ് ഈ സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. സംഭരണ തുക സമയബന്ധിതമായി നല്‍കാത്തതിനാല്‍ നെല്‍ കര്‍ഷകരും ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ്. നാളികേരം, ഏലം, കുരുമുളക്, കാപ്പി, തേയില ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലയിലുള്ളവരും പ്രതിസന്ധിയിലാണ്. കാര്‍ഷിക മേഖലയും കര്‍ഷകരുമൊന്നും ഈ സര്‍ക്കാരിന് മുന്‍ഗണനകളേയല്ല.

കേരളം ഗുണ്ടകളുടെ കൈപ്പിടിയിലാണ്. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പുമായി ഒരു ബന്ധവുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. ലഹരി സംഘങ്ങളുടെയും ഗുണ്ടകളുടെയും നിയന്ത്രണത്തിലാണ് കേരളം. ഗുണ്ടകളെ പേടിച്ച് കാപ്പ നിയമം പോലും നടപ്പാക്കുന്നില്ല. പാര്‍ട്ടി നേതാക്കളാണ് പൊലീസിനെ ഭരിക്കന്നത്. പന്തീരാങ്കാവില്‍ പെണ്‍കുട്ടി ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും പരാതിയുമായി എത്തിയ പിതാവിനെ എസ്.എച്ച്.ഒ പരിഹസിച്ചു. പ്രതിക്ക് നാട് വിടാനുള്ള സൗകര്യവും പൊലീസ് ഒരുക്കിക്കൊടുത്തു. പരാതിയുമായി ഒരു സ്ത്രീക്കും പൊലീസ് സ്റ്റേഷനുകളില്‍ പോകാനാകാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഇത്രയുമേറെ അതിക്രമങ്ങള്‍ ഉണ്ടായിട്ടുള്ള കാലവും വേറെയില്ല.

സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ് കേരളത്തെ ഗുരുതര ധനപ്രതിസന്ധിയില്‍ എത്തിച്ചത്. ചരിത്രത്തില്‍ ആദ്യമായി ജീവനക്കാരുടെ ശമ്പളം മുടങ്ങി. ഒന്നര വര്‍ഷത്തിലേറെയായി സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം നിലനില്‍ക്കുന്നു. ധനക്കമ്മി, മൊത്തം കടം, റവന്യൂ കമ്മി തുടങ്ങി സാമ്പത്തിക സൂചകങ്ങളെല്ലാം അപകടകരമായി നിലയിലേക്ക് ഉയര്‍ന്നു. പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 1.6 ലക്ഷം കോടിയായിരുന്ന മൊത്തം കടം നിലവില്‍ 4 ലക്ഷം കോടിയിലെത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം മുടക്കിയതോടെ വികസന- ക്ഷേമ പദ്ധതികളെല്ലാം അവതാളത്തിലായി. സാമ്പത്തിക പ്രതിസന്ധിക്ക് മറുമരുന്ന് എന്ന പേരില്‍ അവതരിപ്പിച്ച കിഫ്ബി ഇപ്പോള്‍ സംസ്ഥാനത്തിന് തന്നെ ബാധ്യതയാണ്. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത പ്രതിസന്ധിയിലേക്കാണ് എട്ട് വര്‍ഷം കൊണ്ട് പിണറായി സര്‍ക്കാര്‍ ഈ സംസ്ഥാനത്തെ തള്ളിയിട്ടിരിക്കുന്നത്. ഈ ദുര്‍ഭരണം ഇനിയും രണ്ട് വര്‍ഷം സഹിക്കേണ്ട ദുര്‍വിധിയിലാണ് കേരളീയര്‍.

Author

Leave a Reply

Your email address will not be published. Required fields are marked *