സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും പിന്തുണ നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി അക്കാദമി (ഐ സി ടി എ കെ) യും കേരളാ സ്‌പേസ്പാർക്കും (കെ സ്പേസ്) തമ്മിൽ ഐ സി ടി എ കെ യുടെ ദശവാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ ധാരണാപത്രം ഒപ്പുവെച്ചു. ടെക്‌നോപാർക്കിലെ സി- ഡാക് ആംഫിതിയേറ്ററിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ സാന്നിധ്യത്തിൽ ധാരണാപത്രം കൈമാറി. ഐ സി ടി എ കെ- യെ പ്രതിനിധീകരിച്ച് സി ഇ ഒ മുരളീധരൻ മാന്നിംഗ്‌ളും, കെ സ്പേസ്- നെ പ്രതിനിധീകരിച്ച് സി ഇ ഒ ജി. ലെവിനും ധാരണാപത്രം ഒപ്പുവെച്ചു. ഡ്രോൺ ടെക്‌നോളജി, റോബോട്ടിക്‌സ്, ഐ ഒ ടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ നൂതന സാങ്കേതികവിദ്യകളിൽ ഇരുസംഘടനകളും ചേർന്ന് പ്രവർത്തിക്കും. ഐ സി ടി എ കെ- യുടെ നൈപുണ്യ വികസനത്തിലെ വൈദഗ്ധ്യവും കെ സ്പേസ്- ന്റെ വ്യവസായ ശൃംഖലയുമൊന്നിച്ചുള്ള പ്രവർത്തനത്തിലൂടെ കേരളത്തെ ഉയർന്ന സാങ്കേതിക വ്യവസായങ്ങളുടെ ഹബ്ബായി മാറ്റുകയും, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നത്.