ബാര്‍ കോഴയില്‍ സര്‍ക്കാരിനോട് പ്രതിപക്ഷ നേതാവിന്റെ 6 ചോദ്യങ്ങള്‍ – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് പറവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനം (26/05/2024).

എക്‌സൈസ്- ടൂറിസം മന്ത്രിമാര്‍ പച്ചക്കള്ളം പറഞ്ഞതെന്തിന്? ബാര്‍ കോഴയില്‍ സര്‍ക്കാരിനോട് പ്രതിപക്ഷ നേതാവിന്റെ 6 ചോദ്യങ്ങള്‍

കൊച്ചി (പറവൂര്‍) :  1. എക്‌സൈസ് വകുപ്പിനെ മറികടന്ന് ടൂറിസം വകുപ്പ് എന്തിനാണ് മദ്യനയത്തില്‍ ഇടപെട്ടത്?

2. ടൂറിസം വകുപ്പിന്റെ അനാവശ്യ തിടുക്കം എന്തിനു വേണ്ടിയായിരുന്നു?

3. ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് രണ്ടു മന്ത്രിമാരും കള്ളം പറഞ്ഞതെന്തിന്?

4. ഡി.ജി.പിക്ക് എക്സൈസ് മന്ത്രി നല്‍കിയ പരാതി അഴിമതിയില്‍ നിന്ന് ശ്രദ്ധതിരിക്കാനല്ലേ? ആര് ആരോപണം ഉന്നയിച്ചാലും അവര്‍ക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിക്കുന്നത്.

5. കെ.എം മാണിക്കെതിരെ ബാര്‍ കോഴ ആരോപണം ഉണ്ടായപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്തത്. ആ മാതൃക

സ്വീകരിക്കാത്തതെന്ത്?

   

6. സര്‍ക്കാരിനെതരെ ഗുരുതര ആരോപണം ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ മൗനം എന്തുകൊണ്ട്?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞേ മതിയാകൂ.

മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതി പുറത്തു വന്നതിന് പിന്നാലെ ബാര്‍ ഉടമകള്‍ ഉള്‍പ്പെടെ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന എക്‌സൈസ് ടൂറിസം മന്ത്രിമാരുടെ പ്രസ്താവനകള്‍ പച്ചക്കള്ളമാണ്. കഴിഞ്ഞ രണ്ടു മാസമായി മദ്യ നയം സംബന്ധിച്ച് കൂടിയാലോചനകള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ മാസം ആദ്യം ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത പ്രതിമാസ യോഗത്തില്‍ മദ്യ നയത്തിലെ മാറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തി. മെയ് 21- ന് ടൂറിസം വകുപ്പ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബാര്‍ ഉടമകളും പങ്കെടുത്തു. സൂം വഴി നടത്തിയ ആ യോഗത്തിന്റെ ലിങ്ക് എന്റെ കൈവശമുണ്ട്. ആ യോഗത്തില്‍ ഡ്രൈ ഡേയെ കുറിച്ചും ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടുന്നതിനെ കുറിച്ചും ചര്‍ച്ച നടന്നിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് എറണാകുളത്ത് ചേര്‍ന്ന ബാര്‍ ഉടമകളുടെ യോഗത്തില്‍ പണപ്പിരിവിന് നിര്‍ദ്ദേശം നല്‍കിയത്. ഒരു കൂടിയാലോചനയും നടന്നില്ലെന്ന് രണ്ടു മന്ത്രിമാരും പറഞ്ഞത് പച്ചക്കള്ളമാണ്.

അബ്ക്കാരി നിയമത്തില്‍ മാറ്റം വരുത്തുന്നതില്‍ ടൂറിസം വകുപ്പിന് എന്ത് കാര്യമാണുള്ളത്? ടൂറിസം വകുപ്പ് ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ടാണ് എക്‌സൈസ് ടൂറിസം മന്ത്രിമാര്‍ രാജി വയ്ക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടത്. ടൂറിസം വകുപ്പ് അനാവശ്യ ഇടപെടല്‍ നടത്തിയിട്ടുണ്ട്. എന്തിനാണ് ടൂറിസം വകുപ്പ് ബാര്‍ ഉടമകളുടെ യോഗം വിളിച്ചത്. എക്‌സൈസ് വകുപ്പില്‍ ടൂറിസം മന്ത്രി കൈകടത്തിയെന്ന ആക്ഷേപം ഉണ്ടോയെന്ന് എം.ബി രാജേഷാണ് വ്യക്തമാക്കേണ്ടത്. ടൂറിസം വകുപ്പ് ഇടപെട്ടെന്ന ആരോപണം തെളിവുകളോടെയാണ് പ്രതിപക്ഷം ഉന്നയിച്ചത്. ബാര്‍ കോഴയില്‍ വിദ്യാര്‍ത്ഥി യുവജന സംഘടനകളും കോണ്‍ഗ്രസും യു.ഡി.എഫ് ഘടകകക്ഷികളും യു.ഡി.എഫും സമരം നടത്തും. വിഷയം നിയമസഭയിലും ഉന്നയിക്കും. വിഷയം സബ്ജക്ട് കമ്മിറ്റിയില്‍ വന്നപ്പോഴും യു.ഡി.എഫ് അംഗങ്ങള്‍ എതിര്‍ത്തിട്ടുണ്ട്.

വാര്‍ത്ത എങ്ങനെ പുറത്തു പോയി എന്നതല്ലാതെ അഴിമതിയെക്കുറിച്ചല്ല സര്‍ക്കാര്‍ അന്വേഷിക്കുന്നത്. സ്വപ്‌ന സുരേഷിന്റെ ആരോപണത്തിലും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്കെതിരായ ആരോപണത്തിലും തെറ്റുകളെ കുറിച്ചല്ല അന്വേഷിച്ചത്. പൊലീസ് അന്വേഷണം പ്രഹസനമാക്കി മാറ്റുകയാണ്. രണ്ട് മന്ത്രിമാരും രാജി വച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം. രണ്ട് മന്ത്രിമാരും പച്ചക്കള്ളം പറഞ്ഞ ശേഷമാണ് വിദേശത്തേക്ക് പോയത്.

പണം കൊടുത്തില്ലെങ്കില്‍ മദ്യ നയത്തില്‍ മാറ്റം വരില്ലെന്നാണ് ബാര്‍ ഉടമയുടെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. ഓഡിയോ സന്ദേശത്തിലും യോഗത്തിന്റെ അജണ്ടയിലും കെട്ടിട നിര്‍മ്മാണം സംബന്ധിച്ച പണപ്പിരിവിനെ കുറിച്ചല്ല പറഞ്ഞിരിക്കുന്നത്. മദ്യ നയം മാറ്റണമെങ്കില്‍ പണം നല്‍കിയേ മതിയാകൂവെന്ന് വ്യക്തമായിരിക്കുകയാണ്. അതിന് വേണ്ടിയാണ് ബാര്‍ ഉടമകളുടെ സംഘടന യോഗം ചേര്‍ന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറിയാല്‍ മദ്യ നയത്തില്‍ മാറ്റം വരുത്താമെന്നതാണ് സര്‍ക്കാരിന്റെ ഉറപ്പ്. എന്നിട്ടാണ് ഇതേക്കുറിച്ച് ആലോചിച്ചിട്ടേയില്ലെന്ന് മന്ത്രിമാര്‍ പച്ചക്കള്ളം പറഞ്ഞത്.

2016 ല്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ മദ്യവര്‍ജ്ജന സമിതിക്കാരെയും മദ്യ നിരോധനക്കാരെയും കൂട്ടി മദ്യം വ്യാപകമാക്കുന്നതിനെ ശക്തിയായി എതിര്‍ക്കുമെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. അന്ന് 29 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ബാര്‍ അനുവദിച്ചതിനെ എതിര്‍ത്തുകൊണ്ടാണ് പിണറായി വിജയന്‍ സംസാരിച്ചത്. എല്‍.ഡി.എഫ് വരും എല്ലാ ശരിയാകുമെന്ന് പറഞ്ഞ ആള്‍ വന്നപ്പോഴാണ് എല്ലാം ശരിയായത്. വ്യാപകമായി ബാറുകള്‍ അനുവദിക്കുകയാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ 130 ബാറുകള്‍ക്കാണ് അനുമതി നല്‍കിയത്. ഇതിന് പിന്നില്‍ സാമ്പത്തിക താല്‍പര്യമാണ്. ബാര്‍ പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോഴാണ് കെ.എം മാണിക്കെതിരെ ആരോപണം ഉന്നയിച്ചത്. ബാര്‍ ഉടമകള്‍ക്കു വേണ്ടി അദ്ദേഹം ഒരു സഹായവും ചെയ്തു കൊടുത്തിട്ടില്ല.

Author

Leave a Reply

Your email address will not be published. Required fields are marked *