സാംക്രമിക രോഗങ്ങള്‍ നിയന്ത്രിക്കാന്‍ 12 കോടി വകയിരുത്തിയിട്ടും ചിലവഴിച്ചത് .08 ശതമാനം മാത്രം

Spread the love

പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം  (02/07/2024).

ലോകത്തുള്ള എല്ലാ പകര്‍ച്ചവ്യാധികളുടെയും കേന്ദ്രമായി കേരളം മാറി; കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താതെ ആരോഗ്യരംഗത്ത് പിന്നാക്കം നടന്നുകൊണ്ടിരിക്കുന്നു; മഴക്കാല പൂര്‍വ ശുചീകരണം ദയനീയമായി പരാജയപ്പെട്ടു; മന്ത്രിമാര്‍ യോഗം ചേരുന്നതിനല്ലാതെ ശുചീകരണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒരു വിലക്കുമില്ലായിരുന്നു; സാംക്രമിക രോഗങ്ങള്‍ നിയന്ത്രിക്കാന്‍ 12 കോടി വകയിരുത്തിയിട്ടും ചിലവഴിച്ചത് .08 ശതമാനം മാത്രം.

…………………………………………………………….

കേരളം ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ അഭിമാനകരമായ മുന്നേറ്റമുണ്ടാക്കിയ സംസ്ഥാനമാണെന്നാണ് കാലങ്ങളായി നമ്മളെല്ലാം വാദിക്കുന്നത്. അതൊരു യാഥാര്‍ത്ഥ്യവുമായിരുന്നു. എന്നാല്‍ കാലാനുസൃത മാറ്റങ്ങള്‍ വരുത്താതെ ആരോഗ്യരംഗത്ത് പിന്നാക്കം നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന്, നമ്മള്‍ കേട്ടിട്ടു പോലുമില്ലാത്ത പകര്‍ച്ചവ്യാധികളുടെ പ്രോണ്‍ ഏരിയയായി കേരളം മാറിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള പൊതുകാരണങ്ങള്‍ പറയാമെങ്കിലും കാലാവസ്ഥാ വ്യതിയാനം ലോകത്ത് എല്ലായിടത്തുമുണ്ട്. യഥാര്‍ത്ഥ കാരണം എന്താണെന്ന് കണ്ടെത്തണ്ടേ? മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി, ഷിഗെല്ല, അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, ഉഗാണ്ടയില്‍ മാത്രം കണ്ടു വന്നിരുന്ന വെസ്റ്റ് നൈല്‍ തുടങ്ങി നിരവധി രോഗങ്ങളാണ് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

സര്‍ക്കാരിന്റെ Integrated Disease Surveillance Programme(IDSP) കണക്കനുസരിച്ച്, 2024-ല്‍ ഇതുവരെ പനി ബാധിച്ചത് 12 ലക്ഷം പേര്‍ക്കാണ്. ഏഴു പേര്‍ മരിച്ചു. 2024 -ല്‍ ഡെങ്കിപ്പനി ബാധിച്ചത്7949 പേര്‍ക്കാണ്. മരണം 22. 2024-ല്‍ എലിപ്പനി ബാധിച്ചത് 1132 പേര്‍ക്ക്; മരണം 61. ഹെപ്പറ്റെറ്റിസ് എ ബാധിച്ചവര്‍ 3020 പേര്‍. മരിച്ചത് 24 പേര്‍. ഹെപ്പറ്റെറ്റിസ് ബി ബാധിച്ചവര്‍: 119 പേര്‍. ഷിഗെല്ല ബാധിച്ചത് 63 പേര്‍ക്ക്. വെസ്റ്റ് നൈല്‍ ബാധിച്ചത് 20 പേര്‍ക്ക്, മരണം 3. ഈ കണക്ക് പൂര്‍ണമല്ല. സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളിലുമള്ള വിവരങ്ങള്‍ ഒഴികെയുള്ള കണക്കാണിത്. ഇതിനേക്കാള്‍ കൂടുതലാണ് യാഥാര്‍ത്ഥ വിവരങ്ങള്‍.

ഈ രോഗങ്ങളൊക്കെ ഉണ്ടാകാന്‍ കാരണം ആരോഗ്യ വകുപ്പാണെന്ന ആക്ഷേപം ഞങ്ങള്‍ ഉന്നയിക്കുന്നില്ല. പൊതുജന ആരോഗ്യത്തെ ബാധിക്കുന്ന വിഷയം ഗൗരവത്തോടെ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ജനങ്ങള്‍ കൂടി കൂടുതല്‍ ബോധവാന്‍മാരായേനെ. രോഗങ്ങള്‍ വരാതിരിക്കാന്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ സര്‍ക്കാര്‍ വിമര്‍ശിക്കപ്പെടും. ഇതിനെയൊന്നും മന്ത്രി വ്യക്തിപരമായി എടുക്കേണ്ടതില്ല. മഴക്കാല പൂര്‍വ ശുചീകരണം ഒരു പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് ദയനീയമായി പരാജയപ്പെട്ട വര്‍ഷമാണിത്. തദ്ദേശ സ്ഥാപനങ്ങളും തദ്ദേശ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി നടത്തേണ്ട മഴക്കാല പൂര്‍വശുചീകരണത്തില്‍ യോഗങ്ങള്‍ നടത്തിയതിന്റെ കണക്ക് ഇവിടെ പറയേണ്ട. ഭരണസിരാ കേന്ദ്രമായ തിരുവനന്തപുരത്ത് ഒരു രാത്രി മുഴുവന്‍ മഴ പെയ്താല്‍ പുറത്തേക്ക് ഇറങ്ങാനാകാത്ത സ്ഥിതിയാണ്. എല്ലാ സ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്. നഗരാതിര്‍ത്തിയില്‍ പത്ത് ദിവസമായി വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലം കടകംപള്ളി സുരേന്ദ്രന്റെ നിയോജകമണ്ഡലത്തിലുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ജില്ലാ കളക്ടറെയും എ.ഡി.എമ്മിനെയും കോര്‍പറേഷന്‍ സെക്രട്ടറിയെയും വിളിച്ചു. എന്നിട്ടും ഒരാള്‍ പോലും തിരിഞ്ഞു നോക്കിയില്ല. മലിന ജലം വീടുകളിലേക്കും കുടിവെള്ള സ്രോതസുകളിലേക്കും എത്തുകയാണ്. ജില്ലയില്‍ നിന്നുള്ള മന്ത്രി പോലും ഇതൊന്നും കാണുന്നില്ലേ? നിങ്ങള്‍ ആരെങ്കിലും ഇടപെട്ടോ? ഇതാണ് സംസ്ഥാനം മുഴുവനുമുള്ള സ്ഥിതി.

മഴക്കാല പൂര്‍വശുചീകരണം നടന്നില്ലെന്നത് തദ്ദേശ മന്ത്രി തന്നെ സമ്മതിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചിട്ട് എത്ര നാളായി? തിരഞ്ഞെടുപ്പ് കാലത്ത് ഇതൊന്നും നടക്കില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. ഇതൊക്കെ മുന്‍കൂട്ടിക്കണ്ട് ചെയ്യേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ലേ? മന്ത്രിയും എം.എല്‍.എയും യോഗം ചേര്‍ന്നിട്ടാണോ മഴക്കാല പൂര്‍വശുചീകരണം നടത്തുന്നത്? ഇതൊക്കെ ചെയ്യാന്‍ സര്‍ക്കാരിന് സംവിധാനം ഇല്ലേ? യോഗം ചേരുന്നതിന് മാത്രമായിരുന്നു വിലക്ക്. അല്ലാതെ മഴക്കാലപൂര്‍വ ശുചീകരണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒരു വിലക്കുമില്ലായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് യോഗം ചേര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ട നിങ്ങള്‍ അത് ചെയ്തില്ല. ദിവസങ്ങളോളം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്നാണ് രോഗങ്ങള്‍ പകരുന്നത്. രോഗം പകര്‍ന്നില്ലെങ്കിലെ ആത്ഭുതമുള്ളൂ.

മാലിന്യനീക്കവും കുടിവെള്ള വിതരണവുമാണ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ രണ്ട് ബിസിനസുകള്‍. കണക്ക് പോലും ആര്‍ക്കും അറിയില്ല. കുടിവെള്ള വിതരണം നടത്തുന്നവര്‍ എവിടുന്നാണ് വെള്ളം കൊണ്ടു വരുന്നതെന്ന് എവിടെ നിന്നാണ്? ആരാണ് ഇത് പരിശോധിക്കുന്നത്? എന്തെങ്കിലും ഒരു പരിശോധന സംസ്ഥാനത്ത് നടക്കുന്നുണ്ടോ? എന്ത് വിശ്വസിച്ചാണ് പാവങ്ങള്‍ ബക്കറ്റുമായി പോയി നിന്ന് ലോറിയില്‍ കൊണ്ടു വരുന്ന വെള്ളം വാങ്ങുന്നത്. കുടിവെള്ള വിതരണത്തിലുണ്ടായ പാകപ്പിഴയെ തുടര്‍ന്ന് തൃക്കാക്കര ഡി.എല്‍.എഫ് ഫ്‌ളാറ്റിലെ ആയിരത്തിലധികം പേരാണ് ആശുപത്രിയിലായത്. ഇതൊക്കെ പൊതുജനാരോഗ്യത്തിന്റെ ഭാഗമാണ്. ആരോഗ്യ വകുപ്പിന് മാത്രമല്ല ഉത്തരവാദിത്തം. ഇതിനാണ് സര്‍ക്കാര്‍. ആസുഖം വരുമ്പോള്‍ ആശാ വര്‍ക്കര്‍ വീട്ടില്‍ പോയി കണക്കെടുക്കുന്നതു മാത്രമല്ല പൊതുജനാരോഗ്യം. സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരും ജീവനക്കാരുമൊക്കെ പണിയെടുക്കുന്നുണ്ട്. അവര്‍ പണിയെടുക്കുന്നില്ല എന്നതല്ല പരാതി. 1900 പേര്‍ കിടക്കേണ്ട സ്ഥലത്ത് 3000 പേര്‍ വന്നാല്‍ എങ്ങനെ നോക്കും? ഇത് ആശുപത്രിയില്‍ നിന്നു തന്നെ രോഗം വരുന്ന സ്ഥിതിയുണ്ടാക്കും.

സാധാരണക്കാര്‍ക്ക് ആശുപത്രി ബില്‍ ഉണ്ടാക്കുന്ന പ്രതിസന്ധി മറികടക്കാനാണ് കാരുണ്യ പദ്ധതി കൊണ്ടുവന്നത്. ഒരു സര്‍ജറി നടത്തുന്നതിനുള്ള തുക 2015-ല്‍ കാരുണ്യ പദ്ധതിയില്‍ നിന്നും കിട്ടുമായിരുന്നു. നിലവില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ 1255 കോടിയാണ് കുടിശിക, ആരോഗ്യ കിരണത്തിന് 4 കോടിയും കാരുണ്യ ബെനെവെലെന്റ് ഫണ്ടിന് 217 കോടിയും ഹൃദ്യം പദ്ധതിക്ക് -10.38 കോടിയും ജെ.എസ്.എസ്‌കെയ്ക്ക് 34.87 കോടിയുമാണ് നല്‍കാനുള്ളത്. ഇത് പഴയതൊന്നുമല്ല, ജൂണ്‍ 28 ന് നിയമസഭയില്‍ വച്ച കണക്കാണ്. ഈ പദ്ധതികളൊക്കെ കേന്ദ്ര പദ്ധതികളാണോ? പണം നല്‍കാത്തതിനാല്‍ സ്വകാര്യ ആശുപത്രികള്‍ കാരുണ്യ കാര്‍ഡ് സ്വീകരിക്കുന്നില്ല.

Ministry of Statistics and Programme Implementation അടുത്തിടെ ‘എന്‍വിസ്റ്റാറ്റ്‌സ് ഇന്ത്യ 2024’ റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. ‘closely linked to inadequate sanitation and hazardous environment’ ആയ ഒന്‍പതു രോഗങ്ങളെ കുറിച്ചാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അനുസരിച്ചു 2023ല്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി കേസുകളായും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2023 ല്‍ കേരളത്തില്‍ 565 മലേറിയ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 299 എണ്ണം ഏറ്റവും മാരകമായ plasmodium falciparum parasite കാരണമാണ്. ഏഴ് മരണങ്ങളാണ് കേരളത്തില്‍ സംഭവിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണസംഖ്യയില്‍ നാലാം സ്ഥാനത്താണ് കേരളം. കോവിഡ് വന്ന കാലത്തും കേരളമാണ് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തെന്ന് നിങ്ങള്‍ പറഞ്ഞു. പിന്നീട് ലോകത്ത് ഒന്നാം സ്ഥാനത്തെന്നും. അവസാനം യഥാര്‍ത്ഥ കണക്ക് പുറത്ത് വന്നപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുണ്ടായ രണ്ടാമത്തെ സംസ്ഥാനമായി കേരളം. ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടായ രണ്ടാമത്തെ സംസ്ഥാനവും കേരളമായി. കേരളത്തിന്റെ ജനസംഖ്യയുടെ മൂന്നിരട്ടി ജനസംഖ്യയുള്ള മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്തെത്തിയത്. എന്നിട്ടും തിരഞ്ഞെടുപ്പു കാലത്തും അതിന് മുന്‍പും നിങ്ങള്‍ പി.ആര്‍ വര്‍ക്ക് നടത്തി. എത്ര അവാര്‍ഡുകള്‍ വാങ്ങി? അവാര്‍ഡി വാങ്ങിക്കൂട്ടിയതല്ലാതെ യാഥാര്‍ത്ഥ്യം എന്തായിരുന്നു? ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗം ഉണ്ടാകുകയും അതിനെ നിയന്ത്രിക്കാന്‍ സാധിക്കാതിരുന്നതുമായ സംസ്ഥാനമായിരുന്നു കേരളം. ഇതാണ് യാഥാര്‍ത്ഥ കണക്ക്. ഇതേ സാഹചര്യത്തില്‍ ഇനിയും പോയാല്‍ കേരളം അപകടകരമായ അവസ്ഥയിലേക്ക് പോകും. രോഗങ്ങള്‍ക്കൊന്നും ചികിത്സിക്കാനാകാത്ത അവസ്ഥയിലാണ് ജനങ്ങള്‍. മഞ്ഞപ്പിത്തം വന്ന് വീട് പോലും വില്‍ക്കേണ്ട അവസ്ഥയിലാണ് ശ്രീകാന്ത് പെരുമ്പാവൂര്‍ എന്നയാളുടെ കുടുംബം.

സാംക്രമിക രോഗങ്ങള്‍ നിയന്ത്രിക്കാന്‍ 12 കോടി രൂപയാണ് ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്. എന്നിട്ട് ഇന്നുവരെ ചെലവഴിച്ചത് .08 ശതമാനം മാത്രമാണ് ചെലവഴിച്ചിരിക്കുന്നത്. ഇതൊന്നും ഈ സര്‍ക്കാരിന്റെ മുന്‍ഗണനകളിലില്ല. സംസ്ഥാന, ജില്ലാ, താലൂക്ക്തലങ്ങളില്‍ യോഗം ചേരുന്നതല്ലാതെ പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കുന്നതിലും അതിനുള്ള കാരണങ്ങള്‍ കണ്ടെത്തുന്നതിലും വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനമുണ്ടാക്കി ശാശ്വത പരിഹാരം കാണുന്നതിലും ഈ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *