കേരള നികുതി വസൂലാക്കൽ (ഭേദഗതി) ബിൽ സബ്ജറ്റ് കമ്മിറ്റി റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു

Spread the love

കേരള നികുതി വസൂലാക്കൽ (ഭേദഗതി) ബിൽ സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിയമസഭയിൽ സമർപ്പിച്ചു. 1968ൽ രൂപീകരിച്ച 87 സെക്ഷനുകൾ അടങ്ങിയ നിയമമാണ് പരിഷ്‌കരിച്ച് ജനോപകാരപ്രദമാക്കുന്നത്.

റവന്യു റിക്കവറി നടപടികൾക്ക് നിശ്ചിതകാലത്തേക്ക് നിബന്ധനകളോടെ മൊറട്ടോറിയം പ്രഖ്യാപിക്കാൻ സർക്കാരിന് അധികാരം നൽകുന്ന ഭേദഗതിയാണ് പരിഷ്‌കരണത്തിൽ പ്രധാനം. നേരത്തെ ഹൈക്കോടതി പരിഗണിച്ച കേസിൽ ആർആർ നടപടി സ്റ്റേ ചെയ്യാൻ സർക്കാരിന് അനുമതി ഇല്ലെന്ന് നിരീക്ഷിച്ചിരുന്നു. ഇതേ തുടർന്നാണ് നിയമ ഭേദഗതിയിൽ മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള അധികാരം ചേർത്തത്.

റവന്യു റിക്കവറി തുകയുടെ പലിശ നിരക്ക് നിലവിൽ 12 ശതമാനമാണ്. അത് ഒമ്പത് ആയി കുറച്ചു. സ്ഥാപനവും വ്യക്തിയും തമ്മിലുള്ള ബാധ്യത സംബന്ധിച്ച കരാറിലെ പലിശ നിരക്ക് ഒമ്പത് ശതമാനത്തിൽ കുറവാണെങ്കിൽ, ആ പലിശയേക്കാൾ കൂടുതൽ ഈടാക്കാനാവില്ല എന്നും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജപ്തി ചെയ്ത ജംഗമ വസ്തുക്കളുടെ വില്പന, ലേലം എന്നിവയിലും കാലാനുസൃതമായ ജനകീയ മാറ്റമാണ് നിയമത്തിൽ വരുത്തിയിരിക്കുന്നത്. സ്ഥാവര, ജംഗമ വസ്തുക്കളുടെ പൊതുലേലത്തിനൊപ്പം ഇ-ലേലവും ഉൾപ്പെടുത്തി. പത്രങ്ങൾക്കുപുറമെ ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റിലും നോട്ടീസ് പ്രസിദ്ധീകരിക്കാം.

മതിയായ തുകയ്ക്ക് ലേലം കൊള്ളാൻ ആളില്ലെങ്കിൽ സർക്കാരിലേക്ക് ലേലം കൊള്ളുന്ന വ്യവസ്ഥയാണ് നിലവിൽ. ഇതിൽ സർക്കാർ നോട്ടിഫൈ ചെയ്യുന്ന സ്ഥാപനങ്ങളുടെ പേർക്കും ലേലം ചെയ്യാം എന്നും ഉൾപ്പെടുത്തിയിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *