ഹൂസ്റ്റൺ : രാഹുൽ ഗാന്ധി റായ്ബറേലി നിലനിര്‍ത്താനും വയനാട് മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചത് ധീരവും അവസരോചിതവുമാണെന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐ സിസി) ഗ്ലോബൽ പ്രസിഡന്റും ഒഐസിസി യുഎസ്എ ചെയർമാനുമായ ജെയിംസ് കൂടൽ , നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം എന്നിവർ പുറപ്പെടുവിച്ച സംയുക്ത അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.
പ്രിയങ്കയുടെ വരവ് കേരളത്തിലെ കോണ്‍ഗ്രസിനും കൂടുതല്‍ ഉന്മേഷമായിരിക്കും സമ്മാനിക്കുക എന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്ഥിത്വ പ്രഖ്യാപന യോഗത്തിന് ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞത് തന്റെ ഹൃദയത്തില്‍ നിന്നായിരുന്നു: ‘വയനാട് പോരാടാനുള്ള ഊര്‍ജ്ജം തന്നു, ജീവിതകാലം മുഴുവന്‍ മനസിലുണ്ടാകും’.
അമേഠിയും റായ്ബറേലിയും ഗാന്ധി കുടുംബത്തിന് എത്രമാത്രം ഹൃദയത്തോടടുത്തതാണോ ഇപ്പോള്‍ വയനാടും അത്രത്തോളം അവരുടെ ഹൃദയത്തിലേക്ക് ചേര്‍ന്നു നില്‍ക്കുകയാണ്. അതിനുള്ള തെളിവാണ് രാഹുലിന് പകരം വയനാട്ടില്‍ മത്സരിക്കാന്‍ പ്രിയങ്കയെത്തുന്നത്.
പതിറ്റാണ്ടുകളായി പ്രിയങ്കാ ഗാന്ധിയോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെടാറുണ്ടെങ്കിലും അവര്‍ മത്സര രംഗത്ത് ഇറങ്ങാന്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍, സഹോദരനെ സ്നേഹിച്ച മണ്ഡലത്തില്‍ പകരക്കാരിയായെത്താന്‍ പ്രിയങ്ക തയ്യാറാകുമ്പോള്‍ പാര്‍ട്ടിയോടും കുടുംബത്തോടും മാത്രമല്ല സഹോദരനെ സ്നേഹിച്ച വയനാട്ടുകാരോടുള്ള കടപ്പാട് കൂടിയാണ് അവര്‍ പ്രകടിപ്പിക്കുന്നത്.
തന്റെ രാഷ്ട്രീയ ജീവിതത്തില്‍ പ്രിയങ്ക ആദ്യമായി തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നത് കേരളത്തില്‍ നിന്നാണെന്ന ചരിത്ര നിമിഷമാണ് വരാനിരിക്കുന്നത്. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്: ‘അത്രമേല്‍ പ്രിയപ്പെട്ട വയനാട്ടില്‍ അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്കയെ ആണ് രാഹുലും പാര്‍ട്ടിയും നിയോഗിക്കുന്നത്. വയനാട്ടിലേക്ക് പ്രിയങ്കാ ഗാന്ധിക്ക് സ്വാഗതം. ചരിത്ര ഭൂരിപക്ഷത്തില്‍ പ്രിയങ്ക കേരളത്തിന്റെ പ്രിയങ്കരിയാകും.’
കോണ്‍ഗ്രസിനും യു ഡി എഫിനും മികച്ച അടിസ്ഥാനമുള്ള വയനാട് മണ്ഡലം രാഹുലിന് പകരം പ്രിയങ്കാ ഗാന്ധിയെത്തുന്നതിനെ ആവേശത്തോടെയായിരിക്കും സ്വീകരിക്കുക. രാഹുലിന്റെ ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായേക്കുമെന്ന ധാരണ അദ്ദേഹത്തിന്റെ ഭൂരിപക്ഷം നാല് ലക്ഷത്തിലേറെയുള്ള റെക്കോര്‍ഡിലേക്കെത്തിച്ചിരുന്നു. രണ്ടാം തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവാകാനുള്ള സാധ്യത മുന്നിലെത്തിയപ്പോഴാണ് രാഹുല്‍ വയനാട് വിടുന്നതെന്ന സങ്കടം മണ്ഡലത്തിനുണ്ടായേക്കാം. എന്നാല്‍ പകരമെത്തുന്നത് പ്രിയങ്കയാണെന്നത് അവരെ സന്തോഷിപ്പിക്കും. കോണ്‍ഗ്രസ് പ്രസിഡന്റ് ഖാര്‍ഗേ പറഞ്ഞതുപോലെ പാര്‍ട്ടിയുടെ തീരുമാനം റായ്ബറേലിയേയും വയനാടിനേയും ഒരുപോലെ സന്തോഷിപ്പിക്കുന്നതാണ്. രാഹുല്‍ തുടരുന്നു എന്നത് റായ്ബറേലിയേയും രാഹുല്‍ പോകുമ്പോഴും പകരമെത്തുന്നത് പ്രിയങ്കയാണല്ലോ എന്നത് വയനാടിനേയും ഏറെ ആഹ്ലാദിപ്പിക്കുന്നതാണ്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ദിരാഗാന്ധി സന്ദര്‍ശിച്ച ചരിത്രം വയനാടിനുണ്ട്. കല്‍പറ്റയില്‍ ഇന്ദിരാഗാന്ധി കടന്നു പോയ വഴികളിലാണ് രാഹുല്‍ ഗാന്ധി തന്റെ രാഷ്ട്രീയ പരാജയത്തെ വിജയത്തിലേക്കുള്ള ചുരം കയറ്റമാക്കിയത്. രാഹുലിന് പിന്നാലെ വയനാടന്‍ ചുരം കയറി പ്രിയങ്കയുമെത്തുമ്പോള്‍ പുതിയ യുഗത്തിനായിരിക്കും വയനാട് സാക്ഷ്യം വഹിക്കുക.
വയനാട്ടില്‍ നിന്നും മത്സരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും രാഹുലിന്റെ അഭാവം അവിടെ അനുഭവപ്പെടാതിരിക്കാന്‍ താന്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രിയങ്ക തന്റെ തെരഞ്ഞെടുപ്പ് രംഗപ്രവേശത്തെ കുറിച്ച് ആദ്യം പ്രതികരിച്ചത്. താന്‍ കഠിനമായി പ്രവര്‍ത്തിക്കുമെന്നും എല്ലാവരേയും സന്തോഷിപ്പിക്കാനും നല്ല പ്രതിനിധിയാകാനും താന്‍ പരമാവധി ശ്രമിക്കുമെന്നും പറഞ്ഞ പ്രിയങ്കാ ഗാന്ധി അമേഠിയും റായ്ബറേലിയുമായി വളരെ പഴയ ബന്ധമാണുള്ളതെന്നും അത് തകര്‍ക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
വയനാട്ടില്‍ സി പി എം സ്ഥാനാര്‍ഥി ആനിരാജയെ 3,64,422 വോട്ടിനും റായ്ബറേലിയില്‍ ബി ജെ പിയുടെ ദിനേശ് പ്രതാപ് സിംഗിനെ 3,90,030 വോട്ടിനുമാണ് രാഹുല്‍ ഗാന്ധി പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ഫലം വന്ന് 14 ദിവസത്തിനുള്ളില്‍ ഏതെങ്കിലുമൊരു മണ്ഡലം ഒഴിയണമെന്നാണ് നിയമം.
ഇക്കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലും മുൻപ് നടന്ന ഉപ തിരഞ്ഞെടുപ്പുകളിലും ഏറ്റവും സജീവമായിരുന്ന ഒഐസിസി യുഎസ്എ വയനാട് ഉപ തെരഞ്ഞെടുപ്പിലും പ്രത്യേക പ്രതിനിധി സംഘത്തെ തിരഞ്ഞെടുപ്പ് പ്രവർത്തങ്ങൾക്കായി അ യയ്ക്കുമെന്ന് കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്തുറ്റ നേതൃത്വം നൽകുന്ന കെപിസിസി പ്രസിഡണ്ട് കെ സുധാകരന് നേതാക്കൾ ഉറപ്പു നൽകി. പ്രിയങ്ക ഗാന്ധി ചരിത്ര ഭൂരിപക്ഷം നേടി വിജയിക്കുമെന്നും നേതാക്കൾ പറഞ്ഞു.