എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ വയനാട് ലോകസഭാ മണ്ഡലത്തില്‍ നിന്നും മത്സരിപ്പിക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം യുഡിഎഫിന്റെയും സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ക്ക് ആവേശവും ഊര്‍ജ്ജവും പകരുന്നതാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.
ഇന്ത്യ സഖ്യത്തിന്റെ പോരാട്ടത്തിന് രാഹുല്‍ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസിന് കരുത്ത് പകരാന്‍ പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യം ഏറെ സഹായകരമാകും. അതുകൊണ്ട് തന്നെ ചരിത്ര ഭൂരിപക്ഷത്തില്‍ പ്രിയങ്കാ ഗാന്ധിയെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിപ്പിക്കാനുള്ള ഉത്തരവാദിത്വം ഓരോ യുഡിഎഫ് പ്രവര്‍ത്തകനും സ്വയം ഏറ്റെടുത്തു കഴിഞ്ഞു. രാഹുല്‍ ഗാന്ധി വയനാട് ഒഴിയുന്നതിലുള്ള പ്രയാസവും ബുദ്ധിമുട്ടും പ്രിയങ്കാ ഗാന്ധി സ്ഥാനാര്‍ത്ഥിയായി എത്തിയതിലൂടെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് മാറിക്കിട്ടി. രാഹുല്‍ ഗാന്ധിക്ക് ശേഷം കേരളത്തിന്റെ ശബ്ദം പാര്‍ലമെന്റില്‍ ശക്തമായി മുഴക്കാന്‍ പ്രിയങ്കാ ഗാന്ധിയിലൂടെ സാധിക്കും. രാഹുല്‍ ഗാന്ധിക്ക് കേരളവും വയനാടും നല്‍കിയ സ്‌നേഹത്തിന് തെല്ലും കുറവില്ലാതെ പ്രിയങ്കാ ഗാന്ധിയെയും മലയാളികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങും. വയനാട് രാഹുല്‍ ഗാന്ധിക്ക് നല്‍കിയ സ്‌നേഹത്തിനുള്ള അംഗീകാരമാണ് പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വമെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു.