പൊതുജനാരോഗ്യ നിയമം ആലപ്പുഴയിൽ കർശനമായി നടപ്പിലാക്കും -ജില്ലാ പൊതുജനാരോഗ്യ സമിതി

Spread the love

കനത്ത പിഴ ഈടാക്കാൻ നിയമത്തിൽ വ്യവസ്ഥ.
* ആദ്യഘട്ടം ബോധവത്കരണം
ആലപ്പുഴ: കേരള നിയമസഭ പാസാക്കിയ കേരള പൊതുജനാരോഗ്യ നിയമം- 2023 ജില്ലയിൽ കർശനമായി നടപ്പിലാക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരിയുടെ അധ്യക്ഷതയിൽ കൂടിയ ജില്ലാ പൊതുജനാരോഗ്യ സമിതി യോഗത്തിൽ തീരുമാനമായി. ജില്ല കളക്ടറാണ് സമിതിയുടെ ഉപാധ്യക്ഷൻ. പ്രഥമ ഘട്ടമായി നിയമത്തിലെ വ്യവസ്ഥകളെ സംബന്ധിച്ച് ബോധവത്ക്കരണ പരിപാടികൾ നടത്തുമെന്ന് ജില്ലാ പൊതുജനാരോഗ്യ സമിതിയുടെ അധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. യോഗത്തിൽ ജില്ലാ പബ്‌ളിക് ഹെൽത്ത് ഓഫീസർ കൂടിയായ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.ജമുനാ വർഗീസ് നിയമത്തിന്റെ വ്യവസ്ഥകൾ വിശദീകരിച്ചു.സമിതിയംഗങ്ങളായ ഗവ ടി ഡി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ, മെഡിക്കൽ സൂപ്രണ്ട്, ഭാരതീയ ചികിത്സ വിഭാഗം ഡി എം ഒ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ , തദ്ദേശസ്വയംഭരണ വകുപ്പ്, ഭക്ഷ്യസുരക്ഷ, കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, ക്ഷീര വികസന വകുപ്പ് പ്രതിനിധികൾ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.പകർച്ചവ്യാധി നിയന്ത്രണത്തിലും പ്രതിരോധത്തിലും മറ്റു പൊതുജനാരോഗ്യ വിഷയങ്ങളിലും വളരെ വിപുലമായ അധികാരങ്ങൾ ആണ് നിയമം ഉറപ്പാക്കുന്നത്.
നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാത്തത് കുറ്റ കൃത്യമായി കണക്കാക്കി പിഴയുൾപ്പടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കാൻ സമിതിക്ക് അധികാരമുണ്ട്. പകർച്ചവ്യാധികൾ പടരാനിടയാക്കുന്ന സാഹചര്യങ്ങൾ (ഉദാഹരണം കൊതുക് പെരുകാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ, ജലമലിനീകരണം ) കണ്ടെത്തിയാൽ പതിനായിരം രൂപ പിഴ മുതൽ തടവു ശിക്ഷ വരെ ലഭിക്കാവുന്നതാണ്. വിവിധ വകുപ്പുകൾ പ്രകാരം കുറ്റകൃത്യങ്ങൾക്ക് 2 ലക്ഷം രൂപ വരെ പിഴ ഈടാക്കാനായി നിയമം അനുശാസിക്കുന്നുണ്ട്.വൃത്തിഹീനമായ ഭക്ഷ്യവസ്തുക്കൾ ,ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവരുടെ ശുചിത്വമില്ലായ്മ തുടങ്ങിയവ കണ്ടെത്തിയാൽ സ്ഥാപനം പൂട്ടുന്നതാണ്.ഓവുചാലിൻറെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതിന്- 15000 മുതൽ 30000, പകർച്ചവ്യാധിക്ക് കാരണമാകുന്ന വെള്ളം, ഭക്ഷണം എന്നിവ വിതരണം ചെയ്യുക-5000 മുതൽ 10000, വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കാതിരിക്കുക- 2000 വരെ, വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരത്ത് കൊതുകുകളുടെ ഉറവിടം കാണപ്പെടുക-10000 വരെ തുടങ്ങി നിരവധി വ്യവസ്ഥകൾ നിയമത്തിലുണ്ടെന്ന് ഡി.എം.ഓ വിശദീകരിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *