കൊച്ചി : ആധുനികവും സാങ്കേതികവിദ്യ വികാസത്തിന്റെ ആവശ്യകതയും നിറവേറ്റാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് ഐഐടി മദ്രാസ് ബി.ടെക് പാഠ്യപദ്ധതി പുനരാവിഷ്‌ക്കരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് കരിക്കുലം ടാസ്‌ക് ഫോഴ്സിൻറെ ശുപാർശകൾ പ്രകാരമാണ് ഈ മാറ്റങ്ങൾ നടപ്പിൽ വരുത്തിയത്. പുതിയ പാഠ്യപദ്ധതി വിദ്യാർത്ഥികൾക്കു അക്കാദമിക് ഫ്‌ലെക്‌സിബിലിറ്റിയും സംരംഭകത്വ അവസരങ്ങളും വർദ്ധിപ്പിക്കുന്നു. പരിഷ്‌കരിച്ച പാഠ്യപദ്ധതി ഇൻറർ ഡിസിപ്ലിനറി ലേണിംഗ് സാധ്യതകൾ വർധിപ്പിക്കുന്നതിനു പുറമെ ബി.ടെക് പ്രോഗ്രാമിൻറെ രണ്ടാം വർഷം മുതൽ ഹാൻഡ്‌സ്-ഓൺ പ്രോജക്ടുകൾക്കും സംരംഭകത്വത്തിനും അവസരങ്ങൾ ലഭ്യമാക്കുന്നു.
വിദ്യാർത്ഥികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ബി.ടെക്കിലെ മൊത്തം ക്രെഡിറ്റുകളുടെ എണ്ണത്തിൽ മാറ്റം വരുത്തി. അതിൻറെ ഫലമായി പഠന സമയം 436 മണിക്കൂറിൽ നിന്നും് 400 ആയി കുറച്ചു. പ്രൊഫഷണൽ, സംരംഭകത്വ സാധ്യതകൾ കണ്ടെത്താൻ അത് വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരം നൽകും. പുതിയ പരിഷ്‌കരണത്തിന്റെ ഫലമായി വിദ്യാർത്ഥികൾക്ക് ബ്രാഞ്ച് മാറാനുള്ള ഓപ്ഷൻ ഇല്ലാതായി. ഇതിനു പകരമായി ‘ഏർലി എക്‌സിറ്റ്’ ഓപ്ഷൻ നിലവിൽ വന്നു.
ഐഐടി മദ്രാസ് 5 വർഷത്തെ ബി.ടെക് പ്രോഗ്രാമിനൊപ്പം എം.ടെക്കും ഓഫർ ചെയ്യുന്നുണ്ട്. നാനോടെക്നോളജി, ഡാറ്റാ സയൻസ്, ഇലക്ട്രിക് വെഹിക്കിൾസ് എന്നിങ്ങനെയുള്ള മികച്ച മേഖലകളിലെ ഇൻറർഡിസിപ്ലിനറി ഡിഗ്രികളും ലഭ്യമാണ്. ബി.ടെക് പ്രോഗ്രാമുകളോടൊപ്പം ഈ ഡിഗ്രികളും പഠിക്കാവുന്നതാണ്.
ഐഐടി മദ്രാസ് ഇന്നൊവേഷനും സംരംഭകത്വത്തിനും ഏറ്റവും ഉയർന്ന മുൻഗണന നൽകും. കഴിഞ്ഞ സാമ്പത്തിക വർഷം 380-ലധികം പേറ്റന്റുകൾ ഫയൽ ചെയ്ത ഐഐടി മദ്രാസ് ഒരു അഭിമാനകരമായ സ്റ്റാർട്ട്-അപ്പ് 100 പ്രോഗ്രാം ആരംഭിച്ചു – ഓരോ മൂന്നാം ദിവസവും, ഐഐടി മദ്രാസിൽ ഒരു സ്റ്റാർട്ടപ്പ് ആരംഭിക്കുമെന്നു ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ.വി. കാമകോടി പറഞ്ഞു
”കാതലായ ഐഡൻറിറ്റി നിലനിർത്തുമ്പോൾ തന്നെ വിദ്യാർത്ഥികൾക്ക് അവരുടെ അതുല്യത പ്രകടമാക്കാൻ സഹായിക്കുന്ന പാഠ്യപദ്ധതിയാണ് ഐഐടി മദ്രാസിന് ഉള്ളതെന്ന് ഐഐടി മദ്രാസ് ഡീൻ (അക്കാദമിക് കോഴ്സസ്) പ്രൊഫ. പ്രതാപ് ഹരിദോസ് പറഞ്ഞു,
ഐഐടി മദ്രാസ് വിദ്യാർത്ഥികൾക്ക് ആദ്യ വർഷത്തിൽ നാലാഴ്ച്ച എക്സ്ട്രാ വെക്കേഷനോടെ മെച്ചപ്പെട്ട ഫസ്റ്റ്-ഇയർ അനുഭവവും പ്രദാനം ചെയ്യുന്നു, ഒരു പുതിയ ‘റിക്രിയേഷൻ’ കോഴ്സും ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് അവരുടെ രണ്ടാം വർഷത്തിൽ തന്നെ ഒരു എന്റർപ്രണർഷിപ്പ് ഇലക്ടീവ് എടുക്കാനുള്ള ഓപ്ഷനും ലഭിക്കും.