ഹിമ കാലിത്തീറ്റയുടെ ലോഞ്ചിംഗ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു.
തീറ്റയുടെ ഗുണനിലവാരക്കുറവ് കാരണം കന്നുകാലികൾക്ക് മരണം സംഭവിച്ചാൽ കന്നുകാലി തീറ്റ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുന്ന നിയമം ഉടൻ നിലവിൽ വരുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി മന്ത്രി ജെ ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം പ്രസ്‌ക്ലബിൽ കേരള ഫീഡ്‌സ് മഹിമ കാലിത്തീറ്റയുടെ ലോഞ്ചിംഗ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ കാലിത്തീറ്റ ഉൽപ്പാദനം നടത്തുന്ന രണ്ട് പൊതുമേഖല സ്ഥാപനങ്ങൾ കേരള ഫീഡ്‌സും മിൽമയുമാണ്. കേരളത്തിൽ ആവശ്യമുള്ള കാലിത്തീറ്റയുടെ 50 ശതമാനം മാത്രമേ കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നുള്ളു. മറുനാടുകളിൽ നിന്നുള്ള കാലിത്തീറ്റ എത്തുന്ന സാഹചര്യത്തിലാണ് ഗുണനിലവാരം ഉറപ്പു വരുത്തുന്ന നടപടികൾ ഗവൺമെന്റ് ഊർജിതമാക്കുന്നത്.
ഗുണ നിലവാരത്തോടൊപ്പം വിപണി വില നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെയാണ് കേരള ഫീഡ്‌സ് മഹിമ എന്ന പേരിൽ കാലിത്തീറ്റ പുറത്തിറക്കുന്നത്. മികച്ച പോഷകങ്ങൾ അടങ്ങിയ മഹിമ കാലിത്തീറ്റ ആറ് മാസത്തിന് മുകളിൽ പ്രായമുള്ള കിടാരികൾക്ക് വേണ്ടിയുള്ളതാണ്. ഇത് കന്നുകുട്ടിയുടെ ശരിയായ വളർച്ച ഉറപ്പ് വരുത്തുകയും ചെയ്യുന്നു. രണ്ടരക്ഷേം ലിറ്റർ പാലുൽപ്പാദനത്തിന്റെ കുറവ് നിലവിൽ മിൽമക്കുണ്ട്. ക്ഷീരസ്വയം പര്യാപ്തതയിലേക്കെത്തുന്നതിന് വിവിധ ക്ഷിര കർഷക ക്ഷേമ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ആവശ്യമായ ഗവൺമെന്റ് സബ്‌സിഡി, പലിശ രഹിത വായ്പ എന്നിവ ക്ഷീരകർഷകർക്ക് നൽകുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
കേരള ഫീഡ്‌സ് എം ഡി ഡോ.ബി ശ്രീകുമാർ,മാർക്കറ്റിംഗ് മാനേജർ ജയചന്ദ്രൻ ബി, ഡപ്യൂട്ടി മാനേജർ ഷൈൻ എസ്, ഫ്രാൻസിസ് ബി എന്നിവർ പങ്കെടുത്തു.