എലിപ്പനി ; ശക്തമായി ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്

Spread the love

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ, എച്ച് 1 എൻ 1 തുടങ്ങിയ പകർച്ചവ്യാധികളാണ് പൊതുവേ കൂടുതലായി കാണുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാൽ എലിപ്പനിയ്‌ക്കെതിരെ വളരെയേറെ ശ്രദ്ധിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം. ജില്ലകൾ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ ക്യാമ്പുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിർദേശം നൽകി. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഐ എം എയുമായുള്ള അടിയന്തര യോഗം ചേരണം. സംസ്ഥാന തലത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. കൺട്രോൾ റൂം ഇല്ലാത്ത ജില്ലകളിൽ അടിയന്തരമായി കൺട്രോൾ റൂം ആരംഭിക്കും. ജില്ലാ തലത്തിൽ ഒരു ആശുപത്രിയിലെങ്കിലും 8 മണി വരെ പ്രത്യേക ഫീവർ ഒപി ഉണ്ടായിരിക്കണമെന്ന് നിർദേശിച്ചു. എല്ലാ മെഡിക്കൽ കോളേജിലും ഫീവർ ക്ലിനിക്ക് ആരംഭിക്കും. ആശുപത്രികളിൽ മതിയായ ജീവനക്കാരെ ഉറപ്പാക്കും.

മഞ്ഞപ്പിത്തം ബാധിച്ച സ്ഥലങ്ങളിൽ പ്രത്യേകം ശ്രദ്ധ വേണം. കുടിവെള്ളത്തിൽ മഴ വെള്ളം കലരുന്നതിനാൽ കിണറുകൾ ഉൾപ്പെടെയുള്ള കുടിവെള്ള സ്രോതസുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യണം. വയറിളക്ക രോഗങ്ങൾക്കെതിരേയും ശ്രദ്ധയുണ്ടാവണം. ഭക്ഷണം മൂടിവയ്ക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ജാഗ്രതാ നിർദേശങ്ങൾ നൽകിയിരുന്നു. വീടുകളും ഓഫീസുകളും സ്ഥാപനങ്ങളും അവയുടെ പരിസരങ്ങളും പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണം.
എല്ലാ സ്‌കൂളുകളും കുടിവെള്ള സ്രോതസുകളുടെ ശുദ്ധത ഉറപ്പാക്കണം. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കുട്ടികൾക്ക് തിളപ്പിച്ചാറ്റിയ വെള്ളം നൽകണം. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ള കുട്ടികളെ സ്‌കൂളിൽ വിടരുത്. കുട്ടികൾക്ക് യഥാസമയം ചികിത്സ ഉറപ്പാക്കണം.

Author

Leave a Reply

Your email address will not be published. Required fields are marked *