രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിച്ചത്

Spread the love

ഇന്ത്യാമുന്നണിക്ക് ഗവൺമെന്റ് രൂപീകരിക്കാവുന്ന അവസ്ഥയാണ് ഇപ്പോൾ രാജ്യത്ത് നിലവിലുള്ളത്. നരേന്ദ്രമോദിയുടെ ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ട് ജനങ്ങൾ വോട്ടുചെയ്തുവെന്നതാണ് ഇതുവരെയുള ഇന്ത്യാ മുന്നണിയുടെ മുന്നേറ്റം സൂചിപ്പിക്കുന്നത്. മോദിയെ ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുന്നുവെന്നാണ് ഇതിലൂടെ വെളിവാകുന്ന കാര്യം. ഇത്തവണ 400 സീറ്റ് നേടുമെന്നും ഭരണഘടന മാറ്റുമെന്നും രാജ്യത്തിന്റെ എല്ലാ മൂല്യങ്ങളെയും തകർക്കുമെന്നും അഹങ്കാരത്തോടുകൂടി പറഞ്ഞ പ്രധാനമന്ത്രിക്ക് സ്വന്തം മണ്ഡലത്തിൽപ്പോലും ജയിച്ചുകയറാൻ വളരെയേറെ പാടുപെടേണ്ടിവന്നു വെന്നതാണ് വസ്തുത. ഏതായാലും ഇന്ത്യാമുന്നണി അധികാരത്തിലെത്തുന്ന സുപ്രധാനദിവസമായി ഇന്നത്തെ ദിവസത്തെ ഞങ്ങൾ കാണുന്നു.
അതുണ്ടാകുമെന്ന ശുഭ പ്രതീക്ഷയാണ്. അതിനു വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു.

കേരളത്തിലെ ഇടതുമുന്നണി ഭരണത്തിനെതിരായിട്ടുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് ഈ തെരഞ്ഞെടുപ്പുഫലത്തിലൂടെ കാണാൻ കഴിയുന്നത്. ഇടതുമുന്നണിയെ ജനങ്ങൾ കൈവിട്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പോലും UDF ന്റെ വിജയമുറപ്പിക്കാൻ കെ.സുധാകരനു കഴിഞ്ഞുവെങ്കിൽ ഈ നാട്ടിലുള്ള ജനങ്ങളുടെ അതിശക്തമായ പ്രതിഷേധമാണ് പ്രകടമാകുന്നത്. ഇടതു ഗവൺമെന്റിനെതിരായിട്ടുള്ള കടുത്ത അമർഷമാണ് കണ്ടത്.

നരേന്ദ്രമോദിയെയും പിണറായി വിജയനെയും ജനങ്ങൾ മടുത്തിരിക്കുന്നുവെന്നതിന്റെ സൂചനയാണ് ഈ പാർലമെന്റ് തെരഞ്ഞെടുപ്പിലൂടെയുണ്ടായ മിന്നുന്ന വിജയം. തീർച്ചയായും ഈ വിജയം UDF നെ കൂടുതൽ വിനയാന്വിതരാക്കി പ്രവർത്തനരംഗത്തേക്ക് പോകാനുളള ജനങ്ങളുടെ സന്ദേശമാക്കി ഞങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ഇത് കൂട്ടായ്മയുടെ വിജയമാണ്, ഐക്യത്തിന്റെ വിജയമാണ്. എല്ലാ യൂഡിഎഫ് നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിച്ചപ്പോൾ ഉജ്ജ്വലമായ വിജയം നേടാനായി . ഇനിയുള്ള കാലഘട്ടത്തിലും ഐക്യത്തോടെ, ഒത്തൊരുമിച്ച് പ്രവർത്തിച്ച് വിജയങ്ങൾ ആവർത്തിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും.രാഹുൽഗാന്ധിയുടെ കേരളത്തിലെ സാന്നിദ്ധ്യം ഈ തെരഞ്ഞെടുപ്പുവിജയത്തിന്റെ ഒരു പ്രധാനഘടകംതന്നെയാണ്. കന്യാകുമാരി മുതൽ കശ്മീർ വരെയും മണിപ്പൂരിൽനിന്നും മുബൈ വരെയും രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും , നരേന്ദ്രമോദിയെയും മോദിഗവൺമെന്റിനെയും ജനങ്ങൾക്ക് മുൻപിൽ തുറന്നുകാട്ടുവാൻ സഹായിച്ചിട്ടുണ്ട് . മോദി ഗവൺമെന്റിന്റെ എല്ലാ നിഗൂഢമായ അജണ്ടകളും ജനദ്രോഹനടപടികളും രാഹുൽ ഗാന്ധി രണ്ടു യാത്രകളിലൂടെ തുറന്നു കാട്ടിയത് ഈ തെരഞ്ഞെടുപ്പു വിജയത്തിന് ഏറെ ഗുണകരമായിരുന്നു.

എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഇന്ന് ഇരട്ടി സന്തോഷത്തിലാണ്. ഒന്ന്, ഞാൻ പ്രചാരണസമിതി ചെയർമാനായിരിക്കുന്ന കേരളത്തിൽ UDF നേടിയ വമ്പിച്ച വിജയം. മറ്റൊന്ന് എനിക്ക് ചാർജ്ജുള്ള മഹാരാഷ്ട്രയിൽ NDA യെ തറപറ്റിക്കാൻ സാധിച്ചു. കഴിഞ്ഞ തവണ ഒരു സീറ്റുണ്ടായിരുന്ന മഹാരാഷ്ട്രയിൽ കോൺഗ്രസ് 12 സീറ്റ് നേടി, കോൺഗ്രസുംNCP യും ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി 30 ഓളം സീറ്റുകളിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കി.

തൃശൂരിൽ കണ്ടത് പിണറായി സ്പോൺസേഡ് വിജയമാണ്.
തൃശൂരിൽ വിജയിപ്പിച്ചാൽ എല്ലാ കേസുകളും ഒതുക്കാമെന്ന വാഗ്ദാനം ഫലിച്ചു. പിന്നെ ഒരു സിനിമാ നടന് ജനങ്ങൾ കൊടുത്ത അംഗീകാരം, , ബി ജെ പി ജയിക്കുമായിരുന്നെങ്കിൽ തിരുവനന്തപുരത്തല്ലേ ജയിക്കേണ്ടത്? എല്ലാവരും കിണഞ്ഞു ശ്രമിച്ചിട്ടും തരൂർ വൻവിജയം നേടിയില്ലേ. തൃശൂരിലേത് ഒരു ബി ജെ പി വിജയമായി കാണാൻ കഴിയില്ല. പിന്നെ cpi ക്ക് ഒരു എംപി പോലും ഉണ്ടാകരുതെന്ന് പിണറായിക്കും CPM നും നിർബന്ധമുണ്ടായിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *