വള്ളംകളിയുടെ പ്രചരണാര്‍ത്ഥം ഇത്തവണ ഡബിള്‍ ഡക്കര്‍ ബസ്സുമെത്തും.
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന ആലപ്പുഴയിലെ കനാലുകള്‍ ഇത്തവണ കളര്‍ഫുള്‍ ആകും. ഇതിനായി കനാലുകള്‍ വൃത്തിയാക്കി ദീപാലങ്കാരങ്ങള്‍ ഒരുക്കും. ജില്ല കളക്ടര്‍ അലക്സ് വര്‍ഗ്ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വള്ളംകളി പബ്ലിസിറ്റി കമ്മറ്റി യോഗത്തിലാണ് തീരുമാനം. പ്രചാരണത്തിന്റെ ഭാഗമായി ഡബിള്‍ഡക്കര്‍ ബസ്സും ആലപ്പുഴയിലെത്തുമെന്ന് ജില്ല കളക്ടര്‍ യോഗത്തില്‍ പറഞ്ഞു.
വള്ളംകളി കാണാന്‍ ഇത്തവണ പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്ന പ്ലാറ്റിനം കോര്‍ണറില്‍ 25,000 രൂപയാണ് ഒരു കുടുംബത്തിന് ഏര്‍പ്പെടുത്തുന്നത്. ഇവര്‍ക്ക് പവലിയനിലേക്ക് വരുന്നതിനും പോകുന്നതിനും പ്രത്യേക ബോട്ട് സൗകര്യം ഉണ്ടാകും. കൂടാതെ കുടിവെള്ളം, ഭക്ഷണം, ഇരിപ്പിടം എന്നിവ പ്രത്യേകം തിരിച്ച് ഉറപ്പാക്കും. ഇവിടെ പോലീസ് നിരീക്ഷണം ഉണ്ടാകും. ആലപ്പുഴ പ്രസ് ക്ലബ്ബുമായി ചേര്‍ന്ന് തുഴത്താളം ഫോട്ടോപ്രദര്‍ശനം സംഘടിപ്പിക്കും. ഇതിനുള്ള തുക കഴിഞ്ഞ തവണത്തേതില്‍ നിന്ന് വര്‍ധിപ്പിക്കാനും തീരുമാനിച്ചു. വി.ഐ.പി. പവലിയനില്‍ മറ്റുള്ളവര്‍ പ്രവേശിക്കുന്നത് കര്‍ശനമായി നിരോധിക്കും. ഇതിനായി എസ്.ഐ. തലത്തില്‍ കുറയാത്ത പോലീസിന്റെ നിയന്ത്രണം കര്‍ശനമാക്കും.
മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള ഇരിപ്പിടവും മറ്റ് ക്രമീകരണങ്ങളും ഉറപ്പുവരുത്താന്‍ കമ്മറ്റി തീരുമാനിച്ചു. മാധ്യമ പവലിയനില്‍ സുരക്ഷയ്ക്കായി പൊലീസിനെ നിയോഗിക്കും. കൂടുതല്‍ പ്രചാരണത്തിനായി ഓട്ടോക്കാര്‍ക്ക് അവരുമായി ചര്‍ച്ചചെയ്ത് ബാഡ്ജിംഗ് സിസ്റ്റം നല്‍കാന്‍ ആര്‍.ടി.ഒ.യ്ക്ക് നിര്‍ദ്ദേശം നല്‍കും. പരമ്പരാഗത ഭക്ഷണം ലഭ്യമാക്കാന്‍ ഫുഡ് കോര്‍ട്ടും തയ്യാറാക്കും. വിമാനത്താവളം, കെ.എസ്.ആര്‍.ടി.സി എന്നിവിടങ്ങളില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് എന്‍.ടി.ബി.ആര്‍.സൊസൈറ്റി തയ്യാറാക്കുന്ന കോഫി ടേബിള്‍ ബുക്ക് നല്‍കും. ബസ്സുകളിലും ട്രയിനുകളിലും പരസ്യം നല്‍കുന്നതിനും നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. ജലോത്സവത്തിന്റെ പ്രചാരണാര്‍ത്ഥം വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. സൊസൈറ്റി സെക്രട്ടറി സമീര്‍ കിഷന്‍, കണ്‍വീനര്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്.സുമേഷ്, കമ്മിറ്റി അംഗങ്ങളായ മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ നസീര്‍ പുന്നയ്ക്കല്‍, കൗണ്‍സിലര്‍ സിമി ഷാഫി ഖാന്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.കെ.അനില്‍കുമാര്‍, സെക്രട്ടറി എസ്.സജിത്ത്കുമാര്‍, എ. കബീര്‍, കെ. നാസര്‍, എസ്.എ. അബ്ദുല്‍ സലാം ലബ്ബ, എം.പി. ഗുരുദയാല്‍, രമേശന്‍ ചെമ്മാപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.