സംഘപരിവാറിന്റെ പണാധിപത്യത്തിനും വര്‍ഗീയതയ്ക്കും മേല്‍ ജനാധിപത്യത്തിന്റെ വിജയമാണ് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ നേടിയതെന്ന് യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ തമ്പാനൂര്‍ രവി.
ബിജെപി പണക്കൊഴുപ്പ് പ്രകടിപ്പിച്ച തെരഞ്ഞെടുപ്പായിരുന്നിത്. ശശി തരൂരിന്റെ മതനിരപേക്ഷ പ്രതിച്ഛായയ്ക്കും വ്യക്തിത്വത്തിനും മുന്നില്‍ ബിജെപിക്കും സംഘപരിവാര്‍ ശക്തികള്‍ക്കും പിടിച്ചുനില്‍ക്കാനായില്ല.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരായ ജനവികാരം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ചു. ബിജെപിയും സംഘപരിവാറും വര്‍ഗീയതയും പച്ചക്കള്ളവും എത്രയൊക്കെ പ്രചരിപ്പിച്ചാലും തിരുവനന്തപുരത്തെ മതേതര മണ്ണില്‍ സ്ഥാനമില്ലെന്ന് തലസ്ഥാനത്തെ ജനാധിപത്യ മതേതര വിശ്വാസികള്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുകയെന്ന ഒറ്റ ലക്ഷ്യത്തിനായി സിപിഎം ബിജെപിയുടെ ബി ടീമിനെ പോലെ പ്രവര്‍ത്തിച്ചു. തരൂരിന്റെ വിജയം അക്ഷരാര്‍ത്ഥത്തില്‍ ബിജെപിയും സിപിഎമ്മിനും മുഖമടച്ച് കിട്ടിയ കനത്ത പ്രഹരമാണ്.യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ വിജയത്തിനായി അക്ഷീണം പ്രയത്‌നിച്ച എല്ലാ മതേതര വിശ്വാസികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും തമ്പാനൂര്‍ രവി പറഞ്ഞു.