ഇന്‍ഫോപാര്‍ക്ക് കൊച്ചി ഫേസ് ഒന്നിലെ ബ്രിഗേഡ് ഗ്രൂപ്പിന്‍റെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ മൂന്നാം കെട്ടിടസമുച്ചയത്തിനായി ഇന്‍ഫോപാര്‍ക്കും ബ്രിഗേഡ് ഗ്രൂപ്പും കരാറില്‍ ഒപ്പിട്ടു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ വ്യവസായ-കയര്‍-നിയമമന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഐടി സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കര്‍, ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, ബ്രിഗേഡ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എം ആര്‍ ജയശങ്കര്‍, ജോയിന്‍റ് മാനേജ്മന്‍റ് ഡയറക്ടര്‍ നിരുപ ശങ്കര്‍, ഇന്‍ഫോപാര്‍ക്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ബംഗളുരു ആസ്ഥാനമായ പ്രമുഖ കെട്ടിടനിര്‍മ്മാതാക്കളായ ബ്രിഗേഡ് ഗ്രൂപ്പ് വേള്‍ഡ് ട്രേഡ് സെന്‍ററുമായി സഹകരിച്ചാണ് മൂന്നാമത്തെ ടവര്‍ പണിയുന്നത്. 1.55 ഏക്കര്‍ സ്ഥലത്ത് 2.6 ലക്ഷം ചതുരശ്രയടി ബില്‍ട്ട് അപ് സ്ഥലം പുതിയ ഓഫീസുകള്‍ക്കായി ലഭിക്കും. ഇതിലൂടെ 2700 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ആറ് നിലകളിലെ കാര്‍ പാര്‍ക്കിംഗ് അടക്കം പതിനാറ് നിലകളായാണ് മൂന്നാമത്തെ ടവര്‍ വരുന്നത്. മൂന്നു വര്‍ഷം കൊണ്ട് കെട്ടിടത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. സെസ് ഇതര സ്ഥലത്താണ് കെട്ടിടം വരുന്നത്. 150 കോടി രൂപ നിക്ഷേപമാണ് ഇതിലൂടെ നടക്കുന്നത്.
ഇൻഫോപാർക്കിൽ 2016-ന് ശേഷം 583 പുതിയ കമ്പനികൾ സ്ഥാപിക്കുകയും ഇതുവരെ എഴുപത്തിനായിരത്തിൽ പരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.