മലയോര മേഖലകളിലെ യാത്രാപ്രശ്നം രൂക്ഷമായ സ്ഥലങ്ങളില്‍ ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ആവശ്യ പ്രകാരം അനുവദിക്കുന്ന ബസ്റൂട്ടുകള്‍ക്ക് അടിയന്തര പ്രാധാന്യത്തോടെ സമയം അനുവദിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യനാണ് ഈ വിഷയം യോഗത്തില്‍ ഉന്നയിച്ചത്. മലയോര മേഖലയില്‍ പുതുതായി നിരവധി നല്ല റോഡുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും എന്നാല്‍ പല സ്ഥലങ്ങളിലും ബസ്റൂട്ട് ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പുതിയ റൂട്ടുകളില്‍ ബസ് പെര്‍മിറ്റ് അനുവദിച്ച് മാസങ്ങളായിട്ടും ആര്‍ടിഒ ഓഫീസ് സമയം അനുവദിക്കാത്ത സ്ഥിതിയുണ്ടെന്നും ബിനോയ് കുര്യന്‍ പറഞ്ഞു. പുതിയ റൂട്ട് അനുവദിക്കുമ്പോള്‍ സമയം അനുവദിക്കുന്നത് സംബന്ധിച്ച ശുപാര്‍ശയും സമര്‍പ്പിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ആര്‍ടിഒ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. നിലവില്‍ ബസ് സര്‍വ്വീസ് ഇല്ലാത്ത സ്ഥലങ്ങള്‍, രൂക്ഷമായ യാത്രാപ്രശ്നമുള്ളതായി തദ്ദേശസ്ഥാപനങ്ങളോ, ജനപ്രതിനിധികളോ നിര്‍ദേശിക്കുന്ന റൂട്ടുകള്‍ എന്നിങ്ങനെ പ്രത്യേക പരിഗണനയോടെ പെര്‍മിറ്റ് അനുവദിക്കുന്ന കേസുകളില്‍ സമയം അനുവദിക്കുന്നതില്‍ ഒരു വിധ കാലതാമസവും അംഗീകരിക്കാനാവില്ലെന്നും കലക്ടര്‍ പറഞ്ഞു.
കണ്ണൂര്‍ ഗവ. ഐടിഐയിലെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പണി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ആവശ്യപ്പെട്ടു. കെട്ടികത്തിന്റെ പെയിന്റിങ്ങ് ഉള്‍പ്പെടെയുള്ള പ്രവൃത്തി പൂര്‍ത്തീകരിച്ചതായും ഉദ്ഘാടന സജ്ജമായതായും ഐടിഐ പ്രിന്‍സിപ്പല്‍ അറിയിച്ചു.
യോഗത്തില്‍ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംഎല്‍എമാരായ അഡ്വ. സണ്ണി ജോസഫ്, അഡ്വ. സജീവ് ജോസഫ്, എം വിജിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സബ് കലക്ടര്‍ സന്ദീപ് കുമാര്‍, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.