സംസ്ഥാനത്തെ മ്യൂസിയങ്ങളെക്കുറിച്ച് പഠിക്കാൻ കമ്മീഷൻ രൂപീകരിക്കും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

Spread the love

മ്യൂസിയങ്ങളെ ജനകീയമാക്കാൻ സൗഹൃദസമിതികൾ.

സംസ്ഥാനത്തെ വ്യത്യസ്ഥങ്ങളായ മ്യൂസിയങ്ങളെ അവലോകനം ചെയ്യാനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും മ്യൂസിയം കമ്മീഷൻ രൂപീകരിക്കുമെന്ന് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. നിയമസഭയിൽ വകുപ്പിനെക്കുറിച്ചുള്ള ധനാഭ്യർത്ഥന ചർച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

കഴിഞ്ഞ എട്ടു വർഷത്തിനിടെ സംസ്ഥാനത്ത് ഒട്ടേറെ പുതിയ മ്യൂസിയങ്ങൾ സ്ഥാപിക്കുകയും നിലവിലുള്ള മ്യൂസിയങ്ങളെല്ലാം അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവഴി സംസ്ഥാനത്ത് ഒരു മ്യൂസിയം ശൃംഖല തന്നെ രൂപപ്പെട്ടു വരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രകടന പത്രികയിലെ വാഗ്ദാനമായ മ്യൂസിയം കമ്മീഷൻ രൂപവത്കരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

തീമാറ്റിക്ക് അഥവാ കഥ പറയുന്ന മ്യൂസിയങ്ങൾ എന്നതാണ് ആധുനിക മ്യൂസിയം സങ്കല്പം. ഇതനുസരിച്ചാണ് സംസ്ഥാനത്തെ മ്യൂസിയം ഗാലറികൾ സജ്ജീകരിച്ചു വരുന്നത്. മ്യൂസിയങ്ങളെ കൂടുതൽ ജനകീയവും ജന സൗഹൃദവുമാക്കാൻ പ്രാദേശിക തലത്തിൽ എല്ലാ മ്യൂസിയങ്ങളിലും മ്യൂസിയം സൗഹൃദസമിതികൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *