ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടികൾ വകുപ്പുകൾ സ്വീകരിക്കണം : മുഖ്യമന്ത്രി

Spread the love

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടികൾ അതത് വകുപ്പുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓറഞ്ച് ബുക്കിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ചേർന്ന യോഗത്തിലാണ് തീരുമാനം.

മഴക്കാല മുന്നൊരുക്ക യോഗത്തിൻറെ തീരുമാനപ്രകാരം ഇതിനകം നടപ്പാക്കിയ പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ അവലോകനം ചെയ്യണം. ജില്ലാ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരണം. ദുരന്ത സാധ്യതകൂടുതലുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിഭവസമാഹരണ കേന്ദ്രങ്ങൾ സജ്ജീകരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. കെട്ടിടം കണ്ടെത്തുകയും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ ഉറപ്പാക്കുകയും വേണം. മഴമുലം അപകടമുണ്ടായാൽ നടത്തേണ്ട തയ്യാറെടുപ്പ് മുൻകൂട്ടി തീരുമാനിക്കണം.

ദുരിതബാധിതരെ താമസിപ്പിക്കാനായി സംഘടിപ്പിക്കുന്ന ക്യാംപുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. മലവെള്ളപ്പാച്ചിൽ സംഭവിക്കാൻ ഇടയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുകയും വേണം. സ്‌കൂളുകളുടെ ചുറ്റുമതിൽ, മേൽക്കൂര, സമീപത്തുള്ള മരങ്ങൾ എന്നിവ അപകടാവസ്ഥയിൽ അല്ലെന്ന് ഉറപ്പാക്കണം. ദുരന്തഘട്ടങ്ങളിൽ ആശുപത്രികളുടെ പ്രവർത്തനം സുഗമമാക്കണം.

സ്വകാര്യ ആശുപത്രികളെക്കൂടി ദുരന്തനിവാരണ പ്ലാനിൻറെ ഭാഗമാക്കണം. സാംക്രമിക രോഗങ്ങൾ തടയാൻ നടപടി ത്വരിതപ്പെടുത്തണം. ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കണം, വെള്ളം ക്ലോറിനേറ്റ് ചെയ്യാനും ശ്രദ്ധിക്കണം. പാമ്പ് കടി കൂടുതലാകൻ സാധ്യതയുള്ളതിനാൽ ആവശ്യമായ പ്രതിരോധ മരുന്നുകൾ ആശുപത്രികളിൽ സജീകരിക്കണം. പാമ്പ് കടിക്ക് ചികിത്സ ലഭ്യമാകുന്ന ആശുപത്രികളുടെ പട്ടിക പ്രസിദ്ധീകരിക്കണം.

Author

Leave a Reply

Your email address will not be published. Required fields are marked *