ടൂറിസം വികസ പ്ലാന്‍ ഉള്‍പ്പെടുത്തുമ്പോള്‍ അതിന്റെ പ്രയോജനം മത്സ്യത്തൊഴിലാളികള്‍ക്ക് ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ളത്. ഇപ്പോള്‍ സോണ്‍ III-ലുള്ളതിനെ സോണ്‍ II-ലേക്ക് മാറ്റാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ഞാന്‍ ആവശ്യപ്പെടുന്നു.
സർക്കാർ ഇക്കാര്യത്തിൽ ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നൽകി. 2011-ലെ തീരദേശപരിപാലന നിയമത്തില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്നതിനുള്ള ഭേദഗതി 2019-ല്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഈ ഇളവുകള്‍ പൂര്‍ണ്ണമായും സംസ്ഥാനത്തിന് പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് തീരദേശവാസികള്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലുള്ള കരട് തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കിയത്. തുടര്‍ന്ന് കരട് പ്ലാനില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി 10 തീരദേശ ജില്ലകളിലും 2023 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ പബ്ലിക് ഹിയറിംഗും നടത്തുകയുണ്ടായി. ഇതില്‍ ലഭിച്ച 33000-ത്തോളം പരാതികളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് കരട് പ്ലാനില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ചെന്നൈയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സസ്റ്റെെനബിള്‍ കോസ്റ്റല്‍ മാനേജ്‌മെന്റിന് (NCSCM) കൈമാറി. പ്രസ്തുത സ്ഥാപനം നിര്‍ദ്ദേശിച്ച ഭേദഗതികളും അധിക വിവരങ്ങളും ഉള്‍പ്പെടുത്തിയ കരട് പ്ലാന്‍, ഫിഷറീസ് മാനേജ്‌മെന്റ് പ്ലാന്‍, ടൂറിസം മാനേജ്‌മെന്റ് പ്ലാന്‍, ലാന്റ് യൂസ് മാപ്പ് എന്നിവ NCSCM-ന്റെ ടെക്നിക്കല്‍ സ്ക്രൂട്ടിനി കമ്മിറ്റിക്ക് 11.06.2024-ന് നല്‍കിയിട്ടുണ്ട്. ഇതിന് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് കരട് പ്ലാന്‍ കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അനുമതിക്ക് സമര്‍പ്പിക്കുന്നതാണ്. തീരദേശപരിപാലന നിയമ പ്രകാരം ഏറ്റവും കുറവ് നിയന്ത്രണങ്ങളുള്ള മേഖലയാണ് CRZ-II. കേന്ദ്രം മുന്‍സിപ്പാലിറ്റികളെയും കോര്‍പ്പറേഷനുകളെയും മാത്രമാണ് പൊതുവില്‍ CRZ-II-വില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ രാജ്യത്തെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജനസാന്ദ്രതയുടെ കാര്യത്തിലും അടിസ്ഥാന സൗകര്യവികസനത്തിന്റെ കാര്യത്തിലും സംസ്ഥാനത്തെ തീരദേശ മേഖലയോട് ചേര്‍ന്നുകിടക്കുന്ന ഏറെക്കുറെ എല്ലാ ഗ്രാമപഞ്ചായത്തുകളും നഗരസ്വഭാവമുള്ളവയാണ്. പഞ്ചായത്തുകളെ CRZ-II-വില്‍ ഉള്‍പ്പെടുത്താത്ത സാഹചര്യമുണ്ടായാല്‍ അത് സംസ്ഥാനത്തിന് വളരെയധികം ദോഷമുണ്ടാക്കുന്ന തീരുമാനമാകും. ഇക്കാര്യം പരിഗണിച്ച് 175 പഞ്ചായത്തുകളെ Legally Designated Urban Area കളായി വിജ്ഞാപനം ചെയ്യുകയും CRZ-II-വിന്റെ ആനുകൂല്യം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ 66 ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അനുമതി ലഭിച്ച 66 പഞ്ചായത്തുകളില്‍ ചില പഞ്ചായത്തുകളിലെ ആണവോര്‍ജ്ജ വകുപ്പ് നിര്‍ദ്ദേശിച്ച പ്രദേശങ്ങള്‍ക്ക് ഇളവിന് നിയന്ത്രണം ഉണ്ടാകും. സര്‍ക്കാര്‍ ആവശ്യപ്പെട്ടതുപ്രകാരം ആനുകൂല്യം അനുവദിക്കുന്നതില്‍ അവശേഷിക്കുന്ന ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. കരട് പ്ലാനിന് കേന്ദ്രാനുമതി ലഭിക്കുന്നതോടെ പൊക്കാളിപാടങ്ങളും അനുബന്ധ പ്രദേശങ്ങളും സി.ആര്‍.ഇസഡ്-ല്‍നിന്നും പൂര്‍ണ്ണമായും ഒഴിവാക്കപ്പെടും. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആയിരം ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന കണ്ടല്‍ക്കാടുകള്‍ക്ക് ചുറ്റുമുള്ള ബഫര്‍സോണ്‍ പൂര്‍ണ്ണമായും ഒഴിവാകും. തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിലുള്‍പ്പെടുന്ന ഉള്‍നാടന്‍ ജലാശയങ്ങളുടെ നിര്‍മ്മാണ നിരോധിതമേഖല 100 മീറ്ററില്‍നിന്നും 50 മീറ്ററായി കുറയും. കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 10 ഹെക്ടറില്‍ കൂടുതല്‍ വിസ്തൃതിയുള്ള ദ്വീപുകളുടെ സി.ആര്‍.ഇസഡ്. പരിധി 50 മീറ്ററില്‍നിന്ന് 20 മീറ്ററാക്കി കുറയ്ക്കുന്നതിനുള്ള പ്ലാന്‍ തയ്യാറാക്കുന്നുണ്ട്. 10 ഹെക്ടറില്‍ താഴെ വിസ്തീര്‍ണ്ണമുള്ള ദ്വീപുകള്‍ക്കുള്ള മാര്‍ഗരേഖ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. തീരദേശപരിപാലന നിയമത്തില്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്ര സര്‍ക്കാരില്‍നിന്നും ലഭിക്കണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. പൊതുജനാഭിപ്രായം തേടികൊണ്ടും ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലും സംസ്ഥാന സര്‍ക്കാര്‍ അതനുസരിച്ചുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാ നടപടികളും തുടര്‍ന്നും കെെക്കൊള്ളുന്നതാണ്.
ശ്രീ. രമേശ് ചെന്നിത്തല: , 66 പഞ്ചായത്തുകള്‍ക്ക് മാത്രമാണ് സി.ആര്‍.ഇസഡ്. II-ലേയ്ക്ക് മാറ്റം വന്നിട്ടുള്ളത്. നൂറിലധികം പഞ്ചായത്തുകള്‍ക്കാണ് നമ്മള്‍ ശിപാശ ചെയ്തത്. ബാക്കിയുള്ള പഞ്ചായത്തുകള്‍കൂടി സി.ആര്‍.ഇസഡ്.-II-ലേയ്ക്ക് മാറ്റാനുള്ള നടപടിക്കുവേണ്ടി കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുമോ?
പിണറായി വിജയന്‍: , ഇത് നമ്മുടെ സംസ്ഥാനത്തിന്റെ ആവശ്യമായതിനാല്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുന്നതാണ്. 175 പഞ്ചായത്തുകള്‍ സി.ആര്‍.ഇസഡ്.-II-ലേയ്ക്ക് മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ 66 പഞ്ചായത്തുകള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ബാക്കിയുള്ള പഞ്ചായത്തുകളുടെ കാര്യങ്ങള്‍ക്കായി തുടര്‍ന്നും സമ്മര്‍ദ്ദം
ചെലുത്തിക്കൊണ്ടേയിരിക്കും.