പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകൾക്ക് നേരിട്ട് പ്രവേശനം; ഇപ്പോൾ അപേക്ഷിക്കാം: മന്ത്രി ഡോ. ബിന്ദു

Spread the love

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സി.സി.ഇ.കെ (സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യുക്കേഷൻ കേരള) ഒരുക്കുന്ന തുടർവിദ്യാഭ്യാസ പദ്ധതിയിൽ എറണാകുളം ഗവ. വിമൺസ് പോളിടെക്‌നിക് കോളേജിൽ കുറഞ്ഞ ചെലവിൽ പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകൾ പഠിക്കാൻ അവസരമൊരുക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ആറുമാസ/ഒരു വർഷ കാലാവധിയുള്ള കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാമെന്നും മന്ത്രി ബിന്ദു പറഞ്ഞു.

എസ്എസ്എൽസിയോ പ്ലസ്ടുവോ ബിരുദമോ അടിസ്ഥാനയോഗ്യതയുള്ള ആർക്കും മാർക്കോ പ്രായപരിധിയോ നോക്കാതെ കോഴ്‌സിന് നേരിട്ട് അപേക്ഷിക്കാം. ശനി/ഞായർ ബാച്ചുകളും മോണിംഗ്/ഈവനിംഗ് ബാച്ചുകളും പാർട്-ടൈം/റെഗുലർ ബാച്ചുകളും ഓൺലൈനും ഓഫ്ലൈനും ചേർത്തുള്ള ഹൈബ്രിഡ് ബാച്ചുകളും വിദ്യാർഥികൾക്കായി ഇവിടെയുണ്ട്.

സ്വകാര്യ മേഖലയിലടക്കം ആകർഷകമായ പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകളാണ് കേരള സർക്കാരിന്റെ തുടർവിദ്യാഭ്യാസ പദ്ധതി മുഖേന ഇനി മുതൽ എറണാകുളം ഗവ. വിമൺസ് പോളിടെക്‌നിക് കോളേജിൽ ചുരുങ്ങിയ ചെലവിൽ പഠിക്കാൻ അവസരമൊരുക്കുന്നത്. ലോകത്താകമാനം ഏറ്റവുമധികം തൊഴിലവസരങ്ങളുള്ള ലോജിസ്റ്റിക്‌സ് ആൻഡ് ഷിപ്പിങ് മാനേജ്മെന്റ്, എയർപോർട്ട് മാനേജ്മെന്റ്, ഫിറ്റ്‌നസ് ട്രെയിനർ, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് പ്രൊഫഷണൽ ഡിപ്ലോമ സർട്ടിഫിക്കേഷൻ നേടാൻ സാധിക്കുക. കോഴ്‌സ് പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പും വ്യവസായ സ്ഥാപനങ്ങളിൽ തൊഴിൽ നേടാനുള്ള സൗകര്യങ്ങളും തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ഇപ്പോൾ ഡിപ്ലോമ, ഡിഗ്രി കോഴ്‌സുകൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കും മറ്റു ജോലികൾ ചെയ്യുന്നവർക്കും പ്രവേശനം തേടാനാവും. എസ്‌സി/ എസ്ടി/ ബിപിഎൽ/ എസ്ഇബിസി/ ഒഇസി വിഭാഗം വിദ്യാർഥികൾക്ക് നിശ്ചിത സീറ്റുകളിലേക്ക് നിബന്ധനകൾക്ക് വിധേയമായി അമ്പതു ശതമാനം ഫീസ് ഇളവ് നൽകും. കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേരള സർക്കാർ അംഗീകൃത പ്രൊഫഷണൽ ഡിപ്ലോമ സർട്ടിഫിക്കറ്റും കേന്ദ്ര സർക്കാരിനു കീഴിലുള്ള എൻ.എസ്.ഡി.സിയുടെ (നാഷണൽ സ്‌കിൽ ഡെവലപ്പ്‌മെന്റ് കോർപറേഷൻ) ദേശീയാംഗീകാരമുള്ള സർട്ടിഫിക്കറ്റും ലഭിക്കും.

വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.ccekcampus.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ സിസിഇകെ ക്യാമ്പസ് പ്രോഗ്രാമുകളുടെ ഹെൽപ്പ് ലൈൻ നമ്പറായ 6235525524-ൽ നേരിട്ട് വിളിക്കാം.

Author

Leave a Reply

Your email address will not be published. Required fields are marked *