ഇംഗ്ലീഷ് അധ്യാപക നിയമനം.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 2024-2025 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് വിഷയത്തിന് പീരീഡ് അടിസ്ഥാനത്തിൽ തസ്തിക നിർണ്ണയം നടത്തി ആവശ്യമായി വരുന്ന അധിക എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികകൾ, താൽക്കാലികമായി സൃഷ്ടിച്ച് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് മന്ത്രിസഭായോഗം അനുമതി നൽകി
സർക്കാർ സ്‌കൂളുകളിൽ പ്രസ്തുത അധിക തസ്തികകളിൽ തസ്തികനഷ്ടം വരുന്ന എച്ച്.എസ്.ടി ഇംഗ്ലീഷ് അധ്യാപകരെ ക്രമീകരിച്ച ശേഷം ബാക്കിയുള്ള തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും.
എയ്ഡഡ് സ്‌കൂളുകളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ് അധികതസ്തികകളിൽ അതേ മാനേജ്‌മെന്റ്‌റിൽ തസ്തികനഷ്ടം വന്ന് പുറത്തുപോയവരെയും ചട്ടപ്രകാരമുള്ള അവകാശികളെയും കെ.ഇ.ആർ അധ്യായം XXI ചട്ടം 7(2) പ്രകാരം മറ്റ് സ്‌കൂളുകളിലെ സംരക്ഷിതാധ്യാപകരെയും പുനർ വിന്യസിച്ചതിനു ശേഷം മാത്രം ബാക്കിയുള്ളവയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നൽകും.
* യുപി ക്ലാസ് അനുവദിക്കും
വയനാട് ജില്ലയിൽ യു.പി.വിഭാഗം ഇല്ലാതെ പ്രവർത്തിച്ചു വരുന്ന ജി.എച്ച്.എസ്. അതിരാറ്റുകുന്ന്, ജി.എച്ച്.എസ്. വാളവയൽ, ജി.എച്ച്.എസ്. പുളിഞ്ഞാൽ എന്നീ മൂന്ന് സ്‌കൂളുകളിൽ 2024-25 വർഷത്തിൽ അഞ്ചാം ക്ലാസും തുടർ വർഷങ്ങളിൽ ആറ്, ഏഴ് ക്ലാസുകളും ആരംഭിക്കുന്നതിന് അനുമതി നൽകി. സംരക്ഷിത അദ്ധ്യാപകർ /എസ്.എസ്.കെ. വോളൻറിയർമാർ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തി ബ്രിഡ്ജ് കോഴ്സ് എന്ന നിലയിലാണിത്.
* പാട്ടത്തിന് നൽകും
തൃശ്ശൂർ ചാലക്കുടി തെക്കുമുറി വില്ലേജിൽ കെഎസ്‌ഐടിഐഎല്ലിൻറെ കൈവശമുള്ള 30 ഏക്കർ ഭൂമിയിൽ നിന്ന് 12 ഏക്കർ ഭൂമി കാർക്കിനോസ് ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനത്തിന് സെൻറർ ഫോർ ക്ലോംപ്ലക്‌സ് ക്യാൻസേഴ്‌സ് ആൻറ് ഇന്നവേഷൻ ഹബ്ബ് തുടങ്ങുന്നതിന് പാട്ടത്തിന് നൽകും. അഞ്ച് വർഷത്തിനുള്ളിൽ 300 കോടി രൂപയുടെ മൂലധന നിക്ഷേപവും നേരിട്ടുള്ള 300 തൊഴിലവസരങ്ങളും കാർക്കിനോസ് ലിമിറ്റഡ് ലഭ്യമാക്കുമെന്നാണ് ഒരു നിബന്ധന. ആദ്യ അഞ്ച് വർഷത്തെ പാട്ട തുക ഒഴിവാക്കിയും പിന്നീട് 1964ലെ ഭൂപതിവ് ചട്ടപ്രകാരമുള്ള നിരക്കിലും വ്യവസ്ഥകളോടെ 30 വർഷത്തേക്കാണ് പാട്ടത്തിന് നൽകുക.
തൃക്കാക്കര മുൻസിപ്പൽ സഹകരണ ആശുപത്രിക്ക് സമീപമുള്ള കാക്കനാട് വില്ലേജിലെ 16.19 ആർ സ്ഥലം തൃക്കാക്കര മുൻസിപ്പൽ സഹകരണ ആശുപത്രിക്ക് നിലവിലുള്ള കമ്പോള വിലയുടെ 2 ശതമാനം വാർഷിക പാട്ട നിരക്കിൽ 30 വർഷത്തേക്ക് പാട്ടത്തിന് അനുവദിക്കും. ആശുപത്രിക്ക് നിലവിൽ പാട്ടത്തിന് നൽകിയ ഭൂമിയിൽ പാട്ട കുടിശ്ശികയും മറ്റും ഈടാക്കുന്നത് സംബന്ധിച്ച വിഷയം പ്രത്യേകമായി പരിഗണിക്കും.
* സാധൂകരിച്ചുസംസ്ഥാന ചലചിത്ര വികസന കോർപ്പറേഷനിലെ 152 സ്ഥിരം ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്‌ക്കരണം അനുവദിച്ച നടപടി സാധൂകരിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ലാൻഡ് കൺസർവൻസി യൂണിറ്റിലെ ആറ് തസ്തികകൾക്ക് 01.04.2024 മുതൽ 31.03.2025 വരെയുള്ള കാലയളവിലേക്ക് തുടർച്ചാനുമതി നൽകിയ ഉത്തരവ് സാധൂകരിച്ചു.
* മുദ്രവിലയിൽ ഇളവ്എറണാകുളം രായമംഗലം വില്ലേജിൽ പുല്ലുവഴിയിൽ പ്രവർത്തിച്ചു വരുന്ന ഋഷികുലം ചാരിറ്റബിൾ ട്രസ്റ്റ് ദാനമായി നൽകുന്ന 99.34 ആർ പുരയിടവും അതിൽ സ്ഥിതി ചെയ്യുന്ന ശാരദാ ദേവി ക്ഷേത്രം, വീട്, ഓഫീസ് കെട്ടിടം മുതലായവയും വർക്കല ശിവഗിരി മഠത്തിൻറെ പേരിൽ ദാനാധാരമായി രജിസ്റ്റർ ചെയ്യുന്നതിന് മുദ്രവില, രജിസ്‌ട്രേഷൻ ഫീസ് ഇനങ്ങളിൽ വരുന്ന തുക പൂണമായി ഇളവ് ചെയ്ത് നൽകും.