പെന്‍ഷന്‍ 2500 രൂപയാക്കുമെന്ന് വാഗ്ദാനം നല്‍കി വോട്ട് തേടിയവര്‍ ഇപ്പോള്‍ ഉള്ളതു പോലും നല്‍കുന്നില്ല – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം (20/06/2024).

പെന്‍ഷന്‍ 2500 രൂപയാക്കുമെന്ന് വാഗ്ദാനം നല്‍കി വോട്ട് തേടിയവര്‍ ഇപ്പോള്‍ ഉള്ളതു പോലും നല്‍കുന്നില്ല; സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ എന്തൊക്കെയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യം തന്നെയാണ് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരോട് ചോദിക്കുന്നത്; ഭരണപക്ഷം ബഹളം വച്ചാലും പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി പ്രതിപക്ഷം ഇനിയും സംസാരിക്കും.


സൗമ്യനായി മാത്രം സംസാരിക്കാറുള്ള ധനകാര്യ മന്ത്രി ഇന്ന് എന്തിനാണ് ഇത്രയും പ്രകോപിതനായതെന്നു മനസിലാകുന്നില്ല. അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയ പി.സി വിഷ്ണുനാഥ്, നിങ്ങളുടെ സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ മറുപടികള്‍ ഉദ്ധരിച്ച് സംസാരിച്ചത് അങ്ങയെ എന്തിനാണ് ഇത്രമാത്രം പ്രകോപിപ്പിക്കുന്നത്? ഒരു അടിയന്തിര സ്വഭാവമുള്ള വിഷയമല്ലെന്നും പ്രതിപക്ഷം മുതലക്കണ്ണീര്‍ പൊഴിക്കുകയാണെന്നും ആത്മാര്‍ത്ഥതയില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. ഞങ്ങളുടെ ആത്മാര്‍ത്ഥത അളക്കാനുള്ള അളവ് കോല്‍ അങ്ങയുടെ കയ്യില്‍ ഉണ്ടോയെന്ന് അറിയില്ല. പക്ഷെ, വിഷയം ലളിതമല്ല, വളരെ സങ്കീര്‍ണമാണ്. ആറു മാസമായി സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൊടുക്കുന്നില്ല. ഭിന്നശേഷിക്കാരും വിധവകളും വാര്‍ധക്യം ബാധിച്ചവരും അഗതികളും പാവപ്പെട്ടവരുടെ ഉള്‍പ്പെടെ 55 ലക്ഷം പേരാണ് പെന്‍ഷന് വേണ്ടി കാത്തിരിക്കുന്നത്. ഈ പാവങ്ങള്‍ക്കാണ് നിങ്ങളുടെ സര്‍ക്കാര്‍ ആറു മാസത്തെ കുടിശിക വരുത്തിയിരിക്കുന്നത്.


ഈ മാസം മുതല്‍ പെന്‍ഷന്‍ കൊടുത്തു തുടങ്ങിയെന്നാണ് മന്ത്രി തന്ത്രപൂര്‍വം പറഞ്ഞത്. നേരത്തെ സര്‍ക്കാര്‍ ഇറക്കുന്ന ഉത്തരവുകളില്‍ ഏത് മാസത്തെ പെന്‍ഷനാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുമായിരുന്നു. ഇപ്പോള്‍ ഇറക്കിയ ഉത്തരവില്‍ ഏത് മാസത്തെ പെന്‍ഷനാണ് നല്‍കുന്നതെന്ന് കൃത്യമായി പറഞ്ഞിട്ടില്ല. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ പെന്‍ഷന്‍ നല്‍കിയെന്നാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കൊടുത്തത് കൊടുക്കാനുള്ള ഒക്ടോബര്‍, നവബര്‍, ഡിസംബര്‍ മാസങ്ങളിലേതാണ്. അതായത് ആറ് മാസത്തെ പെന്‍ഷന്‍ ഇനി ഒരിക്കലും കിട്ടില്ലെന്ന രീതിയിലാണ് ഇപ്പോള്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഏത് മാസത്തെയാണെന്ന് പറയാതെ നിങ്ങള്‍ പെന്‍ഷന്‍ ഉത്തരവ് ഇറക്കുന്നത് ആരെ കബളിപ്പിക്കാനാണ്? ഈ പാവപ്പെട്ടവരും സാധാരണക്കാരുമായവരെയാണോ നിങ്ങള്‍ കബളിപ്പിക്കുന്നത്. പെന്‍ഷന്‍ കുടിശിക നല്‍കാതിരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

രേഖകളുടെ അടിസ്ഥാനത്തിലാണ് പി.സി വിഷ്ണുനാഥ് നിയമസഭയില്‍ സംസാരിച്ചത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 18 മാസത്തെ പെന്‍ഷന്‍ കൊടുക്കാനുണ്ടായിരുന്നെന്ന കള്ളം നിങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു. തോമസ് ഐസക്ക് പുറത്തിറക്കിയ ഔദ്യോഗിക ധവളപത്രം ഇവിടെ വായിച്ചല്ലോ. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഉള്‍പ്പെടെ അടിയന്തിരമായി കൊടുത്തു തീര്‍ക്കേണ്ട ബാധ്യത 806 കോടി മാത്രമായിരുന്നെന്നാണ് ധവളപത്രത്തില്‍

പറഞ്ഞിരുന്നത്. അത് 2014 നവംബര്‍, ഡിസംബര്‍, 2015 ജനുവരി ഉള്‍പ്പെടെ മൂന്ന് മാസത്തെ പെന്‍ഷന്‍. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 2014 നവംബര്‍ മുതല്‍ 2015 ജനുവരി വരെയുള്ള പെന്‍ഷന്‍ തുക വിതരണം ചെയ്യപ്പെടാതെ വാര്‍ദ്ധക്യ കാല പെന്‍ഷന്‍, വിധവ പെന്‍ഷന്‍, വികലാംഗ പെന്‍ഷനുകള്‍ മുടങ്ങിയെന്ന് തോമസ് ഐസക്ക് 2017 ല്‍ എം സ്വരാജിന് നല്‍കിയ നിയമസഭ മറുപടിയില്‍ പറഞ്ഞിട്ടുണ്ട്. 2015 ഫെബ്രുവരി മുതലുള്ള തുക ഗുണഭോക്താക്കള്‍ക്ക് ഡി.ബി.റ്റി സംവിധാനത്തില്‍ വിതരണം ചെയ്തു വരികയായിരുന്നെന്നും ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ശരിയായി രേഖപ്പെടുത്താത്തത് മൂലവും തെറ്റായ രേഖപ്പെടുത്തലുകള്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങള്‍ എന്നീ കാരണങ്ങളാല്‍ വിതരണം ചെയ്ത തുക ലഭിക്കാതെ വന്നതു മൂലവും കുടിശിക വന്നതെന്നും ഐസക് വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങളുടെ ധനകാര്യ മന്ത്രി നല്‍കിയ ഉത്തരമാണിത്. എന്നിട്ടും 18 മാസത്തെ പെന്‍ഷന്‍ മുടങ്ങിയെന്ന് അങ്ങ് എന്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്?

അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് 16 ലക്ഷം പേര്‍ക്കുണ്ടായിരുന്ന പെന്‍ഷന്‍ ഞങ്ങളുടെ കാലത്ത് 34 ലക്ഷമാക്കി വര്‍ധിപ്പിച്ചു. ഓരോ സര്‍ക്കാരുകളുടെ കാലത്തും പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണവും പെന്‍ഷനും തുകയും വര്‍ധിക്കും. നിങ്ങളുടെ കാലത്ത് ഒറ്റപെന്‍ഷനാക്കി. ക്ഷേമനിധിയിലേക്ക് അംശാദായം അടച്ചുള്ള ക്ഷേമനിധി പെന്‍ഷനും സമൂഹിക സുരക്ഷാ പെന്‍ഷനും ഒന്നിച്ചു വാങ്ങാനാകില്ലെന്ന് പറഞ്ഞു. ഇതു സംബന്ധിച്ച് ഐസക്കിന്റെ കാലത്ത് ഉത്തരവും ഇറക്കിയിട്ടുണ്ട്. എന്നിട്ടാണ് രണ്ടും വാങ്ങാമെന്ന് മന്ത്രി പറയുന്നത്. സര്‍ക്കാര്‍ ഉത്തരവിന് എതിരായാണ് ധനകാര്യമന്ത്രി സംസാരിച്ചത്.

കര്‍ണാടകയില്‍ പെട്രോള്‍ വില കൂടിയെന്നാണ് മന്ത്രി പറഞ്ഞത്. അവര്‍ കൂട്ടിയിട്ടും കേരളത്തിലെ വിലയുടെ അടുത്തെങ്ങും എത്തിയിട്ടില്ല. പെട്രോളിന്റെയും ഡീസലിന്റെയുംമ സെസ് വര്‍ധിപ്പിക്കുന്നത് സാമൂഹിക സുരക്ഷ പെന്‍ഷന്‍ നല്‍കാനെന്നാണ് നിങ്ങള്‍ ബജറ്റില്‍ പറഞ്ഞത്. ആ പണം സഞ്ചിതനിധിയിലേക്ക് വന്നിട്ടും നിങ്ങള്‍ പെന്‍ഷന്‍ നല്‍കാത്തത് എന്തുകൊണ്ടാണ്. അപ്പോള്‍ നിങ്ങള്‍ അല്ലേ ജനങ്ങളെ കബളിപ്പിക്കുന്നത്. മസ്റ്ററിങ് നിര്‍ബന്ധമാക്കിയതോടെ ആയിരക്കണക്കിന് കിടപ്പു രോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് പെന്‍ഷന്‍ നഷ്ടമാകുന്നത്. മസ്റ്ററിങ് വൈകിയാല്‍ ആ മാസങ്ങളിലെ പെന്‍ഷന്‍ റദ്ദാക്കും. പാവങ്ങളോടാണ് നിങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത്. തളര്‍ന്നു കിടക്കുന്ന പാവങ്ങളോടാണ് ജീവിച്ചിരിക്കുന്നു എന്നതിന് തെളിവ് നല്‍കിയത് വൈകിപ്പോയെന്നു പറഞ്ഞ് പെന്‍ഷന്‍ നിഷേധിക്കുന്നത്. മരുന്നു വാങ്ങാനും ജീവിക്കാനും നിവൃത്തിയില്ലാത്ത പാവങ്ങള്‍ക്കു വേണ്ടി നിയമസഭയില്‍ അല്ലാതെ എവിടെ പോയി സംസാരിക്കും.

പെന്‍ഷന്‍ കമ്പനിയില്‍ നിന്നും നിങ്ങള്‍ പിന്‍മാറുകാണ്. എന്താണ് നിങ്ങളുടെ മുന്‍ഗണനകള്‍? സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ എന്താണെന്ന് ഞങ്ങള്‍ ചോദിച്ചപ്പോഴും നിങ്ങള്‍ ബഹളം വയ്ക്കുകയും പരിഹസിക്കുകയും ചെയ്തു. ഇപ്പോള്‍ വരുന്ന പത്രവാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇതാണോ നിങ്ങളുടെ മുന്‍ഗണനകളെന്ന് രണ്ട് പാര്‍ട്ടികളുടെയും 14 ജില്ലാ കമ്മിറ്റികളിലേയും പ്രവര്‍ത്തകര്‍ ചോദിക്കുന്നുണ്ട്. ആ പത്ര വാര്‍ത്തകള്‍ ശരിയല്ലെങ്കില്‍ ഞങ്ങള്‍ക്ക് സന്തോഷം. പ്രതിപക്ഷം ഈ നിയമസഭയില്‍ നിങ്ങളുടെ മുഖത്തു നോക്കി ചോദിച്ച ചോദ്യങ്ങളാണ് നിങ്ങളുടെ ജില്ലാ കമ്മിറ്റികളില്‍ സാധാരണക്കാരായ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. അതു തന്നെയാണ് സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിയെ ഇരുത്തിയും ചോദിക്കുന്നത്. എന്താണ് നിങ്ങളുടെ മുന്‍ഗണനയെന്നു തന്നെയാണ് കേരളവും ചോദിക്കുന്നത്.

ഞങ്ങള്‍ക്ക് ധാര്‍ഷ്ട്യം ഇല്ലെന്നും അഹങ്കാരം ഇല്ലെന്നുമാണ് ഇപ്പോള്‍ പറയുന്നത്. ഇടതുപക്ഷ സഹയാത്രികനായ ബിഷപ്പിനെയല്ലേ നിങ്ങളുടെ മുഖ്യമന്ത്രി വിവരദോഷിയെന്നു വിളിച്ചത്. കേരളത്തിലെ മുഖ്യന്ത്രി പലകാലത്തായി ഉപയോഗിച്ച മൂന്നു നാല് വാക്കുകളുണ്ട്. അണ്‍പാര്‍ലമെന്ററി ആയതിനാല്‍ അതൊന്നും ഇവിടെ പറയുന്നില്ല. വിവരദോഷിയെന്ന് അഭിവന്ദ്യനായ പിതാവിനെ വിളിച്ചപ്പോള്‍ ആ പാവം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അല്ലാതെ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ നിങ്ങളെ ആരെയും കണ്ടില്ലല്ലോ. പാവം റിയാസ് വന്നു പറഞ്ഞു, മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്നും വിവരദോഷിയെന്ന് വിളിച്ചതില്‍ തെറ്റില്ലെന്നും. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ മന്ത്രി റിയാസ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. മന്ത്രിമാരെയോ എം.എല്‍.എമാരെയോ ആരെയും കണ്ടില്ല. റിയാസെങ്കിലും ഉണ്ടായത് ഭാഗ്യം. അതുകൊണ്ട് വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്.

യു.ഡി.എഫ് കാലത്ത് പെന്‍ഷന്‍ 600 രൂപ മാത്രമെ ഉണ്ടായിരുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. ഒ.എസ് അംബികയ്ക്ക് 8-6-2021 ല്‍ നല്‍കിയ മറുപടിയില്‍, 2012 ല്‍ 900 രൂപയും 2013-ല്‍ 1100 രൂപയും 2014-ല്‍ 1200 രൂപയും നല്‍കിയിട്ടുണ്ടെന്നാണ് മറുപടി നല്‍കിയിരിക്കുന്നത്. ഈ പെന്‍ഷനുകളെല്ലാം ഏകീകരിച്ചാണ് തോമസ് ഐസക്കിന്റെ കാലത്ത് 1000 ആക്കിയത്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് 400 രൂപയായിരുന്നു പെന്‍ഷന്‍. അന്ന് അത് മതിയായിരുന്നു. പിന്നീട് വന്ന സര്‍ക്കാരുകളുടെ കാലത്ത് അത് വര്‍ധിപ്പിച്ചു. ഞങ്ങള്‍ വന്നാല്‍ 2500 ആക്കുമെന്ന് നിങ്ങള്‍ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു നില്‍ക്കുന്ന അമ്മൂമ്മയുടെ ചിത്രം പരസ്യമാക്കിയാണ് വോട്ട് തേടിയത്. എന്നിട്ട് നിങ്ങള്‍ 2500 ആക്കിയോ? 2500 പോയിട്ട് ഉള്ളതു പോലും കൊടുക്കാന്‍ പറ്റുന്നില്ല. നിങ്ങളുടെ കയ്യില്‍ പണമില്ല. ഈ വിഷയം ഇനിയും ഞങ്ങള്‍ പറയും. ബഹളം വച്ചാലൊന്നും അതു പറയാതിരിക്കില്ല. പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി ഞങ്ങള്‍ ഇനിയും സംസാരിക്കും. മറുപടി ഇല്ലാത്തതു കൊണ്ടാണ് ധനകാര്യമന്ത്രി പൊട്ടിത്തെറിച്ചത്. സര്‍ക്കാരിന്റെ സാധാരണക്കാരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ഞാനും എന്റെ പാര്‍ട്ടിയും വാക്ക് ഔട്ട് ചെയ്യുന്നു.

 

Author

Leave a Reply

Your email address will not be published. Required fields are marked *