ബാള്‍ട്ടിമോര്‍ സെന്‍റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്‍റെ ദശാപ്തി ആഘോഷപൂര്‍വ്വമാക്കി

Spread the love

ബാള്‍ട്ടിമോര്‍ : മാര്‍ത്തോമാ ശ്ലീഹായുടെ പ്രേഷിതചൈതന്യത്താല്‍ ക്രിസ്തു ശിഷ്യരായി തീര്‍ന്ന
നസ്രാണി മക്കള്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒരുമയോടെ അമേരിക്കയിലെ ബാള്‍ട്ടിമോറില്‍
ഒന്നിച്ചു കൂടി വിശുദ്ധ അല്‍ഫോന്‍സായുടെ നാമധേയത്തിലുള്ള സീറോ മലബാര്‍ കാത്തോലിക്കാ
ദേവാലയത്തിന് 2014 ല്‍ രൂപം നല്‍കി. 2024 ജൂണ്‍ 16 ഞായറാഴ്ച ഇടവക സ്ഥാപനത്തിന്‍റെ ദശാപ്തി
ആഘോഷം ഔദ്യോഗികമായി ബാള്‍ട്ടിമോറില്‍ കൊണ്ടാടി.
ക്രൈസ്തവ പാരമ്പര്യത്തിന്‍റെ ഈറ്റില്ലമായ കേരളക്കരയില്‍ നിന്നുള്ള മുതിര്‍ന്ന തലമുറയും
അമേരിക്കയിലുള്ള ഇളം തലമുറയും ഒരുമയോടെ അണി ചേര്‍ന്ന് പത്തു വര്‍ഷത്തിന്‍റെ നിറവില്‍ നില്‍ക്കുന്ന

ദേവാലയത്തിലെ ആഘോഷങ്ങള്‍ വിശ്വാസാധിഷ്ടിതവും ഭക്തിസാന്ദ്രവും ആക്കി മാറ്റി.
കത്തോലിക്കാ വിശ്വാസത്തിന്‍റെ പരമോന്നത പ്രഖ്യാപനമാണ് പരിശുദ്ധ കുര്‍ബാന. ആ ദിവസത്തെ
ദിവ്യബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചത് ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ മെത്രാന്‍
ജോയ് ആലപ്പാട്ടാണ്. മുന്‍ മെത്രാന്‍ ജേക്കബ് അങ്ങാടിയത്ത്, ത്യശുര്‍ അതിരൂപതയുടെ സഹായ മെത്രാന്‍
മാര്‍ ടോണി നിലങ്കാവില്‍, ഫാദര്‍ മെല്‍വിന്‍ പോള്‍, ഫാദര്‍ ബെന്നി തടത്തില്‍, ഫാദര്‍ ജെയ്സ്മോന്‍
ഫ്രാന്‍സീസ്, ഫാദര്‍ വില്‍സണ്‍ കണ്ടങ്കരി എന്നീവര്‍ സഹകാര്‍മ്മീകരായി പരിശുദ്ധ കുര്‍ബാനയില്‍ പങ്കു
ചേര്‍ന്നു.
വിശുദ്ധ കുര്‍ബാനക്കു ശേഷം എല്ലാംവര്‍ക്കും ഉച്ചഭക്ഷണം ഒരുക്കിയിരുന്നു അതിനു ശേഷം
പൊതുയോഗത്തിനും കലാപരിപാടികള്‍ക്കും വേണ്ടി മൗണ്ട് സെന്‍റ് ജോസഫ് സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍
ഒന്നിച്ചു കൂടി. ഇടവക വികാരി ഫാദര്‍ വില്‍സണ്‍ ആന്‍റണി കണ്ടങ്കരി വിശിഷ്ട അതിഥികള്‍ക്കും സദസില്‍
സന്നീഹിതരായവര്‍ക്കും സ്വാഗതം ആശംസിച്ചു. ഷിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്
ഉല്‍ഘാടന കര്‍മ്മം നടത്തുകയും അതിനുശേഷം ആഘോഷത്തിന്‍റെ ഭാഗമായ തിരിതെളിക്കല്‍ കര്‍മ്മം
അഭിവന്ദ്യ പിതാക്കന്മാര്‍, ഇടവക വികാരി, കൈക്കാരന്മാര്‍ എന്നിവര്‍ ഒന്നിച്ച് നിര്‍വ്വഹിച്ചു.
മുന്‍ മെത്രാന്‍ ജേക്കബ് അങ്ങാടിയത്ത് അദ്ധ്യക്ഷ പ്രസംഗം, മുഖ്യ പ്രഭാഷണം ത്രിശൂര്‍ മെത്രാന്‍ മാര്‍

ടോണി നീലങ്കാവില്‍ നിര്‍വ്വഹിച്ചു അതിനു ശേഷം ദശാപ്തി ആന്തം ആലപിച്ചു. ബാള്‍ട്ടിമോര്‍ മാര്‍ത്തോമാ
പള്ളി വികാരി റെവ. ഷെറിന്‍ ടോം മാത്യു, ഫാദര്‍ മെല്‍വിന്‍ പോള്‍ മംഗലത്ത് എന്നീവര്‍ അനുഗ്രഹ
പ്രസംഗം നടത്തി. ഇടവകയുടെ ഒരു ചരിത്ര പ്രതിഫലനം എപ്പാര്‍ക്കിയല്‍ കാത്തിക്കല്‍ കൗണ്‍സില്‍
സെക്രട്ടറിയും അതുപോലെ ചെറുപുഷ്പം മിഷ്യന്‍ ലീഗ് ഡയസീന്‍ ജനറല്‍ സെക്രട്ടറിയുമായ ടിസണ്‍
തോമസ് വായിച്ചു. പിന്നീട് മുന്‍കാല കൈക്കാരന്മാര്‍, നിലവിലുള്ള കൈക്കാരന്മാര്‍, സി.സി.ഡി ഡയറക്റ്റര്‍,
കോര്‍ഡിനേറ്റഴ്സ് എന്നിവര്‍ക്ക് ഫലകം കൊടുത്ത് ആദരിച്ചു.
പൊതുയോഗത്തിനു ശേഷം കൈക്കാരന്‍ സിബിച്ചന്‍ കൊണത്താപ്പള്ളി വിശിഷ്ട അതിഥികള്‍ക്കും ഈ
പരിപാടിയുടെ വിജയത്തിനു വേണ്ടി ഒരു വര്‍ഷത്തോളം കഠിനാദ്ധ്വാനം ചെയ്ത സിസ്റ്റേഴ്സ്, വിവിധ തരം
കമ്മറ്റികള്‍, ഇളം തലമുറകള്‍ ഇവരുടെ എല്ലാം മേല്‍നോട്ടം വഹിച്ച ഇടവക വികാരി ബഹുമാനപ്പെട്ട ഫാദര്‍
വില്‍സണ്‍ കണ്ടങ്കരി, കൈക്കാരന്മരായ ജോഷി വടക്കന്‍, ബാബു പ്ലാത്തോട്ടം, ആല്‍വിന്‍ ജോയ് പരിക്കാപ്പള്ളി
എന്നിവര്‍ക്ക് നന്ദി രേഖപ്പെടുത്തി. ഒരു ഇടവക കൂട്ടായ്മയുടെ അക്ഷീണ പരിശ്രമവും പ്രാര്‍ത്ഥനയുമാണ്
ഈ ദശവാര്‍ഷികം വിജയകരമാക്കിയത്. ഓരോ വ്യക്തികളുടേയും പേരെടുത്തു നന്ദി
പ്രകടിപ്പിക്കണമെന്നുണ്ടങ്കിലും അത് പ്രയോഗികമല്ലാത്തതു കൊണ്ട് മാത്രം എടുത്തു പറഞ്ഞില്ല എന്നുള്ള കാര്യം
എല്ലാംവര്‍ക്കും മനസിലാക്കാവുന്നതേയുള്ളു എന്ന് അദ്ദേഹത്തിന്‍റെ നന്ദി പ്രകടനത്തില്‍ സൂചിപ്പിച്ചു.
ഒരു ചെറിയ കോഫി ബ്രേക്കിനു ശേഷം കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. മുതിര്‍ന്നവരുടേയും
കുട്ടികളുടേയും വര്‍ണ്ണാഭമായ കലാവിരുന്ന്, വാദ്യമേളം എല്ലാം സദസ്യര്‍ക്ക് ഏറെ ഹ്യദ്യമായ ഒരു
അനുഭവമായിരുന്നു. കലാവിരുന്നിനു ശേഷം എല്ലാംവര്‍ക്കും സ്നേേഹവിരുന്ന് ഒരുക്കിയിരുന്നു. ഒരു

വര്‍ഷമായി ഇടവക ഒന്നിച്ചു കൈകോര്‍ത്തതിന്‍റെ ഫലമായിരുന്നു ഈ പത്താം വാര്‍ഷികം ഭക്തി
നിര്‍ഭരമായി കൊണ്ടാടുകയും അതുപോലെ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒരു നല്ല അനുഭവമാക്കി
മാറ്റുകയും ചെയ്തു എന്നുള്ളതിന് ഒരു തര്‍ക്കവും ഇല്ല.
പിത്യദിനമായ അന്നേ ദിവസം ഇടവകയിലെ പിതാക്കമ്മാരെ അനുമോദിക്കുകയും അവര്‍ക്ക് സമ്മാനങ്ങള്‍
വിതരണം ചെയ്ത് ആദരിക്കുകയും ചെയ്തു. അങ്ങിനെ അനുഗ്രഹത്തിന്‍റെ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ
ഭക്തി നിര്‍ഭരമായ ആഘോഷത്തിന് തിരശ്ശീല വീണു.

വാര്‍ത്ത: ലാലി ജോസഫ്

Author

Leave a Reply

Your email address will not be published. Required fields are marked *