ശിക്ഷായിളവ് നല്‍കുന്നുവെന്നത് അഭ്യൂഹമാണെന്ന് സ്പീക്കര്‍ ഉള്‍പ്പെടെ പറഞ്ഞ ശേഷവും ട്രൗസര്‍ മനോജിന് വേണ്ടി പൊലീസ് കെ.കെ രമയുടെ മൊഴിയെടുത്തത് എന്തിന്?

Spread the love

ടി.പിയുടെ കൊലയാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച സബ്മിഷന്‍(27-06-2024).

ടി.പി കൊലക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കുന്നുവെന്നത് അഭ്യൂഹമാണെന്ന് സ്പീക്കര്‍ ഉള്‍പ്പെടെ പറഞ്ഞ ശേഷവും ട്രൗസര്‍ മനോജിന് വേണ്ടി പൊലീസ് കെ.കെ രമയുടെ മൊഴിയെടുത്തത് എന്തിന്? ഗൂഡാലോചനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമാണോ? ഹോം സെക്രട്ടറിക്കും മീതേ പറക്കുന്ന പരുന്ത് ആരാണ്? നിയമസഭ പാസാക്കിയ പ്രിസണ്‍ ആക്ടിലെ വ്യവസ്ഥ ഉത്തരവിലൂടെ ഇല്ലാതാക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരം? ശിക്ഷാ ഇളവ് നല്‍കുന്നതിന് വേണ്ടിയുള്ള ഗൂഡാലോചന തുടങ്ങിയത് 2022 മുതല്‍.

…………………………………………………………………..

ടി.പി ചന്ദ്രശേഖരനെ പോലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഹീനമായ രീതിയില്‍ കൊല ചെയ്യപ്പെട്ട സംഭവം കേരളത്തിലുണ്ടായിട്ടില്ല. കേസിലെ പല പ്രതികളുടെയും ജീവപര്യന്തം ഹൈക്കോടതി ഇരട്ടി ജീവപര്യന്തമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലും ടി.പി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കണമന്ന് ആവശ്യപ്പെട്ടാണ് കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍സ് സൂപ്രണ്ട് 13-06-2024 ല്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കത്ത് നല്‍കിയത്. ഒരു കാരണവശാലും ശിക്ഷായിളവ് നല്‍കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച ടി.പി കൊലക്കേസിലെ പ്രതികളാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ശിക്ഷായിളവിന് ചില മാനദണ്ഡങ്ങള്‍ ഉണ്ടാക്കണമെന്ന് 2018 ല്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ 2018 ല്‍ കേരളം പുറപ്പെടുവിച്ച മാനദണ്ഡങ്ങളില്‍ രാഷ്ട്രീയ

കൊലക്കേസ് പ്രതികള്‍ക്ക് ഒരു കാരണവശാലും ശിക്ഷാ കാലാവധി 14 വര്‍ഷം പൂര്‍ത്തിയാകുന്നതു വരെ ശിക്ഷായിളവ് കൊടുക്കേണ്ടതില്ലെന്നായിരുന്നു. എന്നാല്‍ 2022 ല്‍ സര്‍ക്കാര്‍ പുതിയ ഒരു ഉത്തരവിറക്കി. ഇതില്‍ രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികളെ ശിക്ഷാ ഇളവില്‍ നിന്നും ഒഴിവാക്കണമെന്ന നിര്‍ദ്ദേശം എടുത്തുമാറ്റി. ടി.പി കൊലക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള ഗൂഡാലോചനയാണ് അന്നു മുതല്‍ ആരംഭിച്ചത്. കേരള പ്രിസണ്‍സ് ആക്ടിലെ 78(20) വകുപ്പ് അനുസരിച്ച് ശിക്ഷാകാലാവധിയുടെ മൂന്നില്‍ ഒന്ന് താഴെയായിരിക്കണം ആകെ നല്‍കുന്ന പരോളെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ടി.പി കൊലക്കേസ് പ്രതികള്‍ എല്ലായിപ്പോഴും പരോളില്‍ പുറത്താണ്. അവര്‍ക്ക് ശിക്ഷായിളവ് നല്‍കണമെങ്കില്‍ ഈ നിയമം തടസമാകുമെന്ന് കണ്ടതുകൊണ്ടാണ് 2022 ലെ ഉത്തരവിലൂടെ പ്രിസണ്‍ ആക്ടിലെ 78(2) വകുപ്പ് എടുത്തു കളഞ്ഞത്. നിയമസഭ പാസാക്കിയ ഒരു പ്രൊവിഷന്‍ ഉത്തരവിലൂടെ എടുത്തു കളയാന്‍ ഈ സര്‍ക്കാരിന് എന്ത് അധികാരമാണുള്ളത്?

കഴിഞ്ഞ ദിവസം ഇതി സംബന്ധിച്ച് അടിയന്തിര പ്രമേയം കൊണ്ടു വന്നപ്പോള്‍ അഭ്യൂഹമാണെന്നാണ് സ്പീക്കര്‍ പറഞ്ഞത്. ജയില്‍ സൂപ്രണ്ട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് അയച്ച കത്ത് എങ്ങനെയാണ് അഭ്യൂഹമാകുന്നത്. ടി.പി കൊലക്കേസ് പ്രതിയായ മുഹമ്മദ് ഷാഫിക്ക് വേണ്ടി ചൊക്ലി പൊലീസും അണ്ണന്‍ സിജിത്തിന് വേണ്ടി പാനൂര്‍ പൊലീസും കെ.കെ രമയില്‍ നിന്നും മൊഴിയെടുത്തു. മൂന്നു പേരെ കൂടാതെ മാറ്റൊരാള്‍ കൂടി ഈ പട്ടികയിലുണ്ട്. ട്രൗസര്‍ മനോജ്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി വാദിച്ചവരും ചെയറും അഭ്യൂഹമാണെന്നാണ് പറഞ്ഞത്. സ്പീക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതൊക്കെ പറഞ്ഞു കഴിഞ്ഞ് ഇന്നലെ വൈകുന്നേരം ട്രൗസര്‍ മനോജിന് വേണ്ടി കൊളവല്ലൂര്‍ പൊലീസ് കെ.കെ രമയുടെ മൊഴി രേഖപ്പെടുത്തി. നാണമുണ്ടോ നിങ്ങള്‍ക്ക്? എന്നിട്ടാണ് നിങ്ങള്‍ അഭ്യൂഹമാണെന്ന് പറയുന്നത്. ഇന്നലെ വൈകുന്നേരവും ഈ ക്രൂരന്‍മാരായ ക്രിമിനലുകള്‍ക്ക് ശിക്ഷായിളവ് നല്‍കുന്നതിന് വേണ്ടിയുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്ന ദയനീയമായ സ്ഥിതിയാണ്. ടി.പി കേസിലെ പ്രതികള്‍ക്ക് ഒരു കാരണവശാലും ശിക്ഷാ ഇളവ് നല്‍കില്ലെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കണം.

ഈ മാസം മൂന്നിന് ശിക്ഷായിളവ് കൊടുക്കാന്‍ പാടില്ലെന്നു കാട്ടി ആഭ്യന്തര വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയെന്നാണ് മന്ത്രി പറഞ്ഞത്. പിന്നെ എന്തിനാണ് അതിനു ശേഷവും പാനൂര്‍ പൊലീസും ചൊക്ലി പൊലീസും കൊളവല്ലൂര്‍ പൊലീസും രമയുടെ മൊഴിയെടുത്തത്? ആ ഉത്തരവ് കാറ്റില്‍പറത്തി പൊലീസ് നടപടികളുമായി മുന്നോട്ടുപോയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമാണോ? ഹോം സെക്രട്ടറിക്കു മീതേ പറക്കുന്ന പരുന്ത് ആരാണ്? സര്‍ക്കാര്‍ ഇപ്പോഴും പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള വഴികളാണ് നോക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *