മലയാളി പെന്തക്കോസ്ത് ആത്മീയ സമ്മേളനം ജൂലൈ നാലിന് തിരശ്ശീല ഉയരും – നിബു വെള്ളവന്താനം

Spread the love

‘മലയാളി പെന്തക്കോസ്ത് ആത്മീയ സമ്മേളനം’
ജൂലൈ നാലിന് തിരശ്ശീല ഉയരും; തിരുവചനത്തിന്റെ പ്രഭ ചൊരിയുന്ന ദിനരാത്രങ്ങൾക്കായി ഹൂസ്റ്റൺ പട്ടണം ഒരുങ്ങി.

– നിബു വെള്ളവന്താനം
(നാഷണൽ പബ്ലിസിറ്റി കോർഡിനേറ്റർ)

ഹൂസ്റ്റൺ : അമേരിക്കൻ മലയാളി പെന്തക്കോസ്ത് സമൂഹം ഒരു വർഷമായി പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിന്ന ധന്യ മുഹൂർത്തത്തിന് ഇനി

രണ്ട് നാൾ മാത്രം. കേരളത്തിന് പുറത്ത് വിദേശ രാജ്യങ്ങളിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമായ പി.സി.എൻ.എ.കെ ആത്മീയ സമ്മേളനത്തിന് 5 ന് വ്യാഴാഴ്ച ജോർജ് ആർ. ബ്രൗൺ കൺവൻഷൻ സെന്ററിൽ തുടക്കമാകും.

വ്യാഴാഴ്ച വൈകിട്ട് 6 ന് പാസ്റ്റർ കെ. പി മാത്യുവിന്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന മഹാസമ്മേളനം നാഷണൽ കൺവീനർ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ ഉദ്ഘാടനം നിർവ്വഹിക്കും. “മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പ്പിൻ” (ലൂക്കോസ് 3:8) എന്നതാണ് കോൺഫ്രൻസിന്റെ ചിന്താവിഷയം.

ലോക്കൽ സെക്രട്ടറി സജിമോൻ ജോർജ് സ്വാഗതവും ലോക്കൽ കൺവീനർ പാസ്റ്റർ സണ്ണി താഴാംപള്ളം സങ്കീർത്തന വായനയും നിർവ്വഹിക്കും. പ്രഥമ ദിവസത്തെ മുഖ്യ പ്രാസംഗികരെ നാഷണൽ സെക്രട്ടറി രാജു പൊന്നോലിൽ സദസ്സിന് പരിചയപ്പെടുത്തും. പാസ്റ്റർമാരായ ഫെയ്ത്ത് ബ്ലെസ്സൻ (കേരളം), ജൂലിയസ് സുബി (കെനിയ) എന്നിവരായിരിക്കും പ്രാരംഭ ദിവസത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്നത്.

ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന സംഗീത സദ്ധികളുടെ സ്വരലയ താളങ്ങളിലേക്ക് ഏവരെയും കൊണ്ടെത്തിക്കുവാൻ അനുഗ്രഹീത ഗായകൻ കെ ബി ഇമ്മാനുവേലിനോടൊപ്പം ദേശീയ ഗായക സംഘവും ആത്മീയ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പങ്കെടുക്കുന്ന വിശ്വാസികൾ ആത്മീയ ഉന്നതി പ്രാപിക്കുക, കൂട്ടായ്മകളും സൗഹൃദങ്ങളും ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ , സംഘടനാ വിത്യാസം കൂടാതെ ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ദൈവമക്കൾ ഒന്നാണെന്ന് വിളിച്ചോതുന്ന ആത്മീയ സമ്മേളനത്തിനാണ് ഹൂസ്റ്റൺ പട്ടണം വേദിയാകുന്നത്.

ലോക പ്രസിദ്ധ സുവിശേഷകനും അമേരിക്കയിലെ യുവജനങ്ങൾക്കിടയിൽ ഏറെ സ്വാധീനവുമുള്ള പാസ്റ്റർ വ്ളാഡ് സുവ്ഷുക്ക്, ഡോ. ജൂലിയസ് സൂബി, ഡോ. റ്റിം ഹിൽ, ആൻഡ്രസ് ബിസോണ, ക്രൈസ്തവ കൈരളിക്ക് ഏറെ സുപരിചതരായ പാസ്റ്റർ ഫെയ്ത്ത് ബ്ലസ്സൻ, പാസ്റ്റർ ജസ്റ്റിൻ ശാമുവൽ, ഡോ. ഏഞ്ചൽ എൽസാ വർഗ്ഗീസ് – യു.കെ എന്നിവരാണ് ഈ വർഷത്തെ കോൺഫ്രൻസിന്റെ മുഖ്യ പ്രസംഗകർ. ഇവരെ കൂടാതെ സ്വദേശത്തും വിദേശത്തും നിന്നുമുള്ള ദൈവഭൃത്യന്മാർ വിവിധ സെക്ഷനുകളിൽ വചനം പ്രഘോഷിക്കും.

കുട്ടികൾക്കും, യുവാക്കൾക്കും, സഹോദരിമാർക്കും വിവിധ ദിവസങ്ങളിൽ പ്രത്യേക സെക്ഷനുകൾ ഉണ്ടായിരിക്കും. കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം സമ്മേളനം, ഒമാൻ പെന്തക്കോസ്തൽ അസംബ്ലി സംഗമം, ബോംബെ ബിലിവേഴ്സ് സംഗമം, കോട്ടയം സംഗമം, ഉണർവ് യോഗം , കാത്തിരിപ്പ് യോഗം, 1980 ഗ്രൂപ്പ് ഇംഗ്ലീഷ് സെക്ഷൻ, സ്പോർട്ട്സ് തുടങ്ങി വിവിധ സമ്മേളനങ്ങളും കോൺഫ്രൻസിനോട് അനുബന്ധിച്ച് ഉണ്ടായിരിക്കും .

ജൂലൈ 7ന് ഞായറാഴ്ച സംയുക്ത ആരാധനയോടും ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയോടും കൂടി ആത്മീയ സമ്മേളനം സമാപിക്കും. ദേശീയ പ്രതിനിധികളുടെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിശ്വാസികളെ ഹൂസ്റ്റൺ പട്ടണത്തിൽ എത്തിക്കുവാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. സമ്മേളന നഗറിലേക്ക് ആയിരങ്ങൾ എത്തിച്ചേരുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.

ഹൂസ്റ്റൺ IAH, HOU എയർപോർട്ടിൽ വന്നിറങ്ങുന്നവർക്ക് സുരക്ഷിതമായി കോൺഫ്രൻസ് സെന്ററിൽ എത്തിച്ചേരുവാൻ സൗജന്യ വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കാർ മാർഗ്ഗമായി എത്തിച്ചേരുന്നവർക്കും കൺവെൻഷൻ സെന്ററിൽ സൗജന്യ പാർക്കിംഗ് ഭാരവാഹികൾ ക്രമീകരിച്ചിട്ടുണ്ട്.

വ്യത്യസ്തമായ പ്രോഗ്രാമുകൾ, മികച്ച നിലയിലുള്ള താമസ സൗകര്യങ്ങൾ തുടങ്ങിയവ കുറ്റമറ്റ രീതിയിൽ ക്രമീകരിക്കുന്നതിനായി നാഷണൽ – ലോക്കൽ കമ്മിറ്റികൾ അഹോരാത്രം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: www.pcnakhouston.org

വാർത്ത: നിബു വെള്ളവന്താനം
(നാഷണൽ പബ്ലിസിറ്റി കോർഡിനേറ്റർ

 

Author

Leave a Reply

Your email address will not be published. Required fields are marked *