പൊലീസില്‍ ബാഹ്യ ഇടപെടലുകളില്ലെന്ന് മുഖ്യമന്ത്രിക്ക് നെഞ്ചില്‍ കൈവച്ച് പറയാന്‍ പറ്റുമോ? – പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Spread the love

പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം.

പൊലീസുകാരുടെ അമിത ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവും ക്രമസമാധാനപാലനത്തെ ബാധിക്കുന്നു; പൊലീസില്‍ ബാഹ്യ ഇടപെടലുകളില്ലെന്ന് മുഖ്യമന്ത്രിക്ക് നെഞ്ചില്‍ കൈവച്ച് പറയാന്‍ പറ്റുമോ? ക്രിമിനലുകള്‍ക്ക് സി.പി.എം രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്‍കുന്നുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞപ്പോള്‍ ബഹളമുണ്ടാക്കിയവരാണ് അതേ കാര്യം സ്വന്തം പാര്‍ട്ടിക്കാര്‍ പറയുമ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്.

……………………………………………

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്തമുള്ളവരാണ് പൊലീസുകാര്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 88 പൊലീസുകാര്‍ ആത്മഹത്യ ചെയ്‌തെന്ന വിവരമാണ് അടിയന്തിര പ്രമേയത്തിലൂടെ പി.സി വിഷ്ണുനാഥ് നിയമസഭയില്‍ അവതരിപ്പിച്ചത്. അതിനുള്ള കാരണങ്ങള്‍ തേടിയുള്ള അന്വേഷണമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. മുഖ്യമന്ത്രി അതിനെ ചെറുതായി കാണരുത്. ശവശരീരങ്ങള്‍ക്ക് പൊലീസ് കാവല്‍ നില്‍ക്കരുത് എന്നല്ല പറഞ്ഞത്. ശവശരീരങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയെന്ന ഏറ്റവും ക്ലേശകരമായ ജോലി ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ജോലി ഭാരമാണ് പൊലീസുകാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത്. ഒരുപാട് പേര്‍ ചെയ്യേണ്ട ജോലി കുറച്ച് ആളുകള്‍ മാത്രം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അമിതമായ ജോലിഭാരമാണ്. അതിന്റെ സ്‌ട്രെസും സ്‌ട്രെയിനും എങ്ങനെ മാനേജ് ചെയ്യണം എന്നതിനെ കുറിച്ചാണ് വിഷ്ണുനാഥ് സംസാരിച്ചത്. പൊലീസുകാര്‍ക്കുണ്ടാകുന്ന പ്രയാസങ്ങളും ജോലിയുമായി ബന്ധപ്പുള്ള സമ്മര്‍ദ്ദങ്ങളും ക്രമസമാധാനത്തെയും സ്റ്റേഷനില്‍ എത്തുന്ന സാധാരണക്കാരെയും ബാധിക്കുകയാണ്. റോഡിലൂടെ പൊലീസുകാരന്‍ നടന്നാല്‍ പേടിച്ച് വീട്ടില്‍ കയറുന്ന പഴയ കുട്ടന്‍പിള്ള പൊലീസിന്റെ കാലമല്ല ഇത്. കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് അന്വേഷണങ്ങള്‍ നടത്തി ജനങ്ങളുടെ കൂടപ്പിറപ്പായി നില്‍ക്കുന്നതാണ് ലോകത്ത് എല്ലായിടത്തുമുള്ള പൊലീസ്. പൊലീസുകാര്‍ക്കുണ്ടാകുന്ന അമിത ജോലി ഭാരം അവര്‍ ചെയ്യുന്ന ജോലിയെ എങ്ങനെ ബാധിക്കുന്നുയെന്നാണ് പരിശോധിക്കേണ്ടത്.

പൊലീസുകാര്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നിട്ടും എന്തു നടപടിയാണ് സ്വീകരിച്ചത്. മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ കൗണ്‍സിലിങ് ഉള്‍പ്പെടെ നിര്‍ദ്ദേശിച്ച് 2023 ഡിസംബര്‍ ഏഴിന് പൊലീസ് മേധാവി മാര്‍ഗനിര്‍ദ്ദേശം നല്‍കിയിരുന്നു. ആവശ്യത്തിന് അവധി ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷവേളകള്‍ പങ്കിടാന്‍ പൊലീസുകാര്‍ക്ക് അവസരം നല്‍കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിരുന്നു. അവധി കിട്ടാത്തതിനാല്‍ മാനസിക സംഘര്‍ഷം ഉണ്ടാകുന്നുവെന്ന് മനസിലാക്കി തന്നെയാണ് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയത്. എന്നിട്ടും ഒരു പ്രശ്‌നവും ഇല്ലെന്ന തരത്തില്‍ മുഖ്യമന്ത്രി പറഞ്ഞാല്‍ എങ്ങനെ ശരിയാകും. കാന്‍സര്‍ രോഗിയായ അമ്മയെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ അവധി ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പൊലീസുകാരനുണ്ട്. ഭാര്യ പ്രസവിക്കാന്‍ കിടക്കുമ്പോള്‍ ആശുപത്രിയില്‍ പോകാന്‍ അവധി ലഭിക്കാത്തതിനെ തുടര്‍ന്ന് തലചുറ്റിവീണ പൊലീസുകാരന്റേത് ഉള്‍പ്പെടെ നിരവധി സംഭവങ്ങളുണ്ട്. ഡി.ജി.പിയുടെ സര്‍ക്കുലര്‍ കൊണ്ട് ഏതെങ്കിലും തരത്തിലുള്ള മാറ്റം സേനയിലുണ്ടായോ?

മേലുദ്യോഗസ്ഥന്‍ ചെവി പൊട്ടുന്ന ചീത്തയാണ് കീഴുദ്യോഗസ്ഥരെ പറയുന്നത്. മുകളില്‍ നിന്നും കിട്ടുന്നത് താഴേയ്ക്ക് കൊടുക്കുകയാണ്. അനധികൃതമായ സ്ഥലം മാറ്റങ്ങളാണ് പൊലീസില്‍ നടക്കുന്നത്. ബാഹ്യമായ ഇടപെടലുകള്‍ പൊലീസില്‍ ഇല്ലെന്ന് മുഖ്യമന്ത്രിക്ക് നെഞ്ചില്‍ കൈ വച്ച് പറയാന്‍ പറ്റുമോ? മേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞാല്‍ താഴെയുള്ളവര്‍ കേള്‍ക്കുമോ? എസ്.പിയെ നിയന്ത്രിക്കുന്നത് നിങ്ങളുടെ ജില്ലാ കമ്മിറ്റികളല്ലേ? നിങ്ങളുടെ എസ്.എച്ച്.ഒമാരെ നിയന്ത്രിക്കുന്നത് ഏരിയാ കമ്മിറ്റികളല്ലേ? എത്രയോ സംഭവങ്ങള്‍ നമ്മുടെ നാട്ടിലുണ്ടായി? നാഷണല്‍ ഹൈവെയില്‍ ഒരു ക്രിമിനല്‍ തോക്ക് ചൂണ്ടി കാറിന്റെ ചില്ല് തല്ലിപ്പൊളിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ ആ ക്രിമിനല്‍ ഏരിയ സെക്രട്ടറിയുടെ സ്വന്തം ആളാണെന്നും എത്രയും വേഗം സ്ഥലം വിടാന്‍ നോക്കെന്നുമാണ് പൊലീസുകാര്‍ പറഞ്ഞത്. പരാതി നല്‍കാന്‍ എത്തിയപ്പോള്‍ ആ ക്രിമിനലിനെതിരെ പരാതി നല്‍കാതിരിക്കുന്നതാണ് നല്ലതെന്നാണ് എസ്.എച്ച്.ഒ ഉപദേശിച്ചത്. ചാലക്കുടിയില്‍ നിങ്ങളുടെ പാര്‍ട്ടിക്കാരന്‍ പൊലീസ് ജീപ്പിന് മുകളില്‍ കയറി നിന്ന് ചില്ല് തല്ലിപ്പൊളിച്ചില്ലേ? അയാളെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയപ്പോള്‍ ഏരിയാ സെക്രട്ടറിയല്ലേ പ്രതിയെ മോചിപ്പിച്ചത്? എന്നിട്ട് ആ ഏരിയാ സെക്രട്ടറിയെ അറസ്റ്റ് ചെയ്‌തോ? ചാലക്കുടി എസ്.ഐയെ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്നു ഭീഷണിപ്പെടുത്തി നിങ്ങളുടെ ഒരു പ്രാധനപ്പെട്ട നേതാവ് അവിടെ പോയി പ്രസംഗിച്ചല്ലോ. നടപടി എടുത്തോ? എന്നിട്ടാണ് ബാഹ്യമായ ഇടപെടല്‍ പൊലീസില്‍ ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത്.

ക്രിമിനലുകള്‍ക്ക് രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്‍കുന്ന എന്ന ആരോപണം പ്രതിപക്ഷ നിയമസഭയില്‍ ഉന്നയിച്ചിട്ടുണ്ട്. സ്വര്‍ണക്കള്ളക്കടത്ത് സംഘങ്ങള്‍ക്ക്, സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങള്‍ക്ക്, മയക്കുമരുന്ന് സംഘങ്ങള്‍ക്ക് ഉള്‍പ്പെടെ എല്ലാവര്‍ക്കും രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്‍കുന്നുണ്ടെന്ന് ഞങ്ങള്‍ നിയമസഭയില്‍ പറഞ്ഞപ്പോള്‍ ബഹളം ഉണ്ടാക്കിയവരാണ് ഇപ്പോള്‍ നിങ്ങളുടെ പാര്‍ട്ടിക്കാര്‍ പറയുമ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ രക്ഷകര്‍തൃത്വത്തെ കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗൗരവത്തോടെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ രക്ഷകര്‍തൃത്വം ക്രിമിനലുകള്‍ക്ക് കിട്ടുന്ന നാട്ടില്‍ പൊലീസിന് എന്താണ് ജോലി?

പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് ശേഷവും ലിസ്റ്റ് വെട്ടിച്ചുരുക്കി. 32 ഒഴിവുള്ള തസ്തികയുടെ റാങ്ക് ലിസ്റ്റില്‍ 20 പേര്‍ മാത്രമെയുള്ളൂ. കേരളത്തിലെ ഒരോ പൊലീസ് സ്റ്റേഷനിലുമുള്ള റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒഴിവുകളുടെ പട്ടികയുമായാണ് സി.പി.ഒ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സമരം ചെയ്തത്. എല്ലാ പോസ്റ്റുകളിലേക്ക് നിയമനം നടത്തിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയല്ല. നിലവില്‍ ക്രമസമാധാനം മാത്രമല്ല പൊലീസിന്റെ ജോലി. 20 വര്‍ഷത്തിന് മുന്‍പ് ഉണ്ടായിരുന്നതിന്റെ 20 ഇരട്ടി ജോലികള്‍ ഇന്ന് പൊലീസിനുണ്ട്. എല്ലാവരും എല്ലാ ജോലിയും ചെയ്യേണ്ട ശാസ്ത്രീയമല്ലാത്ത സംവിധാനമാണ് പൊലീസിലുള്ളത്. ക്രമസമാധാന പാലനത്തെ പോലും ഇത് ഗൗരവമായി ബാധിക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം മനസിലാക്കണം. നിയമസഭയിലെ മേല്‍ ഉദ്യോഗസ്ഥരെ കുറിച്ച് പോലും വാച്ച് ആന്‍ഡ് വാര്‍ഡ് പരാതി നല്‍കിയിട്ടുണ്ട്. ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് പൊലീസിനെ തള്ളിവിടാതെ ആളുകളുടെ എണ്ണം കൂട്ടി ജോലിഭാരം കുറയ്ക്കാനുള്ള ഒരു സംവിധാനം വേണം. എന്നാല്‍ ഈ വിഷയങ്ങളെ ലഘൂകരിച്ച് എല്ലാം നന്നായി പോകുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വാക്കൗട്ട് ചെയ്യുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *