മാസം തികയാതെ, തൂക്കക്കുറവോടെ ജനിച്ച കുഞ്ഞിനെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ്

Spread the love

മാസം തികയാതെ ജനിച്ച കുഞ്ഞിനെ രക്ഷപ്പെടുത്തി കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രം. 74 ദിവസത്തെ തീവ്ര പരിചരണത്തിന് ശേഷമാണ് കുഞ്ഞിനെ സുരക്ഷിതമായി അമ്മയുടെ കൈകളിലേല്‍പ്പിച്ചത്. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് അതീവ ശ്രദ്ധയോടെയുള്ള പരിചരണം നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത്. മികച്ച പരിചരണം ഒരുക്കി കുഞ്ഞിനെ രക്ഷിച്ചെടുത്ത മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

എപ്രില്‍ നാലിനായിരുന്നു പ്രസവം. 48 വയസുള്ള സ്ത്രീയുടെ ആദ്യ പ്രസവമായിരുന്നു. പ്രായക്കൂടുതലിന് പുറമേ യുവതിയ്ക്ക് രക്താതിമര്‍ദം, പ്രമേഹം, ഹൈപ്പോതൈറോയിഡിസം, പ്ലാസന്റയിലെ പ്രശ്‌നം എന്നിവയുമുണ്ടായിരുന്നു. അതിനാല്‍ തന്നെ ഹൈ റിസ്‌ക് പ്രഗ്നന്‍സി വിഭാഗത്തിലായിരുന്നു. അമ്മയുടേയും കുഞ്ഞിന്റേയും സുരക്ഷയെ കരുതി 28 ആഴ്ചയും 4 ദിവസവുമായപ്പോള്‍ സിസേറിയന്‍ നടത്തുകയായിരുന്നു. ഇരട്ട കുഞ്ഞുങ്ങളാണ് ജനിച്ചത്. അതിലൊരു കുഞ്ഞിന്റെ ഭാരം 695 ഗ്രാം മാത്രമായിരുന്നു. മാസം തികയാതെയും മതിയായ ഭാരമില്ലാതെയും പ്രസവിച്ച കുഞ്ഞിന് തീവ്ര പരിചരണം ഉറപ്പാക്കാന്‍ ന്യൂബോണ്‍ കെയറില്‍ പ്രവേശിപ്പിച്ചു.

കുഞ്ഞ് കരയാത്തതിനാലും ശ്വാസകോശം വളര്‍ച്ചയെത്താത്തതിനാലും കുട്ടിക്ക് വെന്റിലേറ്റര്‍ സപ്പോര്‍ട്ട് നല്‍കി തീവ്ര പരിചരണം ഉറപ്പാക്കി. മാത്രമല്ല കുടലില്‍ രക്തം എത്താത്ത അവസ്ഥയും കുട്ടിയ്ക്ക് ഇന്‍ഫെക്ഷന്‍ പ്രശ്‌നവുമുണ്ടായിരുന്നു. അതിനാല്‍ തന്നെ പ്രത്യേക ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സംഘമാണ് കുട്ടിയുടെ തുടര്‍ പരിചരണം ഉറപ്പാക്കിയത്. ഇതോടൊപ്പം അമ്മയ്ക്ക് കൗണ്‍സിലിംഗും നല്‍കി. കൃത്രിമ ഭക്ഷണമൊന്നും നല്‍കാതെ അമ്മയുടെ മുലപ്പാലാണ് കുഞ്ഞിന് നല്‍കിയത്. രണ്ടര മാസം നീണ്ട പരിചരണത്തിന് ശേഷം കുഞ്ഞ് ജീവിതത്തിലേക്ക് തിരികെയെത്തി. നിലവില്‍ കുഞ്ഞിന് 1.4 കിലോഗ്രാം ഭാരമുണ്ട്.

37 ആഴ്ചയാണ് സാധാരണ ഗര്‍ഭകാലം എന്നിരിക്കേയാണ് 28 ആഴ്ചയും 4 ദിവസവും പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചെടുക്കാനായത്. ലക്ഷക്കണക്കിന് ചെലവുള്ള ന്യൂബോണ്‍ കെയര്‍ പരിചരണമാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നിര്‍വഹിച്ചത്. മാതൃ സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. അരുണ്‍ പ്രീതിന്റെ ഏകോപനത്തില്‍, ഡോ. ഗിരീശന്‍ വി.കെ., ഡോ. കാസിം റാസ്‌വി, ഡോ. ദീപ കെ.എസ്, ഡോ. പ്രിന്‍സി കാരോത്ത്, ഡോ. അസീം, നഴ്‌സിംഗ് ഓഫീസര്‍മാരായ പ്രമീള, ബിനി, പ്രമിത തുടങ്ങിയവരടങ്ങിയ നഴ്‌സിംഗ് ടീം എന്നിവരുടെ നേതൃത്വത്തിലാണ് തീവ്ര പരിചരണം ഉറപ്പാക്കിയത്.

Author

Leave a Reply

Your email address will not be published. Required fields are marked *