കേരള രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത നേതാവ്. നേതാക്കന്മാരുടെ നേതാവെന്നോ ഒരേയൊരു ലീഡറെന്നോ പറഞ്ഞാല്‍ ആര്‍ക്കാണ് തര്‍ക്കിക്കാന്‍ കഴിയുക. എല്ലാം ഓര്‍മകളാകുന്ന കാലത്ത് ദീപനാളമായി കേരളരാഷ്ട്രീയത്തില്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്ന കെ. കരുണാകരന് ഇന്ന് ജന്മവാര്‍ഷിക ദിനം. രാഷ്ട്രീയത്തിലെന്നപോലെ വ്യക്തിജീവിതത്തിലും സംശുദ്ധി പടര്‍ത്തിയ ആചാര്യന്‍. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ എക്കാലത്തേയും മാതൃകാപുരുഷനാണ് കെ. കരുണാകരനെന്ന് നിസംശയം പറയാം.
കേരളത്തിലെ എക്കാലത്തെയും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളും അദ്ദേഹം തന്നെയായിരുന്നു. ദീര്‍ഘവീക്ഷണത്തോടെ അദ്ദേഹം നടത്തി വന്ന പദ്ധതികള്‍ കേരളത്തെ പ്രകാശിതമാക്കിയത് കുറച്ചൊന്നുമല്ല. നവകേരളമെന്ന ആശയത്തെ ആദ്യമായി ഉയര്‍ത്തിപിടിച്ച നേതാവും അദ്ദേഹമായിരുന്നു. താഴേക്കിടയിലേക്ക് വികസനമെത്തണമെന്ന കാഴ്ച്ചപ്പാടോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചു വന്നത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ കീര്‍ത്തി ഇന്നും കേരളത്തില്‍ ആഞ്ഞടിക്കുന്നതും. ഏതു വിഷയത്തിലും നര്‍മം കണ്ടെത്തി അദ്ദേഹം സംസാരിക്കുമ്പോഴും സാധാരണക്കാരുടെ പ്രശ്‌നങ്ങളെ അതീവഗൗരവത്തോടെയാണ് നോക്കിക്കണ്ടത്. കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും കെ. കരുണാകരന്റെ ഈ സമീപനം ഗുണം ചെയ്തത് കുറച്ചൊന്നുമല്ല.
കേരളരാഷ്ട്രീയത്തിലെ അതികായനായി നിലകൊള്ളുമ്പോഴും യുവതലമുറയെ ചേര്‍ത്തുപിടിച്ച അദ്ദേഹത്തിന്റെ ശൈലി ഇന്നും അനുകരണീയമാണ്. അടുത്ത തലമുറയെ കൂടി സജ്ജമാക്കുമ്പോഴാണ് തന്റെ രാഷ്ട്രീപ്രവര്‍ത്തനം പരിപൂര്‍ണമാകുന്നതെന്ന് അദ്ദേഹം അടിയുറച്ചു വിശ്വസിച്ചു. ഇന്ന് കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ കരുത്തന്മാരത്രയും കെ. കരുണാകരന്റെ ശിഷ്യന്മാരാണെന്നത് അദ്ദേഹത്തിന്റെകൂടി നേട്ടമാണ്. എല്ലാവര്‍ക്കും ഇറങ്ങി പ്രവര്‍ത്തിക്കാനും തങ്ങളുടെതായ കഴിവുകള്‍ പ്രകടിപ്പിക്കാനും അദ്ദേഹം അവസരങ്ങള്‍ ഒരുക്കി നല്‍കി.
കോണ്‍ഗ്രസിന്റെ പ്രതിസന്ധിയുടെ കാലത്ത് ഇത്രമേല്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച മറ്റൊരു നേതാവില്ല. പ്രസ്ഥാനത്തെ കെട്ടിപ്പടുത്തുയര്‍ത്താന്‍ അദ്ദേഹം അക്കാലത്ത് കേരളം മുഴുവന്‍ സഞ്ചരിച്ചു. എല്ലാ വിഭാഗങ്ങളേയും ഒത്തുചേര്‍ത്തു പിടിച്ചു. മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ആശയപരമായി അകന്നു നില്‍ക്കുമ്പോഴും വ്യക്തിബന്ധം സൂക്ഷിച്ചു. ഖദറിന്റെ വെണ്മ ജീവിതത്തിലും പകര്‍ത്തിയ കേരളത്തിന്റെ സ്വന്തം ലീഡര്‍ക്ക് പ്രണാമം.