ബാര്‍ കോഴ അഴിമതിയില്‍ മന്ത്രിമാരെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥരെക്കൊണ്ട് നുണ പറയിപ്പിക്കുന്നു; മന്ത്രിയുടെ ഓഫീസില്‍ നിന്നാണോ ടൂറിസം ഡയറക്ടറുടെ പ്രസ്താവന ഇറക്കുന്നത്? : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്.

എക്‌സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തു.

തിരുവനന്തപുരം :  ടൂറിസം വകുപ്പ് മെയ് 21- ന് നടത്തിയ യോഗത്തിലാണ് മദ്യ നയത്തില്‍ ഭേദഗതി വരുത്തണമെന്ന തീരുമാനം എടുത്തത്. ഇതിന് പിന്നാലെയാണ് ബാര്‍ ഉടമകളുടെ സംഘടന എറണാകുളത്ത് യോഗം ചേര്‍ന്ന് പണപ്പിരിവ് നടത്താന്‍ തീരുമാനിച്ചത്. പണം കിട്ടിയില്ലെങ്കില്‍ ഒന്നും നടക്കില്ലെന്നും ശബ്ദരേഖയില്‍ വ്യക്തമായി പറയുന്നുണ്ട്. മദ്യ നയ ഭേദഗതി സംബന്ധിച്ച് ആലോചനയേ നടന്നിട്ടില്ലെന്ന് രണ്ടു മന്ത്രിമാരും പറഞ്ഞത് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടൂറിസം ഡയറക്ടറുടെ പേരില്‍ പ്രസ്താവന ഇറങ്ങിയത്. പി.ആര്‍.ഡിയോ ടൂറിസം വകുപ്പിലെ പി.ആര്‍.ഒയോ അല്ല ഈ പ്രസ്താവന ഇറക്കിയത്. മന്ത്രിയുടെ ഓഫീസില്‍ നിന്നു തന്നെയാണ് ടൂറിസം ഡയറക്ടറുടെ പേരില്‍ പ്രസ്താവന ഇറക്കിയത്. മന്ത്രിയുടെ ഓഫീസില്‍ നിന്നാണോ ടൂറിസം ഡയറക്ടറുടെ പ്രസ്താവന ഇറക്കുന്നത്. യോഗത്തില്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നാണ് പറയുന്നത്. ഇന്നലെ പ്രതിപക്ഷം പുറത്ത് വിട്ട സൂം ലിങ്കിന്റെ സ്‌ക്രീന്‍ ഷോട്ടില്‍ അബ്ക്കാരി പോളിസി റിവ്യൂ ആണ് വിഷയമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അബ്ക്കാരി പോളിസി റിവ്യൂ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിനാണോ? അബ്ക്കാരി പോളിസി തീരുമാനിക്കുന്നത് ടൂറിസം വകുപ്പാണോ? എന്ത് ഭരണമാണ് ഇവിടെ നടക്കുന്നത്?

ടൂറിസം വകുപ്പ് അനധികൃതമായാണ് ഇടപെട്ടത്. മന്ത്രിമാര്‍ ന്യായീകരിക്കാന്‍ ശ്രമിച്ച് പൊളിഞ്ഞപ്പോള്‍ ഉദ്യോഗസ്ഥരെക്കൊണ്ട് നുണ പറയിപ്പിക്കുകയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചാലുടന്‍ പുതിയ മദ്യ നയം നടപ്പാക്കുമെന്നതായിരുന്നു ഉറപ്പ്. അതിന് പണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. മദ്യനയവുമായി ബന്ധപ്പെട്ടാണ് അഴിമതി. ഇക്കാര്യം ബാര്‍ ഉടമകളുടെ സംഘടനയുടെ ജില്ലാ പ്രസിഡന്റ് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. പിന്നീട് അയാളെ ഭയപ്പെടുത്തി മാറ്റിപ്പറയിപ്പിച്ചിട്ട് എന്ത് കാര്യം? ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മദ്യനയത്തില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ടൂറിസം സെക്രട്ടറിയോട് റിപ്പോര്‍ട്ട് ചോദിച്ചത് എന്തിനാണ്? എക്‌സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്യുകയാണ്. എക്‌സൈസ് വകുപ്പ് ചെയ്യേണ്ട കാര്യങ്ങളാണ് ടൂറിസം വകുപ്പ് ചെയ്തത്. ടൂറിസം വകുപ്പ് തീരുമാനം എടുത്ത് പണം ആവശ്യപ്പെടുമ്പോഴും എക്‌സൈസ് വകുപ്പ് നോക്കുകുത്തിയായി നില്‍ക്കുകയാണ്.

ബാറുകളുടെ ടേണ്‍ ഓവര്‍ ടാക്‌സ് സംബന്ധിച്ച് പ്രതിപക്ഷം ചോദിച്ച നിയമസഭ ചോദ്യത്തിന് ഒരു വര്‍ഷമായിട്ടും മറുപടി നല്‍കിയിട്ടില്ല. ബാറുകളുടെ എണ്ണം വര്‍ധിച്ചിട്ടും ടേണ്‍ ഓവര്‍ ടാക്‌സ് താഴോട്ട് പോയി. ബാറുകളില്‍ ഒരു പരിശോധനയും നടത്തുന്നില്ല. നികുതി വരുമാനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. നടപടി എടുക്കുമെന്ന് മന്ത്രി പറഞ്ഞിട്ടും ഒന്നുമായില്ല. കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്റെ മുഖമുദ്ര.

ക്രമസമാധാനം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഇന്ന് പൊലീസിന്റെ യോഗം വിളിച്ചിരിക്കുകയാണ്. മാരാരിക്കുളത്ത് ഒരാള്‍ വണ്ടിയുടെ ചില്ല് തകര്‍ത്ത് തോക്ക് ചൂണ്ടിയിട്ടും പ്രതിയെ പിടിക്കാന്‍ പോലീസ് തയാറായില്ല. തോക്ക് ചൂണ്ടിയ മനോജ് എന്ന ക്രിമിനല്‍ സി.പി.എം ഏരിയ കമ്മിറ്റി നേതാവിന്റെ അടുത്ത ആളാണെന്നും അയാള്‍ക്കെതിരെ പരാതി നല്‍കാതെ വേഗം രക്ഷപ്പെട്ടോളാനുമാണ് പൊലീസ് പറഞ്ഞത്. ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ്. സി.പി.എം ജില്ലാ കമ്മിറ്റിയാണ് എസ്.പിയെ നിയന്ത്രിക്കുന്നത്. എസ്.എച്ച്.ഒമാരെ നിയന്ത്രിക്കുന്നത് പാര്‍ട്ടി ഏരിയാ നേതാക്കളാണ്.

 

Author

Leave a Reply

Your email address will not be published. Required fields are marked *